ADVERTISEMENT

കൊട്ടാരക്കര∙വിരമിച്ച സൈനികനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയും ഡ്രൈവറെയും പിടികൂടാൻ കുണ്ടറ പൊലീസിന് കഴിഞ്ഞില്ല. ഹൈക്കോടതി നിർദേശ പ്രകാരം കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന് ഏഴര വർഷത്തിന് ശേഷം ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ചെന്നൈ ‍ റെഡ്ഹിൽ പാടിനല്ലൂർ സ്വദേശി എം.വിജയകുമാറിനെ (42) ആന്ധ്ര തമിഴ്നാട് അതിർത്തിയായ റെഡ്ഹില്ലിൽ നിന്നും പിടികൂടുകയായിരുന്നു. കുണ്ടറ കേരളപുരത്ത് 2017 മാർച്ചിലായിരുന്നു സംഭവം.


എം.വിജയ
കുമാർ
എം.വിജയ കുമാർ

റിട്ട. ആർമി ഉദ്യോഗസ്ഥൻ ശിവദാസൻ നായർ കൊല്ലത്തു നിന്ന് വീട്ടിലേക്ക് വരുമ്പോൾ  കേരളപുരം ജംക്‌ഷനിൽ വച്ച്  കൊല്ലത്തേക്ക് പോയ ലോറി ഇടിക്കുകയായിരുന്നു. വലതു തുടയിലും തലയിലും പരുക്കേറ്റ ശിവദാസനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ  വാഹനത്തെക്കുറിച്ച്  വിവരം ലഭിച്ചെങ്കിലും പിടികൂടാനായില്ല. ‌

ഡ്രൈവർ പരുക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ച ശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് ആന്ധ്രപ്രദേശിലെ നെല്ലൂരിലും മറ്റും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശിവദാസൻ ‌ഹൈക്കോടതിയിൽ  ഹർജി നൽകി.  ഉടൻ വാഹനം പിടികൂടണമെന്നും ഡ്രൈവറെ കണ്ടെത്തണമെന്നും ഉത്തരവിട്ട കോടതി  തുടരന്വേഷണം കൊല്ലം റൂറൽ എസ്പിയെ ഏൽപ്പിക്കുകയായിരുന്നു.കൊല്ലം റൂറൽ എസ്പി കെ.എം.സാബുമാത്യുവിന്റെ നിർദേശമനുസരിച്ച് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് അന്വേഷണം ഏറ്റെടുത്തു. 

ആന്ധ്രയിൽ നിന്നു കേരളത്തിലേക്ക് അരി എത്തിക്കുന്ന ഇരുപതോളം ലോറികളുള്ള ആളുടെ നാഷനൽ പെർമിറ്റ് ലോറിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടക്കേസിൽ പ്രതിയായ വിജയകുമാർ പിന്നീട് ഈ ലോറി വാങ്ങി തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ സർവീസ് നടത്തുകയായിരുന്നു.    സംഭവത്തിന് ശേഷം കേരളത്തിലേക്ക് അരിയുമായി ലോറി എത്തിയിട്ടില്ല. റജിസ്ട്രേഷൻ പുതുക്കാൻ സമർപ്പിച്ച മൊബൈൽ നമ്പരാണ് പ്രതിയിലേക്കുള്ള സൂചന നൽകിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് തമിഴ്നാട്- ആന്ധ്ര അതിർത്തിയിൽ ക്രൈംബ്രാഞ്ച് എസ്ഐ ബി.ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.ഷാജു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് വിജയകുമാർ അറസ്റ്റിലായത്.

English Summary:

In a remarkable turn of events, the Kollam Rural Crime Branch successfully apprehended a lorry driver who was involved in a hit-and-run case seven and a half years ago. The driver had hit and killed a retired soldier in Kundara, leaving the initial investigation by the local police fruitless.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com