ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതിന്റെ കുറവു പരിഹരിക്കാൻ എൻസിപിയെയും പി.സി.ജോർജിന്റെ ജനപക്ഷത്തെയും യുഡിഎഫിൽ എത്തിക്കാൻ നീക്കം. എൽഡിഎഫ് വിട്ടാൽ എൻസിപിയുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു ആദ്യം നിലപാട് എടുക്കേണ്ടത് എൻസിപിയാണ്. പി.സി.ജോർജ് താൽപര്യം അറിയിച്ചാൽ യുഡിഎഫ് ചർച്ച ചെയ്യും–അദ്ദേഹം പറഞ്ഞു.

എൻസിപിയെ ഘടക കക്ഷിയാക്കാനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് മാണി സി. കാപ്പനു നൽകാനുമാണ് യുഡിഎഫ് ആലോചന. പാലാ ലഭിച്ചില്ലെങ്കിൽ എൻസിപി എൽഡിഎഫിൽ തുടരേണ്ടെന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിലപാട്. എന്നാൽ ഇതിൽ മന്ത്രി എ.കെ.ശശീന്ദ്രന് എതിർപ്പുണ്ട്. പാലാ സംബന്ധിച്ച ചർച്ചയ്ക്ക് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനെയും കാപ്പനെയും മുംബൈയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

അതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും അർഹമായ പ്രാതിനിധ്യം വേണമെന്ന് എൻസിപി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സീറ്റ് വിട്ടുനൽകണമെന്നു സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്നു യോഗം ഉദ്ഘാടനം ചെയ്ത മാണി സി.കാപ്പൻ പറഞ്ഞു. പി.സി.ജോർജുമായി യുഡിഎഫ് സംസ്ഥാന നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നു. പാലായിൽ യുഡിഎഫ് സ്വതന്ത്രനായി ജോർജ് മത്സരിക്കുമെന്നും കേട്ടു.

എന്നാൽ യുഡിഎഫ്, കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾ ഇതിനെതിരെ പ്രമേയം പാസാക്കി. മുസ്‌ലിം ലീഗും എതിർപ്പ് അറിയിച്ചു. പൂഞ്ഞാർ സീറ്റ് വേണമെന്നു ലീഗ് സംസ്ഥാന നേതൃത്വം യുഡിഎഫിനെ അറിയിച്ചു. എന്നാൽ യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയിട്ടില്ലെന്നും അഴിമതിക്കാരായ കുറച്ചു നേതാക്കളാണു തന്നെ എതിർക്കുന്നതെന്നുമാണ് ജോർജിന്റെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com