ADVERTISEMENT

കുറിച്ചി ∙ കാലായിപ്പടി റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് ടാറിങ് വൈകുന്നതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. മേൽപാലം നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ ടാറിങ് നടത്താത്തത് ജനങ്ങൾക്ക് ദുരിതമായി . ടാറിങ് ആവശ്യത്തിനായി റോഡരികിൽ മെറ്റൽ ഇറക്കിയിട്ടിരിക്കുന്നതു അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതികൾ ഉണ്ട്.ഏറെ കാലത്തെ ആവശ്യത്തിനൊടുവിൽ അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി മെറ്റൽ നിരത്തിയെങ്കിലും ഇത് ഉറയ്ക്കണം എന്നു കാണിച്ച് ജോലികൾ  നിർത്തിയതാണ് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കുന്നത്. 

ഇപ്പോൾ മെറ്റലുകൾ ഇളകി കിടക്കുന്നതിനാൽ പ്രദേശത്തു കൂടി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ പതിവായി അപകടത്തിൽപെടുന്ന സ്ഥിതിയാണ്. ടാറിങ് വൈകുന്നത് പഞ്ചായത്തിലും സമീപത്തെ വിവിധ സ്ഥാപനങ്ങളിലും എത്തുന്നവർക്കും ജീവനക്കാർക്കും ദുരിതമായി . പൊടിശല്യവും ഗതാഗത കുരുക്കും നിത്യ സംഭവം ആണ്. പൊടി ശല്യം മൂലം പഞ്ചായത്ത് ഓഫിസിന്റെ ഉള്ളിൽ ഇരിക്കാനാവാത്ത സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്. തൊട്ടടുത്തുള്ള ശങ്കരപുരം ക്ഷേത്രത്തിലും പൊടിശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.

ചങ്ങനാശേരി - ചിങ്ങവനം റെയിൽ പാതയിൽ നിർമാണം പൂർത്തിയാക്കാനുള്ള ഏക മേൽപാലമാണു കാലായിപ്പടി മേൽപാലം. സമീപത്തെ മറ്റു 4 പാലങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ചിരുന്നു. 3 മാസത്തിനകം പൂർത്തിയാക്കാം എന്ന വാഗ്ദാനത്തോടെയാണു കാലായിപ്പടിയിലെ പഴയ പാലം പൊളിച്ചത്. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും ഇവിടുത്തെ ജോലികൾ മാത്രം പൂ‍ർത്തിയാകാതെ കിടക്കുകയാണ്. പഞ്ചായത്ത്, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫിസ്, ആയുർവേദ ആശുപത്രി ഉൾപ്പെടെയുള്ള ഓഫിസുകളിൽ എത്താൻ ജനങ്ങൾ ആശ്രയിക്കുന്ന വഴിയാണിത്. അപ്രോച്ച് റോഡ് ടാറിങ് നടത്തി പാലം പൂർണമായും ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നിർമാണ ജോലികൾ പൂർത്തിയാക്കാൻ വൈകിയാൽ ശയനപ്രദക്ഷിണം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താൻ യൂത്ത് ഫ്രണ്ട് (എം) കുറിച്ചി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മനോജ് കാരിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനീഷ് തോമസ് ഉദ്ഘാടനം ചെയ്തു. ജോയി തോമസ് പള്ളിക്കാപ്പറമ്പിൽ, പി.എം.പുന്നൂസ്, ജോമോൻ പാലാത്ര, ജെയിൻ കെ.ജോബ്, സിബിൾ ജോസഫ്, അനു പാടകശേരി, ടോണി കടുപ്പിൽ, അനൂപ്, മജോ, ഡെറിക് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com