ADVERTISEMENT

കോട്ടയം ∙ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി (എബിസി) ജില്ലയിൽ ഇനിയും വൈകും. പദ്ധതി തുടങ്ങാൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. വെറ്റ‍റിനറി ഡോക്ടറെ നോഡൽ ഓഫിസറായി നിയമിച്ചു. പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 19ന് പള്ളം ബ്ലോക്ക് പഞ്ചായത്തിൽ അടുത്ത യോഗം കലക്ടർ വിളിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപഴ്സൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കേന്ദ്രത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളും ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതു മൃഗസംരക്ഷണ വകുപ്പുമാണ്. സൗകര്യങ്ങൾ ലഭ്യമാക്കിയാൽ ഉടൻ തന്നെ പദ്ധതി തുടങ്ങാമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിലപാട്. കോടിമതയിൽ മുനിസിപ്പാലിറ്റി പണി കഴിപ്പിക്കുന്ന ഡോഗ് ഷെൽറ്ററിൽ ഇനിയും സൗകര്യങ്ങൾ ഒരുക്കാനുണ്ട്. ഇവിടെ സൗകര്യങ്ങൾ കുറവാണെന്നു കണ്ടെത്തിയതിനെ തുടർന്നു രണ്ടാഴ്ച മുൻപു പുതിയ സ്ഥലം കണ്ടെത്താൻ ഉദ്യോഗസ്ഥർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

പാലായിൽ സ്ഥലം ഉണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ഇവിടെ കേന്ദ്രം തുടങ്ങുന്നത് പ്രായോഗികമല്ലെന്നും വിലയിരുത്തിയിരുന്നു. തുടർന്നാണു കോടിമതയിൽത്തന്നെ ചെറിയ തോതിലെങ്കിലും പദ്ധതി തുടങ്ങി വയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്. കണ്ണൂ‍ർ മാതൃകയിൽ വളരെ വിപുലമായി ഡോഗ് ഷെൽറ്റ‍ർ സ്ഥാപിച്ച് പദ്ധതി തുടങ്ങാനാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനായി കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടിവരുമെന്നാണു വിലയിരുത്തിയിരുന്നത്. അതിനുള്ള ശ്രമങ്ങളും വിജയിച്ചില്ല.

ഒരു കേന്ദ്രത്തിൽ 4 ഡോഗ് ഹാൻഡ്‌ല‍ർമാ‍ർ

ഒരു കേന്ദ്രത്തിൽ 4 ഡോഗ് ഹാൻഡ്‌ല‍ർമാ‍രാണു വേണ്ടത്. 20,000 രൂപ വീതമാണ് ഇവരുടെ ശമ്പളം. ഒരു ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് (25,000 രൂപ), ശുചീകരണത്തിന് ഒരാൾ (12,000രൂപ), ഒരു വെറ്ററിനറി ഡോക്ടർ (44,020 രൂപ) എന്നിവരെയും നിയമിക്കും

എത്രയും പെട്ടെന്ന് ഡോഗ് ഷെൽറ്റർ തുടങ്ങി എബിസി പദ്ധതി ആരംഭിക്കാൻ നടപടി കൈക്കൊള്ളും. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാനുണ്ട്. ശമ്പളം ഉൾപ്പെടെ നൽകേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com