ADVERTISEMENT

പരവൂർ∙ നഗരസഭയിൽ നിന്ന് പൂതക്കുളം പഞ്ചായത്തിലേക്കുള്ള പാത തകർന്നിട്ട് 10 വർഷമായിടും ടാറിങ്ങിന് നടപടിയില്ല. കൂനയിൽ എൽപി സ്കൂൾ-ചരുവിള ക്ഷേത്രം റോഡാണ് തകർന്നത്. പരവൂർ നഗരസഭയുടെയും പൂതക്കുളം പഞ്ചായത്തിന്റെയും അതിർത്തിയായതിനാൽ ടെൻഡർ നടപടി പൂർത്തീകരിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് ടാറിങ് വൈകാൻ പ്രധാന കാരണമായി പറയുന്നത്. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്.

ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. ആദ്യ കാലത്ത് പരവൂർ നഗരസഭയാണ് റോഡിന്റെ പരിപാലനം നടത്തിയിരുന്നത്. പഞ്ചായത്ത് അതിർത്തി പ്രശ്നം ഉന്നയിച്ചതോടെ കൂനയിൽ നിന്നുള്ള കുറച്ചു ദൂരം മാത്രം നഗരസഭയും ബാക്കി പൂതക്കുളം പഞ്ചായത്തും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുമാണ് പരിപാലിച്ചിരുന്നത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 8 ലക്ഷം രൂപ ഉപയോഗിച്ചു വർഷങ്ങൾക്ക് മുൻപ് നെൽവയലിന് കുറുകെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുകയും ടാറിങ് നടത്തിയതുമാണ് അവസാനമായി നടത്തിയ നവീകരണം . 

നഗരസഭയും പഞ്ചായത്തും റോഡ് ഉപേക്ഷിച്ചതോടെ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് റോഡ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. റോഡിനായി ഫിഷറീസ് വകയിരുത്തിയ 10 ലക്ഷം രൂപ നഗരസഭയിലേക്ക് നൽകിയതായാണ് എംഎൽഎ പറയുന്നത്. റോഡ് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് നിലവിൽ സഞ്ചാരയോഗ്യമായിട്ടുള്ളത്. ചരുവിള ക്ഷേത്രത്തിനു സമീപം നാട്ടുകാരും പഞ്ചായത്തംഗവും ചേർന്നു റോഡിലെ കുഴിയിൽ മണ്ണിട്ടു നികത്തി താൽക്കാലിക പരിഹാരത്തിനു ശ്രമിച്ചെങ്കിലും മഴയിൽ റോഡ് വീണ്ടും പഴയപടിയായി. 

പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട്, മാടൻനട പ്രദേശങ്ങളെ പരവൂർ നഗര കേന്ദ്രവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നാട്ടുകാർ ഒട്ടേറെ തവണ പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. കൂനയിൽ എൽപിഎസ്, ഐശ്വര്യ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികളും സ്കൂൾ ബസുകളും പ്രധാനമായും ഉപയോഗിക്കുന്ന പാതയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കലയ്ക്കോട് മാടൻനട, ലിറ്റിൽ ഫ്ലവർ ചർച്ച് എന്നിവിടങ്ങളിലേക്കും പോകുന്നവരും പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

English Summary:

A decade-long struggle for road repair plagues residents near the Poothakulam Panchayat and Paravur Municipality border, affecting access to Konnayil LP School and Charuvila Temple. Bureaucratic hurdles stall progress, leaving the community in need.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com