ADVERTISEMENT

ശാസ്താംകോട്ട ∙ ഡിബി കോളജിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. ബോക്സിങ് താരവും രണ്ടാം വർഷ ബിരുദ വിദ്യാർഥിയുമായ പടിഞ്ഞാറേകല്ലട ഐത്തോട്ടുവ പൗർണമിയിൽ വിജയ് അർജുൻ (19) നട്ടെല്ല് പൊട്ടിയ നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 12നു കോളജിലെ ആഘോഷം കഴിഞ്ഞ് വിദ്യാർഥികൾ പോകുന്നതിനിടെ ശാസ്താംകോട്ട ജംക്‌ഷനിൽ നടന്ന സംഘർഷത്തെ തുടർന്നു പൊലീസ് ലാത്തി വീശി. 

ഓടിമാറാൻ ശ്രമിച്ച അർജുനെ ഉൾപ്പെടെ 5 പേരെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് മാതാവ് ജയകുമാരി സ്റ്റേഷനിൽ എത്തി മകനെ പറ്റി അന്വേഷിക്കുന്നതിനിടെ അകത്തെ മുറിയിൽ അർജുൻ ക്രൂരമായ മർദനത്തിന് ഇരയായെന്നും താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒന്നും പറയരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. രാത്രി ഒൻപതരയോടെ വിട്ടയച്ചു. 

ഗുരുതരമായി ശാരീരിക അസ്വസ്ഥതകളെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നട്ടെല്ലിനു പൊട്ടലുണ്ടായതായി കണ്ടെത്തിയത്. നവംബറിൽ നടക്കുന്ന കേരള സർവകലാശാല ബോക്സിങ് മത്സരത്തിനു വേണ്ടിയുള്ള തയാറെടുപ്പിൽ ആയിരുന്നുവെന്നും ഒരു മാസം വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചെന്നും തന്റെ കായിക സ്വപ്നങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണെന്നും    അർജുൻ പറഞ്ഞു. 

മകനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റൂറൽ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകി. എന്നാൽ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉയരമുള്ള കെട്ടിടത്തിൽ നിന്നു വിദ്യാർഥി ചാടിയതിനെത്തുടർന്നുള്ള പ്രശ്നമാണെന്നും മർദിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

English Summary:

19-year-old student and boxing star Vijay Arjun suffered a spinal fracture after allegedly being beaten by Sasthamcotta police following a clash during Onam celebrations at DB College. Arjun's family claims police brutality and demands action while police deny the allegations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com