ADVERTISEMENT

കൊല്ലം ∙ കൊല്ലത്തിന്റെ വാക്കുകളിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ  ഓർമകൾ ജ്വലിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി  ആസ്ഥാനമായ എകെജി ഭവനിൽ നിന്നുള്ള  തൽസമയ ദൃശ്യങ്ങൾ സ്ക്രീനിൽ നിറയെ. അതിന് മുന്നിൽ നിന്നു നേതാക്കൾ യച്ചൂരിയെ അനുസ്മരിച്ചു. പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന യച്ചൂരി സ്മൃതിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കൾ പങ്കെടുത്തു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ആയിരിക്കെ, 1998 ൽ സീതാറാം യച്ചൂരിയോടൊപ്പം  ചൈനയിൽ സന്ദർശനം നടത്തിയ ഓർമകൾ പങ്കുവച്ചു , മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ  ആണ് യച്ചൂരി സ്മൃതിക്ക് തുടക്കമിട്ടത്.

ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ രാജ്യാന്തര വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കുന്നത് മുതൽ യാത്രാ സംഘത്തിലെ ഓരോ അംഗത്തിന്റെയും ക്ഷേമകാര്യങ്ങൾ വരെ തിരക്കുന്ന, എല്ലാവർക്കും സ്വീകാര്യനായ യച്ചൂരിയുടെ ഓർമയാണ്  ഗുരുദാസൻ പങ്കുവച്ചത്. തികഞ്ഞ വിപ്ലവകാരിയായ അദ്ദേഹം സരസനും നല്ല നർമബോധവും ലളിതമായ ഭാഷയിൽ ആശയ വ്യക്തതയോടെ വിഷയങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന നേതാവായിരുന്നു എന്നു ഗുരുദാസൻ പറഞ്ഞു. 

ചില മനുഷ്യർ വേർപെട്ടു പോകുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ഉണ്ടാകുമെന്നും അതുപോലെ ഒരു വിഷമമാണ് താൻ അനുഭവിക്കുന്നതെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. വ്യക്തിപരമായി താൻ ആരാധിച്ചിരുന്ന നേതാക്കളിൽ ഒരാളാണ് യച്ചൂരി. രണ്ടു തവണ മാത്രമേ യച്ചൂരിയെ നേരിട്ടു കണ്ടിട്ടുള്ളു. ആർഎസ്പി ദേശീയ സമ്മേളനങ്ങളിലെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രണ്ടു തവണയും. വല്ലാത്തൊരു മാസ്മരികത അദ്ദേഹത്തിനുണ്ടായിരുന്നു. ലളിതമായ ഭാഷയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന് നല്ല നർമബോധം ഉണ്ടായിരുന്നു.

സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനത്തിന് ആകെ അദ്ദേഹത്തിന്റെ വേർപാട് നഷ്ടമാണെന്ന് ഷിബു ബേബിജോൺ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും യച്ചൂരിയുടെ വേർപാട് കനത്ത നഷ്ടമാണെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിനു വലിയ നഷ്ടമാണ് ഉണ്ടായതെന്ന് യുടിയുസി ജനറൽ സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. കാലഘട്ടത്തിന്റെ ചുമതല നിർവഹിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത നേതാവ് സീതാറാം യച്ചൂരി എന്ന് സിഎസ്ഐ സഭ കൊല്ലം–കൊട്ടാരക്കര ഇടവക സെക്രട്ടറി. റവ. ജോസ് ജോർജ് പറഞ്ഞു.

കെ.വരദരാജൻ അധ്യക്ഷനായി. എം.നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, എംഇഎസ് മുൻ ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ.ലബ്ബ, കെഡിഎഫ് ചെയർമാൻ പി.രാമഭദ്രൻ, ടികെഎം ട്രസ്റ്റ് ട്രഷറർ ടി.െക ജലാലുദ്ദീൻ മുസല്യാർ, കേരള കോൺഗ്രസ് നേതാവ് ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, കടവൂർ ചന്ദ്രൻ (ജെഎസ്എസ്), സവാദ് (മുസ്‌ലീംലീഗ്), ഷറഫുദീൻ, സി.കെ.ഗോപി (ജനതാദൾ), ഫാ. റൊമാൻസ് ആന്റണി, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എക്സ്. ഏണസ്റ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

A moving memorial event was held in Kollam, Kerala, honoring the legacy of CPM General Secretary Sitaram Yechury. Leaders like P.K. Gurudasan shared personal anecdotes, creating a powerful tribute viewed by many through live visuals from AKG Bhavan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com