ADVERTISEMENT

കോട്ടയം ∙ ഇതാണോ പാറയ്ക്കൽക്കടവ്? ഇന്റർനെറ്റിലെ പടങ്ങളും കണ്ട് അതിലെ വിവരങ്ങളും മനസ്സിൽ കുറിച്ച് പാറയ്ക്കൽക്കടവ് കാണാൻ ഇറങ്ങുന്നവരുടെ മുഖം ചുളിയും. ചിത്രത്തിൽ എത്ര മനോഹരം. ഇപ്പോഴാകട്ടെ മനോഹാരിത നഷ്ടപ്പെട്ടുവെന്നു  മാത്രമല്ല, പരിസരത്ത് ദുർഗന്ധവും.ഇനിയൊരു നവീകരണം ഇല്ലെന്നു കരുതിയിടത്ത് നിന്ന് തൊഴിലുറപ്പു പദ്ധതിയിലൂടെ വീണ്ടും മനോഹരമാകുകയാണ് പാറയ്ക്കൽകടവ്.കോവിഡിനു മുൻപു വരെ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലും ആളുകളെത്തി നിറയുമായിരുന്നു പുതുപ്പള്ളിക്കു സമീപമുള്ള ഈ പ്രദേശത്ത്.വിദ്യാർഥികൾ, കു‍ടുംബങ്ങൾ, നവ വധൂവരൻമാർ എന്നിവരുടെയൊക്കെ  പ്രധാന ഫോട്ടോഷൂട്ട് കേന്ദ്രമായിരുന്നു ഇവിടം. സമീപത്തുള്ള തോട്ടിലേക്കു ചാഞ്ഞു കിടക്കുന്ന എന്നാൽ കയറിയിരിക്കാൻ കഴിയുന്ന മരങ്ങളായിരുന്നു പ്രധാന ആകർഷണം. 

കോവിഡ് വന്നതോടെ നാട്ടുകാരുടെയും അധികൃതരുടെയും ശ്രദ്ധ ഇവിടേക്ക് ഇല്ലാതെ വന്നതോടെ കാടുകയറി നശിക്കുകയായിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടി.ഇവിടെയെത്തുന്നവർക്ക് ഇരിക്കാനായി പണിതിട്ടിരുന്ന ഇരിപ്പിടങ്ങൾ, നടപ്പാത എന്നിവയെല്ലാം നശിച്ചു. മരങ്ങളിൽ ചിലത് കടപുഴകി വീഴുക കൂടിയായതോടെ പ്രദേശത്തിന്റെ ഭംഗി നഷ്ടപ്പെട്ടു. ആളനക്കമില്ലാതെ കിടന്നിരുന്നതിനാൽ സമീപത്തെ പാലത്തിന് അടിയിലൂടെ ഒഴുകുന്ന തോട് സ്ഥിരം മാലിന്യം തള്ളൽ കേന്ദ്രമായി. ഇതോടെ പാറയ്ക്കൽക്കടവിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു. 

സമയം ചെലവഴിക്കാൻ നല്ല സായാഹ്ന കേന്ദ്രങ്ങളില്ലാത്ത ജില്ലയ്ക്ക് പ്രകൃതി നൽകിയ ഈ വരദാനം നശിച്ചുകൊണ്ടിരുന്നപ്പോഴാണ് പഞ്ചായത്ത് ഇവിടം സൗന്ദര്യവൽക്കരണം നടത്താൻ തീരുമാനിച്ചത്. സമീപത്തെ കാട് എല്ലാം വെട്ടി മാറ്റി, ചെടികൾ വച്ചു പിടിപ്പിച്ച്, കയർഭൂവസ്ത്രം വിരിച്ചു സുന്ദരമാക്കാൻ ആണ് പദ്ധതി. കഴിഞ്ഞ 16നായിരുന്നു ഉദ്ഘാടനം. ഇപ്പോൾ പണികൾ നടന്നുകൊണ്ടിരിക്കുന്നു. പുതുപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പണിക്കാരാണ് വൃത്തിയാക്കുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നവർക്കായി ലഘുഭക്ഷണശാല ക്രമീകരിക്കാനും പദ്ധതിയിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com