ADVERTISEMENT

കൊല്ലം∙  പുതിയ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും കല്ലുംതാഴം ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് കുറവില്ല. ഇതോടെ 2 ദിവസം പ്രവർത്തിപ്പിച്ച സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. 

കരാർ കമ്പനിയുടെ തൊഴിലാളികളും പൊലീസുമാണ് ഇപ്പോൾ ഗതാഗതം നിയന്ത്രിക്കുന്നത്. ദേശീയ പാതയിൽ കല്ലുതാഴം ജംക്‌ഷനിൽ ബൈപാസ് റോഡിലെ മേൽപാലത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടത്തി വിട്ടതിനൊപ്പം സർവീസ് റോഡുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ  സ്ഥാപിച്ചത്. ദേശീയപാത 744 ഭാഗത്ത് നിന്നും വരുന്ന(കടപ്പാക്കട–കരിക്കോട് റോഡ്) വാഹനങ്ങൾക്ക് കടന്ന് പോകാനായി 30 സെക്കൻഡും എൻഎച്ച് 66(ബൈപാസ് റോഡ്) വഴി വരുന്ന വാഹനങ്ങൾ കടന്നു പോകാനായി 20 സെക്കൻഡുമാണ് പുതിയ സിഗ്നൽ സംവിധാനത്തിൽ ആദ്യ ദിനത്തിൽ ക്രമീകരിച്ചിരുന്നത്. 

  എന്നാൽ രാവിലെയും വൈകിട്ടും വാഹനപ്പെരുപ്പവും ഗതാഗത കുരുക്കും രൂക്ഷമായതോടെ ഈ സമയം യഥാക്രമം 23 സെക്കൻഡും 19 സെക്കൻഡുമായി പുനഃക്രമീകരിച്ചു. എന്നിട്ടും കുരുക്ക് ഒഴിഞ്ഞില്ല. തുടർന്ന് രാവിലെയും വൈകിട്ടും സിഗ്നൽ പ്രവർത്തിപ്പിക്കുന്നത് നിർത്തി വയ്ക്കുകയായിരുന്നു. ദേശീയ പാതകൾ സംഗമിക്കുന്ന പ്രധാന ജംക്‌ഷനാണ് കല്ലുംതാഴം. ഇരു റോഡിലും വലിയ എപ്പോഴും വാഹന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ ദേശീയപാത വഴി വന്ന 2 ആംബുലൻസുകൾ ഏറെ നേരം കുരുക്കിൽപ്പെട്ടു. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ച വേളയിൽ പാലത്തിന് അടിയിലൂടെ ദേശീയ പാത 744 വഴി ഇരു ഭാഗത്തേക്കും ഒരേ രീതിയിലാണ് വാഹനങ്ങൾ കടത്തി വിട്ടത്.

 സിഗ്നൽ സംവിധാനം നിർത്തിയതോടെ കരിക്കോട് നിന്നും വരുന്ന വാഹനങ്ങൾ കൊല്ലത്തേക്കു പോകാൻ ജംക്‌ഷനിൽ എത്തി ബൈപാസ് റോഡിലേക്കു കയറി അയത്തിൽ ഭാഗത്തേക്ക് തിരിഞ്ഞ ശേഷം യുടേൺ തിരിഞ്ഞ് ജംക്‌ഷനിൽ തിരിച്ച് എത്തി കൊല്ലത്തേക്കു പോകുന്ന രീതിയിലേക്ക് മാറ്റി. 

English Summary:

The newly installed traffic signal lights at Kallumthazham Junction in Kollam have failed to alleviate the persistent traffic congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com