ADVERTISEMENT

കിടങ്ങൂർ ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന്  പള്ളിവേട്ട. വൈകിട്ട് 8 നു മേളവും കുടമാറ്റവും ഉൾപ്പെടെ പൂരം.ദേവസേനാപതി കൂടിയായതിനാലാണു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ പള്ളി നായാട്ടിന് ദർശന പ്രാധാന്യമേറുന്നത്. ഉത്സവകാലത്ത് ദേവൻ ആദ്യമായി ക്ഷേത്ര മതിൽക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളുന്ന ചടങ്ങാണിത്. ഇതോടെ ദേവചൈതന്യം ഗ്രാമത്തിലാകെ വ്യാപിക്കുമെന്നാണ് വിശ്വാസം.ഭക്തരുടെ മനസ്സിലെ മൃഗീയ വാസനകളെയാണ് പള്ളിവേട്ടയിലൂടെ ഭഗവാൻ നിഗ്രഹിക്കുന്നത്. പാരമ്പര്യത്തനിമ ചോരാതെയുള്ള ചടങ്ങുകളാണ് ക്ഷേത്രത്തിലെ പള്ളിവേട്ട. മേളവാദ്യങ്ങൾ ഇല്ലാതെ നിശ്ശബ്ദമായാണ് ആലിൻ ചുവട്ടിലേക്കുളള പള്ളിവേ‌ട്ട എഴുന്നള്ളത്ത്. ആലിൻ ചുവട്ടിലെ താന്ത്രിക ചടങ്ങുകൾക്കുശേഷം ഭഗവാന്റെ വേട്ടയുടെ കഥകൾ വിവരിക്കുന്ന നായാട്ടുവിളി ഭക്തരുടെ പങ്കാളിത്തത്തോടെ പൂർണമാകും. അവസാന ഘട്ടത്തിൽ മാത്രമാണു മേളം.

ചെമ്പട വട്ടത്തിനു ശേഷം പാണ്ടിമേളം കൊട്ടി വിജയാഘോഷത്തോടെ ഭഗവാൻ തിരിച്ചെഴുന്നള്ളും. തുടർന്ന് പള്ളിക്കുറുപ്പ്. ഇന്ന് വൈകിട്ട് കാഴ്ചശ്രീബലിക്കു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന മേളവും കുടമാറ്റവും ഉൾപ്പെടെ ആഘോഷങ്ങളുണ്ട്.

ചരിത്ര കഥകളുടെ ഊട്ടുപുര

നാടിന്റെ നാവിനു രുചിയുടെ വൈവിധ്യം പകർന്ന ഊട്ടുപുര ഉത്സവ നാളുകളിൽ മനസ്സുകളിൽ പകരുന്നത് കലയുടെ വൈവിധ്യം. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുര ഇത്തവണ കലാവേദിയായി മാറി. കോവിഡ് മൂലമുള്ള പ്രത്യേക ക്രമീകരണങ്ങളാണ് ഊട്ടുപുരയിൽ കലാവേദി ഒരുക്കുന്നതിനു വഴിവച്ചത്.തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട് കിടങ്ങൂർ ക്ഷേത്രത്തിനും ഊട്ടുപുരയ്ക്കും. തിരുവിതാംകൂറിലെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ രാജ എന്ന ധർമരാജ ക്ഷേത്രത്തിലേക്ക് നിർമിച്ചു സമർപ്പിച്ചതാണ് ഇന്നു കാണുന്ന വിശാലമായ ഊട്ടുപുര.

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ഒറ്റക്കൽ മണ്ഡപത്തിന്റെ നിർമാണത്തിന് ആവശ്യമായ കരിങ്കൽപ്പാളികൾ എത്തിക്കാൻ അന്ന് രാജകുടുംബം ആശ്രയിച്ചത് കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആനയെയായിരുന്നു. മണ്ഡപത്തിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിലും ഈ ആന ചരിഞ്ഞു. തുടർന്ന് പ്രായശ്ചിത്തമായി ഭഗവാനു സമർപ്പിച്ചതാണ് നാലുകെട്ട് മാതൃകയിൽ വിശാലമായ ഇടനാഴികളോട് കൂ‌ടിയ ഊട്ടുപുര.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 8.30നു ശ്രീബലി, 10.30നു ഉത്സവബലി, 4നു ചാക്യാർക്കൂത്ത്, 5.30നു കാഴ്ചശ്രീബലി, 7.30നു പഞ്ചാരി മേളം, 9നു സെമി ക്ലാസിക്കൽ ഫ്യൂഷൻ സംഗീത സദസ്സ്, 10.30നു പള്ളിവേട്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com