ADVERTISEMENT

കൊല്ലം∙ നോൺ–സബേർബൻ ഗ്രൂപ്പ് 2 (എൻഎസ്ജി–2) വിഭാഗത്തിലേക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ മാറിയതോടെ കൂടുതൽ വികസനങ്ങൾക്കു വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉണർന്നു. 2023–24 വർഷം 103.07 കോടി രൂപ വരുമാനം ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ വിഭാഗത്തിലേക്ക് സ്റ്റേഷൻ ഉയർന്നത്. എൻഎസ്ജി–3 വിഭാഗത്തിലായിരുന്നു സ്റ്റേഷനിൽ ഏകദേശം 350 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൂടാതെ, ജില്ലയിലെ പ്രമുഖ സ്റ്റേഷനുകളിലൊന്നായ കരുനാഗപ്പള്ളിയും എൻഎസ്ജി–4 വിഭാഗത്തിൽ എത്തിയിട്ടുണ്ട്. 

കൊല്ലം സ്റ്റേഷനിൽ നിന്നു കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിദിനം ശരാശരി 23000 യാത്രക്കാർ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 82.75 ലക്ഷം യാത്രക്കാരാണ് ഇവിടെ നിന്നു യാത്ര പുറപ്പെട്ടത്. കോവിഡ് കാലത്ത് വരുമാനത്തിൽ ഗണ്യമായ കുറവ് നേരിട്ടെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ നടത്തിയ കുതിച്ചുചാട്ടമാണ് സ്റ്റേഷന്റെ പദവി ഉയർത്തിയത്. 

നിലവിൽ എയർ കോൺകോഴ്സ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ നിർമാണ പ്രവർത്തനങ്ങൾ 2025ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ബഹുനില പാർക്കിങ് സൗകര്യം ഉൾപ്പെടെയാണു വികസനം. കൂടാതെ, യാത്രക്കാർക്കുള്ള സൗകര്യങ്ങളും മെച്ചപ്പെടും. വിമാനത്താവളങ്ങളിലേതിനു സമാനമായ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ വിഭാഗത്തിലേക്ക് എത്തുന്നതോടെ യാത്രക്കാർക്കുള്ള സൗകര്യങ്ങളും മറ്റ് വികസന പ്രവർത്തനങ്ങളും മെച്ചപ്പെട്ടേക്കും. 

163 ട്രെയിൻ സർവീസുകളാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. കൂടാതെ, കൊല്ലത്തു നിന്നു പുറപ്പെടുന്ന 4 ദീർഘദൂര സർവീസുകളുമുണ്ട്. കൊല്ലം–തിരുപ്പതി, കൊല്ലം–വിശാഖപട്ടണം, കൊല്ലം–ചെന്നൈ എഗ്മൂർ, കൊല്ലം–തിരുവനന്തപുരം–ചെന്നൈ എന്നിവയാണ് ആ ട്രെയിവനുകൾ. മണ്ഡല–മകര വിളക്ക് കാലത്ത് ഓടുന്ന സ്പെഷൽ ട്രെയിനുകളും വിശേഷാവസരങ്ങളിൽ ഓടിക്കുന്ന സ്പെഷലുകളും കൊല്ലം കേന്ദ്രീകരിച്ചാണ് ഓടിക്കുന്നത്. 

10 അധികം കോച്ചുകളുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സൗകര്യമുള്ള മെമു ഷെഡും നിലവിലുണ്ട്. ഏകദേശം 47 കോടി രൂപ ചെലവിൽ മെമു ഷെഡിന്റെ വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൊല്ലത്തിനു പുറമേ, എറണാകുളം ടൗൺ, പാലക്കാട് ജംക്‌ഷൻ, കണ്ണൂർ സ്റ്റേഷനുകളാണ് എൻഎസ്ജി–2 വിഭാഗത്തിലേക്കു ഉയരുന്നത്. 

വികസന ട്രാക്കിൽ കരുനാഗപ്പള്ളിയും
എൻഎസ്ജി–5 വിഭാഗത്തിൽ നിന്നാണ് എൻഎസ്ജി–4 വിഭാഗത്തിലേക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഉയരുന്നത്. 2023-24 വർഷം 9.82 കോടി രൂപയായിരുന്നു വരുമാനം. 10 ലക്ഷത്തിൽ അധികം പേർ കരുനാഗപ്പള്ളിയിൽ നിന്നു യാത്ര ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. 2022–23ൽ 7.73 കോടി രൂപ വരുമാനവും 8.05 ലക്ഷം പേർ യാത്ര ചെയ്തെന്നുമാണ് കണക്ക്. എൻഎസ്ജി5 വിഭാഗത്തിൽ നിലവിൽ നിർമാണ പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിയിൽ നടക്കുന്നുണ്ട്. എൻഎസ്ജി–4 വിഭാഗത്തിൽ യാത്രക്കാർക്കുള്ള കൂടുതൽ സൗകര്യങ്ങൾ എത്തിയേക്കും.

കൊല്ലം റെയിൽവേ സ്റ്റേഷനിലെ വാർഷിക വരുമാനം
∙ 2023–24 : 103.07 കോടി രൂപ (വർധന 18.23 കോടി)
∙ 2022–23 : 84.83 കോടി രൂപ (41.48 കോടി)
∙ 2021–22 : 43.35 കോടി രൂപ (29.79 കോടി)
∙ 2020–21 : 13.56 കോടി രൂപ (54.65 കോടി കുറവ്)
∙ 2019–20 : 68.21 കോടി രൂപ (70 ലക്ഷം വർധന)

English Summary:

The Kollam Railway Station has been reclassified as a Non-Suburban Group 2 (NSG-2) station after generating over Rs 100 crore in revenue. This upgrade paves the way for enhanced infrastructure development and improved passenger amenities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com