ADVERTISEMENT

കോട്ടയം ∙ ബിലാലും പൊലീസും ഓടിയത് 72 മണിക്കൂർ. തിങ്കളാഴ്ച രാവിലെ 9.30നാണു ബിലാൽ കാറുമായി കടന്നുകളയുന്നത്. വ്യാഴാഴ്ച രാവിലെ 9.30നു പ്രതി മുഹമ്മദ് ബിലാൽ അറസ്റ്റിലായ വിവരം ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പുറത്തുവിട്ടു. കേവലം 72 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ സഹായിച്ചതു ശാസ്ത്രീയമായി പൊലീസ് നടത്തിയ അന്വേഷണവും അതിൽ ലഭിച്ച തെളിവുകളുമാണ്. കൊലയ്ക്കു ശേഷം കടന്നുകളയാൻ ബിലാൽ ഓടി. തൊട്ടു പിന്നിൽ 25 അംഗ പൊലീസ് സംഘവും സൈബർ കണ്ണുകളും പിന്തുടർന്നു.

kottayam news

∙ കൊലപാതകം നടന്ന ഷാനി മൻസിലിൽ എത്തിയ പൊലീസിനു തിങ്കളാഴ്ച വൈകിട്ടു തന്നെ ആദ്യ തുമ്പു ലഭിച്ചു. പ്രതി പരിചയക്കാരനാണ്. ആ വീട്ടിൽ ഷീബയും സാലിയും മാത്രമാണു താമസം. വീട്ടിൽ വരുന്നത് ആരെന്നു ജനലിലൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷമേ അവർ വാതിൽ സാധാരണ തുറക്കൂ.

പ്രതി കയറിയതു മുൻവാതിലിലൂടെയാണെന്നും  ഉറപ്പായി. കുടിച്ചു വച്ച ചായയുടെ ഗ്ലാസ് കിട്ടി. വന്നയാൾക്കു കൂടി ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കം നടന്നതായും കണ്ടു. ആഭരണങ്ങൾ നഷ്ടപ്പെട്ടതോടെ കവർച്ചയെന്നും ഉറപ്പിച്ചു. ഇലക്ട്രിക്കൽ പണി അറിയാവുന്നയാളാണു പ്രതിയെന്നു സംശയവും തോന്നി. 

kottayam news

∙ പൊലീസ് സംഘം പലതായി പിരിഞ്ഞു. കാർ കണ്ടെത്താൻ ആദ്യശ്രമം. ഷീബയുടെ ഫോൺ പ്രതിയുടെ പക്കലുണ്ട്. ഈ ഫോൺ തിങ്കളാഴ്ച രാവിലെ 10.30 വരെ പ്രവർത്തിച്ചതായി സൈബർ സെൽ കണ്ടെത്തി. കുമരകം സിഐയും സംഘവും കുമരകം – വൈക്കം റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി.

സാലിയുടെ വീടിനു സമീപത്തു നിന്ന് അന്നു രാവിലെ എട്ടിനു ചെറുപ്പക്കാരന്റെ ദൃശ്യം ലഭിച്ചു. സംഭവം നടന്നു കഴിഞ്ഞപ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ നിന്നു കാറിൽ ഇതേ ആളുടെ ദൃശ്യവും ലഭിച്ചു. വൈക്കം റോഡിൽ കാർ പോകുന്ന ദൃശ്യവും കിട്ടി. പമ്പ് ജീവനക്കാരൻ യുവാവിന്റെ വിവരങ്ങൾ നൽകി.

∙ അന്വേഷണത്തിൽ നിന്നു സാലിയുടെ വീടിനു പിന്നിലെ വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിലെ ബിലാൽ എന്ന യുവാവാണു ദൃശ്യത്തിൽ എന്ന് ഉറപ്പിച്ചു. ബിലാലിന്റെ വീട്ടിൽ പൊലീസെത്തി. ദൃശ്യത്തിൽ നിന്നു ബിലാലിനെ തിരിച്ചറിഞ്ഞു. ഇടപ്പള്ളിക്കു പോയിട്ടുണ്ടാകാമെന്ന സൂചനയും പിതാവു നൽകി. അതോടെ പ്രതിയെ ഉറപ്പിച്ചു. ബുധനാഴ്ച 1.30നു തന്റെ സുഹൃത്തിനെ ബിലാൽ വിളിച്ചു. ഈ നമ്പറും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇടപ്പള്ളിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു ബിലാലിനെ പിടികൂടി. 

ഷീബയുടെ മകളും കുടുംബവും മസ്കത്തിൽ നിന്നെത്തി

കോട്ടയം ∙ കൊല്ലപ്പെട്ട ഷീബയുടെ മകൾ ഷാനിയും കുടുംബവും ഇന്നലെ കോട്ടയത്തെത്തി. മസ്കത്തിൽ നിന്നു രാത്രി ഒൻപതോടെയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റീൻ സെന്ററിൽ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുൽ സാലി– ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭർത്താവ് സുധീറിനും നാലു മക്കൾക്കുമൊപ്പമാണു ഷാനി മടങ്ങിയെത്തിയത്. ഷാനിയുടെ പിതാവ് സാലി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ക്വാറന്റീൻ നിർബന്ധമായതിനാൽ ഷാനിക്കും കുടുംബത്തിനും ഈ ദിവസങ്ങളിൽ സാലിയെ കാണാൻ അനുമതി നൽകാനാകില്ലെന്നു കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. പി.കെ.ബാലകൃഷ്ണൻ അറിയിച്ചു. സാലിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും അബോധാവസ്ഥയിലാണെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട്.ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അണുബാധ ഏൽക്കാതിരിക്കുന്നതിനുള്ള ചികിത്സകളാണു പ്രധാനമായി നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com