ADVERTISEMENT

കാഞ്ഞിരപ്പള്ളി/മുണ്ടക്കയം∙ദേശീയപാതയിൽ ഉൾപ്പെടെ പ്രധാന റോഡുകളിൽ കാടു വളർന്നതിനാൽ അപകടസാധ്യത വർധിക്കുന്നു. പലയിടങ്ങളിലും ദൂരക്കാഴ്ച മറയ്ക്കുന്ന വിധം കാടുകൾ വളർന്നുകഴിഞ്ഞു. കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കേണ്ടിവരുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. കാടു വെട്ടുന്നതിന്റെ ചുമതല ആർക്കാണെന്ന ആശയക്കുഴപ്പവും അതിനു പല പഞ്ചായത്ത് പ്രദേശങ്ങളിലും വ്യക്തമായ പദ്ധതികൾ ഇല്ലാത്തതും പാതയോരങ്ങളിൽ കാടു കയറുന്നതിനു കാരണമാകുന്നു.

 ദേശീയപാതയിൽ ഹൈറേ‍ഞ്ച് പാതയുടെ തുടക്കമായ മരുതുംമുട്ടിൽ ദിശാബോർഡുകളിൽ ഉൾപ്പെടെ കാടു കയറിയ നിലയിൽ. പ്രവർത്തനം നിലച്ച അപകട മുന്നറിയിപ്പ് ലൈറ്റും കാണാം.
ദേശീയപാതയിൽ ഹൈറേ‍ഞ്ച് പാതയുടെ തുടക്കമായ മരുതുംമുട്ടിൽ ദിശാബോർഡുകളിൽ ഉൾപ്പെടെ കാടു കയറിയ നിലയിൽ. പ്രവർത്തനം നിലച്ച അപകട മുന്നറിയിപ്പ് ലൈറ്റും കാണാം.

ദിശാബോർഡുകളും കാടുമൂടി

കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ദൂരക്കാഴ്ച  മറയ്ക്കും വിധം കാടു വളർന്നിരിക്കുന്നതിനൊപ്പം തന്നെ പാതയോരങ്ങളിലെ ഓടകളും കാടുമൂടിയ നിലയിലാണ്. കാടുകൾ വളർന്നു ദിശാബോർഡുകളും മൂടിയ നിലയിലാണ്. ദേശീയപാതയിൽ പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം, കാഞ്ഞിരപ്പള്ളി - മണിമല റോഡ്, കാഞ്ഞിരപ്പള്ളി- തമ്പലക്കാട്-എലിക്കുളം റോഡ്, കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് എന്നിവയുടെ വശങ്ങളിലും പലയിടങ്ങളിലും കാടുപിടിച്ച നിലയിലാണ്.

26–ാം മൈൽ പെട്രോൾ പമ്പിനു സമീപം റോഡരികിലെ കാട്.
26–ാം മൈൽ പെട്രോൾ പമ്പിനു സമീപം റോഡരികിലെ കാട്.

തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ മഴക്കാല പൂർവ ശുചീകരണം നടത്തിയില്ല. റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുക, അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കുക, ഓടകളിലെ മാലിന്യങ്ങളും കല്ലും മണ്ണും നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കുക, റോഡിലെ വെള്ളക്കെട്ടും മണ്ണും നീക്കം ചെയ്യുക എന്നിവയൊക്കെ എല്ലാ വർഷവും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഇവയൊന്നും ഇതുവരെ നടത്തിയിട്ടില്ല.

ദേശീയപാതയിൽ സെന്റ് ഡൊമിനിക് കോളജിനു സമീപം റോഡരികിലെ കാട്.
ദേശീയപാതയിൽ സെന്റ് ഡൊമിനിക് കോളജിനു സമീപം റോഡരികിലെ കാട്.

കാടുകൾ കുന്നു കയറി

മഴയും മഞ്ഞും നിറഞ്ഞ ഹൈറേഞ്ച് പാതയിൽ ഇരുവശങ്ങളിലും കാടു നിറഞ്ഞത് യാത്രക്കാർക്ക് ഇരട്ടിദുരിതമാകുന്നു. 35-ാം മൈൽ മുതൽ കുട്ടിക്കാനം വരെയുള്ള പ്രദേശത്ത് വഴിയിൽ ഇരുവശങ്ങളും പച്ച വിരിച്ച് കാടുകൾ തിങ്ങി നിറഞ്ഞു. വാഹനങ്ങൾ കുഴിയിലേക്കു മറിയാതിരിക്കാനുള്ള ക്രാഷ് ബാരിയറുകൾ പലയിടങ്ങളും കാണാൻ കഴിയാത്ത നിലയിലായി. വളവുകളിൽ കാട് ടാറിങ്ങിനു സമീപം വരെ എത്തിയതോടെ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതായി. 

ദേശീയപാതയിൽ ഹൈറേഞ്ച് പാതയിലെ മാത്രം കാടു നീക്കം ചെയ്തു എന്ന പേരിൽ ലക്ഷങ്ങളുടെ ബില്ലുകളാണ് ഓരോ വർഷവും മാറിയെടുക്കുന്നത്. 2020- 2021 കാലത്ത് 3,84,388 രൂപയുടെ കാടുവെട്ടൽ നടന്നു എന്ന് അധികൃതർ പറയുമ്പോഴും ശബരിമല സീസൺ കാലത്തുപോലും നടപടിയൊന്നും ഉണ്ടായില്ല. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ നാലും അഞ്ചും ലക്ഷങ്ങൾ വീതം രേഖപ്പെടുത്തിയിരിക്കുന്നു.

2017ൽ പെരുവന്താനം പഞ്ചായത്ത് മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം ഇൗസ്റ്റ് വരെ റോഡരികിലെ കാടുകൾ വെട്ടി നീക്കി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചെടികൾ നട്ടു. ഇൗ പദ്ധതിയുടെ പിന്നാലെ തന്നെ ഇതേ സ്ഥലത്ത് കാടുകൾ നീക്കം ചെയ്തതായി ദേശീയപാത വിഭാഗവും അവകാശപ്പെടുന്നു.

സുരക്ഷ വേണം

തലയുയർത്തി നിൽക്കുന്ന ദിശാ ബോർഡുകൾക്കു മുകളിലാണ് തലയുയർത്തി കാടുകൾ കയറിയിരിക്കുന്നത്. ക്രാഷ് ബാരിയറുകൾ ഹൈറേഞ്ച് പാതയിൽ പലയിടങ്ങളിലും കാണാനില്ല. കുട്ടിക്കാനം മുതൽ 35-ാം മൈൽ വരെയുള്ള സ്ഥലത്ത് ആഴ്ചയിൽ ചെറുതും വലുതുമായ ശരാശരി മൂന്ന് അപകടങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. മഴക്കാലത്ത് വാഹനങ്ങൾ ടാറിങ്ങിൽ നിന്നു താഴേക്ക് വെട്ടിച്ചു മാറ്റേണ്ടി വന്നാൽ പുല്ലിൽ കയറി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com