ലോക് ഡൗണിൽ ചേക്കേറാൻ ഏറുമാടം
Mail This Article
അടിവാരം ∙ മീനച്ചിലാറ്റിൽ വളർന്ന ഇലിപ്പ മരത്തിനു മുകളിൽ ഏറുമാടം തയാറാക്കി യുവാക്കൾ. വാഴയിൽ കുട്ടിച്ചന്റെ നേതൃത്വത്തിൽ എട്ടോളം ചെറുപ്പക്കാർ ചേർന്നാണ് ഏറുമാടത്തിന് ആശയമിട്ടത്. ശിഖരങ്ങൾക്കിടെ കവുങ്ങിന്റെ തടി വിലങ്ങനെ ചേർത്തുകെട്ടി പ്ലാറ്റ്ഫോം തയാറാക്കി. മഴ നനയാതെ പനയോല കൊണ്ടു മേൽക്കൂരയും ചവിട്ടിക്കയറാൻ മുളകൊണ്ട ഗോവണിയും തീർത്തു.ജിതിൻ, ജോഷി, അംബരീഷ്, രാഹുൽ, നിതിൻ, ജയോൺ, സെബിൻ, ടോം എന്നിവർ ചേർന്നാണ് ഏറുമാടം തയാറാക്കിയത്.
ആറ്റുവെള്ളത്തിന്റെ തണുപ്പും കിളികളുടെയും വെള്ളമൊഴുക്കിന്റെയും ശബ്ദവും ചേർന്ന അന്തരീക്ഷമുള്ള ഇവിടം ആരുടെയും മനസ്സ് കുളിർപ്പിക്കും. അധികം ആളെത്താത്ത വനസദൃശ്യമായ മേഖലയാണ്. കുന്തിരിക്കം, കമ്പകം, മുള, ആറ്റുവഞ്ചി തുടങ്ങിയ വൃക്ഷങ്ങളും ഇവിടെയുണ്ട്. കമുകിൻതടി മാസങ്ങൾക്കുള്ളിൽ നശിച്ചു പോകുമെങ്കിലും പുനരുദ്ധരിച്ചു നിലനിർത്താനാണ് ഇവരുടെ തീരുമാനം.