ADVERTISEMENT

‘മകൻ തെറ്റ് ചെയ്തെങ്കിൽ തൂക്കിക്കൊന്നാലും ഞാൻ ഇടപെടില്ല ’

കോട്ടയം ∙ ‘‘അവൻ കുറ്റം ചെയ്തെന്ന് എന്റെ മനസ്സു പറയുന്നു. അവനാണതു ചെയ്തതെങ്കിൽ തൂക്കിക്കൊന്നാലും ഞാൻ പിറകേ പോകില്ല. അവനു വേണ്ടി ഇതിനു മുൻപു പല കേസിലും പിറകേ പോയി ഒത്തിരി കാശ് പോയി. അവനു ചില നേരം ക്രൂരസ്വഭാവമാണ്. നന്നാക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.’’താഴത്തങ്ങാടി കൊലക്കേസിലെ പ്രതി മുഹമ്മദ് ബിലാലിന്റെ പിതാവ് നിസാം വീട്ടിൽ വരുന്ന അടുപ്പക്കാരോടും ബന്ധുക്കളോടും വിങ്ങുന്ന മനസ്സുമായി ഉള്ളു തുറന്നു. നിസാം പറയുന്നു:

പാറപ്പാടത്തെ കൊലപാതകരീതി അറിഞ്ഞപ്പോൾ മുതൽ ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്തെങ്കിലും സൂചനയില്ലാതെ പുറത്തു പറയാൻ കഴിയുമോ? ഒടുവിൽ പൊലീസിനോടു ഞാൻ തന്നെയാണു പറഞ്ഞത്.എന്റെ മകനെ സംശയമുണ്ടെന്ന്. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് കാട്ടിത്തന്നു. അതോടെ എനിക്ക് ഉറപ്പായി. അവന്റെ ലക്ഷണങ്ങൾ എനിക്ക് അറിയാമല്ലോ.എങ്കിലും അവനെ പിടികൂടും വരെ, മനസ്സിൽ ചെറിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.അത് അവൻ ആയിരിക്കരുതേയെന്ന്. 

ഇല്ലിക്കൽ പാറപ്പാടം മുഹമ്മദ് ബിലാലിന്റെ (23) പിതാവ് പാറപ്പാടം മാലിപ്പറമ്പിൽ എം.എച്ച്.നിസാമുദ്ദീന്റെ വാക്കുകൾ. കോട്ടയം ടൗണിൽ പുളിമൂട് ജംക്‌ഷനിലെ ഹോട്ടൽ ഉടമയാണു നിസാമുദ്ദീൻ.

‘സമാശ്വസിക്കാൻ വകയുണ്ടോ? ഇല്ലെന്നു പൊലീസ് 

എന്റെ വാക്കു കേട്ട് എറണാകുളത്തു പോയ പൊലീസുകാരോടു ഞാൻ ഫോണിൽ ചോദിച്ചു: ‘സമാശ്വസിക്കാൻ വകയുണ്ടോ സാറേ’? കൂട്ടത്തിലുണ്ടായിരുന്ന കടുത്തുരുത്തി എസ്ഐയാണു ഫോൺ എടുത്തത്. ‘സമാശ്വസിക്കാൻ വഴിയില്ല’ എന്ന മറുപടിയാണു കിട്ടിയത്. പിന്നെ ഞാൻ ആ കേസ് വിട്ടു. അവനെ അവർ ജയിലിലോ സ്റ്റേഷനിലോ കൊണ്ടുപോകട്ടെ. ഒരു രൂപ പോലും ഇനി അവനായി ചെലവാക്കില്ല. 

ചില നേരം പിശകാ അവന്റെ സ്വഭാവം

ചില നേരം അവന്റെ സ്വഭാവം പിശകാ.അതു നേരത്തേ അറിയാൻ കഴിയും.ഭക്ഷണം നേരാംവണ്ണം കഴിക്കില്ല. പാതിരാത്രി വരെ മൊബൈലിൽ പബ്ജി കളിച്ചുകൊണ്ടിരിക്കും. രാത്രി ഒരു മണിക്കു വെള്ളം മാത്രം കുടിക്കും. ഇങ്ങനെയായാൽ മൂന്നുനാലു ദിവസത്തിനുള്ളിൽ അവൻ വീടു വിട്ടുപോകുക പതിവാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണു ഞങ്ങൾ വീട്ടിൽ കഴിഞ്ഞിരുന്നത്.വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകൾ പൂട്ടി താക്കോൽ അലമാരയിലാണു സൂക്ഷിക്കുക.

വീട്ടിൽ നിന്ന് ഞായറാഴ്ച പോയി 

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടോടെ വീട്ടിൽ നിന്നു പോയി. സാധാരണ ഇങ്ങനെ പോയാൽ രണ്ടാഴ്ച, ഒരു മാസം ഒക്കെ ആകുമ്പോൾ തിരികെ വരും. എന്നാൽ ലോക്ഡൗൺ ആയതിനാൽ വെസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം എന്റെ മുന്നിൽവച്ചു തന്നെ മെസേജുകൾ നൽകി. സ്വന്തം നിലയിൽ അന്വേഷിക്കാനും പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും അന്വേഷിച്ചു.തിരികെ വീട്ടിൽ എത്തിയപ്പോൾ രാത്രി 12 ആയി.തിങ്കളാഴ്ച രാവിലെ 8.30നു വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരൻ ഫോൺ ചെയ്തു. എന്തെങ്കിലും വിവരം കിട്ടിയോ എന്നു ചോദിച്ചു.പതിവുപോലെ ഹോട്ടൽ തുറന്നു. വീടു വിട്ടു പോയാൽ എന്റെ ഫോണിൽ നിന്നു വിളിച്ചാൽ അവൻ എടുക്കില്ല.

അതിനാൽ കടയിലെ ഭായിയെക്കൊണ്ടു വിളിപ്പിച്ചു. സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഉച്ചയ്ക്ക് 12.30 ആയപ്പോൾ അവന്റെ ഫോൺ ഓണായി. അങ്ങോട്ടു വിളിച്ച ഫോണിലേക്കു മെസേജുകൾ വന്നു. കടയിലെ ഭായിയെ അവൻ തിരികെ വിളിച്ചു. ‘ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ ജോലിക്കു കയറി. വാപ്പയുമായി ചേരില്ലെന്നും പറഞ്ഞു.’ അന്നേരം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. 

കൊലപാതകം അറിഞ്ഞതോടെ സംശയമായി

തിങ്കളാഴ്ച വൈകുന്നേരമായപ്പോഴേക്കും പാറപ്പാടത്തെ കൊലപാതകവിവരം പുറത്തുവന്നു. പരിചയക്കാരുടെയും കടയിൽ വന്നവരുടെയുമെല്ലാം സംസാരം അതായി. കുറച്ചു കഴിഞ്ഞപ്പോൾ കൊലപാതകത്തിന്റെ ക്രൂരമായ രീതി ടിവിയിൽ പറയാൻ തുടങ്ങി. അന്നേരമാണു സംശയം തോന്നിത്തുടങ്ങിയത്. മനസ്സു വിങ്ങാൻ തുടങ്ങി. സത്യം അറിയാതെ ആരോടും പറയാൻ പറ്റില്ലല്ലോ.

ഈ സമയമെല്ലാം അവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നെ പൊലീസുകാർ വീട്ടിൽ വന്നു. കൊല്ലപ്പെട്ട ഷീബയുടെ വീടിന്റെ പിന്നിലുള്ള വീട്ടിൽ ഞങ്ങൾ കുറച്ചുനാൾ വാടകയ്ക്കു താമസിച്ചിരുന്നു. ആ പരിചയത്തിന്റെ പേരിൽ അന്വേഷിക്കാൻ വന്നതാണ്. കാര്യങ്ങൾ വിശദമായി പറയുന്ന കൂട്ടത്തിലാണു ഞാൻ. മകനെ സംശയം ഉണ്ടെന്ന് അന്നേരം തന്നെ തുറന്നുപറഞ്ഞു. അപ്പോൾ പക്ഷേ, പൊലീസുകാർ ആശ്വസിപ്പിച്ചു. ‘സംശയമല്ലേയുള്ളൂ, അന്വേഷിക്കാം’ എന്നു പറഞ്ഞു.

കൊലപാതകത്തിന്റെ രീതി കേട്ടപ്പോഴാണു സംശയം തോന്നിയത്. നേരത്തേ ഇവൻ ഇതേ രീതിയിൽ വീട്ടിൽ ക്രൂരത കാട്ടിയിട്ടുണ്ട്. സഹോദരിയെ മർദിച്ചു കൈകാലുകൾ കെട്ടിയിട്ടു.അതും നൂൽക്കമ്പി ഉപയോഗിച്ച്. ഗ്യാസ് സ്റ്റൗ നന്നാക്കാൻ നല്ലതു പോലെ അറിയാം. വയറിങ് പഠിച്ചിട്ടില്ല. പക്ഷേ, വൈദ്യുതി കൈകാര്യം ചെയ്യും. ഹോട്ടലിലെ ത്രീഫെയ്സ് ലൈൻ കേടാകുമ്പോൾ അവനാണു നന്നാക്കുന്നത്. ഇങ്ങനെയൊക്കെ മുൻ അനുഭവം ഉള്ളതിനാൽ എനിക്കു സംശയം ബലപ്പെട്ടു. 

വേറെ കേസുകളിലും പണ്ടേ പ്രതി 

കോട്ടയത്തെ സ്വകാര്യ സ്കൂളിലാണു പഠിച്ചത്. പത്താം ക്ലാസ് തോറ്റു. പിന്നെ ഓപ്പൺ സ്കൂളിൽ ചേർത്തു. എന്നിട്ടും രക്ഷപ്പെട്ടില്ല. അധികം കൂട്ടുകാർ ഇല്ല. ഒറ്റയ്ക്കാണു നടപ്പ്. പല കേസിലും പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ ബാറ്ററി മോഷണം, സ്വർണമാല പൊട്ടിക്കൽ, അടിപിടി തുടങ്ങി എല്ലാ കേസിനും പിന്നാലെ പോയി ഞാൻ ജാമ്യമെടുത്തു കൊടുക്കും. ചിലത് ഒത്തുതീർപ്പാക്കും. ഒരു ലക്ഷം രൂപ കൊടുത്ത് ഒത്തുതീർപ്പാക്കിയ കേസുകൾ ഉണ്ട്. 

ഷീബയെ നന്നായി അറിയാം

ഷീബയുടെ വീടിനു പിന്നിലുള്ള സഹോദരന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചതോടെയാണ് അവരുമായി അടുപ്പം ഉണ്ടായത്. ആ കുടുംബം നല്ല പ്രകൃതക്കാരാണ്. എപ്പോഴും നല്ല സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അവരുടെ വീട്ടിൽ വെള്ളം കയറി. താഴത്തെ നിലയിൽ നിന്നു സാധനങ്ങൾ എല്ലാം മുകളിലത്തെ നിലയിൽ കൊണ്ടുവച്ചത് അവൻ ഒറ്റയ്ക്കാണ്.  

മജിസ്ട്രേട്ട് പറഞ്ഞു,ഡ്രൈവിങ് പഠിപ്പിക്കാൻ

ഒരിക്കൽ കേസുകൾ കൂടിയപ്പോൾ, മജിസ്ട്രേട്ട് ചോദിച്ചു. എന്താണ് ഇവന്റെ ഹോബി. അതിലേക്കു വഴി തിരിച്ചുവിടാൻ പറഞ്ഞു. ഡ്രൈവിങ് പഠിക്കണമെന്നു കോടതിയിൽ പറഞ്ഞു. ഉടൻ മജിസ്ട്രേട്ടും നിർദേശിച്ചു, ‘അവനെ ഡ്രൈവിങ് പഠിപ്പിക്കാൻ’. അങ്ങനെ ഡ്രൈവിങ് പഠിപ്പിച്ചു. കാറും ബൈക്കും എടുത്തു കൊടുത്തു. പക്ഷേ, കാർ ഒറ്റയ്ക്കു കൊടുത്തുവിടില്ല. വേഗത്തിലേ ഓടിക്കൂ. എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കും. അതിന്റെ കേസ് വേറെ. അതോടെ കാർ എടുക്കാതെയായി. 

നന്നായി ബിരിയാണി വയ്ക്കും

നല്ല പാചകക്കാരനാണ്. ബിരിയാണി നല്ലതു പോലെ ഉണ്ടാക്കും. വീട്ടിൽ നിന്നു പിണങ്ങിപ്പോകുമ്പോൾ എവിടെയെങ്കിലും ഹോട്ടലിൽ ജോലിക്കു കയറുകയാണു പതിവ്. 900 രൂപ വരെ ഒരു ദിവസം കിട്ടും. ബെംഗളൂരുവിലാണു കൂടുതലും പോയിട്ടുള്ളത്. ഒരിക്കൽ അവിടെ 6 മാസം ജോലി ചെയ്തിട്ടു ശമ്പളം കിട്ടിയില്ല. ഇവിടെ നിന്ന് ഒരു ഭായിയെ അങ്ങോട്ട് അയച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com