ADVERTISEMENT

കൊല്ലം ∙ ഓണക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് അക്കാര്യം പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പൊലീസിനെ അറിയിക്കാം. ഇതിലൂടെ പരമാവധി 14 ദിവസത്തേക്ക് വരെ നിങ്ങളുടെ വീടും പരിസരവും പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഓണക്കാലത്തെ അവധിയിൽ കുടുംബ വീടുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നവർക്ക് സുരക്ഷിതമായി വീട് പൂട്ടി യാത്ര പോകാനുള്ള അവസരമാണ് ഒരു ആപ്പിലൂടെ കേരള പൊലീസ് ഒരുക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ (POL) ആപ്പ് വഴിയാണ് സേവനം നൽകുന്നത്.

പോൽ ആപ്പിലെ ലോക്ഡ് ഹൗസ് ഇൻഫർമേഷൻ (Locked House Information) എന്ന സൗകര്യം വിനിയോഗിച്ചു കൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കേണ്ടത്. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്ര പോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.

ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയാണ് നിരീക്ഷണം നടത്തുന്നതെന്നും ഒട്ടേറെ പേർ ഇപ്പോൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും കൊല്ലം എസിപി എസ്.ഷെരീഫ് പറഞ്ഞു. എന്തെങ്കിലും അപകടത്തിൽ പെട്ടാൽ ആപ്പിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിൽക്കുന്ന സ്ഥലത്തിന്റെ കൃത്യമായ ലൊക്കേഷൻ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും. ആപ്പിൽ ഉപഭോക്താവിന് 3 എമർജൻസി നമ്പറുകൾ നൽകാൻ കഴിയുന്നതിനാൽ ഇവരിലേക്കും ഉപഭോക്താവ് അപകടത്തിലാണ് എന്ന സന്ദേശം എത്തും. അടുത്തുള്ള പൊലീസ് സ്റ്റേഷൻ മനസ്സിലാക്കാനും ഉദ്യോഗസ്ഥരുടെ നമ്പർ ലഭിക്കാനുമെല്ലാം പോൽ ആപ്പ് ഉപയോഗിക്കാം. 

വീടുകളിൽ ആളില്ലെന്ന് കണ്ട് മോഷണം പതിവാകുന്ന ഘട്ടത്തിലാണ് പൊലീസ് മാസങ്ങൾക്ക് മുൻപ് പുതിയ സംവിധാനം ഒരുക്കിയത്. താൽക്കാലികമായി താമസക്കാർ ഇല്ലാത്ത വീടുകളിലാണ് മിക്ക സമയത്തും മോഷണം നടക്കുന്നത്. പകലിലും രാത്രിയിലും മോഷണം നടക്കാം. പുറത്തു പോകുമ്പോൾ വീടിന്റെ ജനാലകളും വാതിലുകളും അടച്ചിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. വീട്ടിൽ നിങ്ങളില്ലെങ്കിൽ അയൽവാസികളെ അറിയിക്കുക. വലിയ അളവിലുള്ള പണമോ ആഭരണങ്ങളോ വീട്ടിൽ സൂക്ഷിക്കാതിരിക്കുക, സന്ദർശകനെ തിരിച്ചറിഞ്ഞ് മാത്രം വാതിൽ തുറക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

English Summary:

The Kollam Police are offering a convenient solution for residents traveling during Onam. Through their "POL" mobile app, you can now request special surveillance for your home for up to 14 days, ensuring peace of mind while you enjoy the festivities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com