ADVERTISEMENT

കൊല്ലം ∙പേരൂർ സഹകരണ ബാങ്കിലെ പണം തിരിമറിയുമായി ബന്ധപ്പെട്ട് 3 പേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ അറ്റൻഡറായിരുന്ന തട്ടാർകോണം തുണ്ടുവിള തെക്കതിൽ സജീവ് (43), സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന പേരൂർ തോട്ടിൻകര വീട്ടിൽ എം.സുരലാൽ (66), ബാങ്കിലെ ഇന്റേണൽ ഒ‍ാഡിറ്ററായി ജോലി നോക്കിയിരുന്ന തട്ടാമല ഗീതാഞ്ജലിലയിൽ ആർ.കിരൺ (46) എന്നിവരാണ് അറസ്റ്റിലായത്. ബാങ്കിലെ തിരിമറിക്കെതിരെ സഹകരണ ഒ‍ാഡിറ്റ് ജോയിന്റ് ഡയറക്ടർ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കിളികൊല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ 3 പ്രതികൾക്കു പുറമേ സംഘത്തിലെ സെക്രട്ടറി, പ്രസിഡന്റ്, 8 ഭരണസമിതി അംഗങ്ങൾ എന്നിവരും പ്രതികളായിരുന്നു. ഇവർക്കു നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു. 2020 – 21 കാലഘട്ടത്തിൽ അറ്റൻഡർ തസ്തികയിൽ ജോലി നോക്കി വന്നിരുന്ന ഒന്നാം പ്രതിയെ ചട്ടവിരുദ്ധമായി 2015 ജനുവരി 17 മുതൽ അംഗമാക്കി നിയമവിരുദ്ധമായി ഡിപോസിറ്റ് സ്കീമിൽ ചേർത്തും 2ാം പ്രതി സ്വയം തീരുമാനത്താൽ ഒരു അംഗത്തിനു കടം കൊള്ളാവുന്ന പരമാവധി തുകയിൽ അധികമായി ലേല തുക അനുവദിച്ചും ബാങ്കിൽ കുടിശിക ഉള്ള ഒട്ടേറെ പേർക്ക് ലോണുകൾ നൽകിയും കുടിശികയുള്ള ബാങ്കിലെ അംഗങ്ങൾക്കു വീണ്ടും ശമ്പള സർട്ടിഫിക്കറ്റ് നൽകി ലോണെടുത്തും ആണു തിരിമറി നടത്തിയത്.

സ്വർണം ഉരുപ്പടികളുടെ ജാമ്യത്തിൽ ഒരാൾക്കു കടം കൊള്ളാവുന്ന പരമാവധി തുകയായ 5 ലക്ഷത്തിൽ അധികമായി വായ്പ നൽകിയും ഭരണവിഭാഗത്തിന്റെ അനുമതി ലഭിക്കാതെ സേവിങ്സ് സ്കീമുകൾ നടത്തുകയും വഴി ബാങ്കിന് 24.79 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ഒ‍ാഡിറ്റ് ഒ‍ാഫിസിലെ ജൂനിയർ ഓഡിറ്ററായ വി.ആർ.ബീനയുടെ സ്പെഷൽ റിപ്പോർട്ടിലാണു തിരിമറിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്. ഒന്നും രണ്ടും മൂന്നും പ്രതികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത്, എഎസ്ഐ സന്തോഷ്, സിപിഒ ശ്യാം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊല്ലം എസിപി എസ്.ഷെരീഫ് അറിയിച്ചു.

English Summary:

This article details the arrest of three individuals in Kollam, Kerala, for their alleged involvement in the embezzlement of funds from the Peroor Cooperative Bank. The fraud, which involved illegal loans, unauthorized savings schemes, and other financial irregularities, was uncovered through a cooperative audit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com