ADVERTISEMENT

എരുമേലി ∙ മണ്ഡല– മകരവിളക്ക് തീർഥാടന കാലത്ത് ഇതുവരെ 40 ലക്ഷം തീർഥാടകർ എരുമേലിയിൽ എത്തിയതായി ദേവസ്വം ബോർഡ്. എരുമേലി ക്ഷേത്രത്തിലെ വരുമാനം 10 കോടി കവിയുമെന്നും കണക്കുകൂട്ടുന്നു. കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നുള്ള പമ്പാ സർവീസിന്റെ വരുമാനം മാത്ര ഇന്നലെ വരെ ഒന്നര കോടി രൂപയായി. പരമ്പരാഗത കാനന പാത വഴി കടന്നു പോകുന്ന തീർഥാടകരുടെ എണ്ണത്തിലും ഇത്തവണ സർവകാല റെക്കോർഡ് ആണ്. ഇന്നലെ വൈകിട്ടു വരെ 3.21 ലക്ഷം തീർഥാടകർ പരമ്പരാഗത കാനന പാതവഴി നടന്നുപോയി.

സീസൺ കച്ചവടം പൊടിപൊടിച്ചു

എരുമേലിയിലും സമീപ മേഖലകളിലുമുള്ള ആയിരക്കണക്കിനു പേർക്കാണു തീർഥാടനവുമായി ബന്ധപ്പെട്ടു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിച്ചത്. സീസൺ കച്ചവടം ഇത്തവണ വലിയ വിജയകരമായെന്നു കച്ചവടക്കാർ പറയുന്നു. മിക്കവർക്കും മുൻ വർഷങ്ങളിലെ നഷ്ടം നികത്താനായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന 300 താൽക്കാലിക കടകളാണ് എരുമേലിയിലും പരിസരങ്ങളിലും ഉണ്ടായിരുന്നത്. എരുമേലിയുമായി ബന്ധപ്പെട്ടു വിവിധ കരാർ എടുത്തിരുന്നവരും നേട്ടമുണ്ടാക്കി.

ഉണർന്നു പ്രവർത്തിച്ച് വിവിധ വകുപ്പുകൾ

അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിൽ കലക്ടർ   പി.കെ.ജയശ്രീയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കും വലിയ ഇടപെടലുകളാണു നടത്തിയത്.  12 യോഗങ്ങളാണു കലക്ടറേറ്റിലും എരുമേലിയിലും കലക്ടർ വിളിച്ചുചേർത്തത്. ജില്ലാ പൊലീസ് മേധാവി 5 തവണ പ്രദേശം സന്ദർശിച്ചു. പൊലീസിന്റെയും സ്പെഷൽ പൊലീസിന്റെയും സേവനം കൃത്യമായി ഉപയോഗിച്ചതിനാൽ അപകടങ്ങൾ, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങളും കുറയ്ക്കാനായി. ഗതാഗത വകുപ്പിന്റെ സേഫ് സോൺ സേവനവും അപകടങ്ങൾ കുറയ്ക്കുന്നതിനു കാരണമായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങൾ ചേർന്നു.

പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മിക്കതും തകർന്നതിനാൽ ശുചിമുറി സൗകര്യം ഉൾപ്പെടെ സജ്ജമാക്കാൻ പഞ്ചായത്ത് ഏറെ പണിപ്പെട്ടു. വനം വകുപ്പിന്റെ മികച്ച സേവനമാണ് ഇത്തവണ ഉണ്ടായത്. പരമ്പരാഗത കാനന പാത വഴിയുള്ള തീർഥാടനം പരാതികളില്ലാതെയാണു കടന്നു പോയത്. 

റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി, ഭക്ഷ്യ സുരക്ഷാ വകുപ്പ്, അഗ്നിരക്ഷാസേന, എക്സൈസ്, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുവിതരണ വിഭാഗം, ഡിടിപിസി, ശുചിത്വ മിഷൻ, ഹരിത കേരളം തുടങ്ങിയ വകുപ്പുകളും സജീവമായി രംഗത്തുണ്ടായിരുന്നു.

ഒറ്റ മനസ്സോടെ സന്നദ്ധസേന

അയ്യപ്പ സേവാ സമാജം, അയ്യപ്പ സേവാ സംഘം, അയ്യപ്പ ധർമ സേവാ സംഘം, തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ദേവസ്വം ബോർഡിന്റെയും അന്നദാനം ലക്ഷക്കണക്കിനു തീർഥാടകർക്കാണ് അനുഗ്രഹമായത്. മാലിന്യങ്ങൾ നീക്കുന്നതിൽ പങ്കാളികളായ വിശുദ്ധി സേനയുടെ പ്രവർത്തനവും ശ്രദ്ധേയമായി. 200ൽ പരം വിശുദ്ധി സേനാ അംഗങ്ങളാണ് മേഖലയിൽ സേവനം ചെയ്തത്. 

സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്, ഗതാഗത വകുപ്പ് 

കരവിളക്ക് ദിവസത്തെ തിരക്കു മുന്നിൽക്കണ്ട് പൊലീസും ഗതാഗത വകുപ്പും മുന്നൊരുക്കം തുടങ്ങി. ശനിയാഴ്ചയാണു മകരവിളക്ക്. 700 പൊലീസുകാരുടെ സേവനമാണ് കാഞ്ഞിരപ്പള്ളി സബ് ഡിവിഷന്റെ കീഴിൽ മാത്രം ഉണ്ടാകുക. നാളെ രാവിലെ മുതൽ തീർഥാടന പാതകൾ പൊലീസിന്റെ കീഴിലാകും. നിലയ്ക്കലിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ എരുമേലി, ഇളങ്ങുളം, ചിറക്കടവ്, മണക്കാട് ക്ഷേത്രങ്ങളിലും അമൽജ്യോതി കോളജ് മൈതാനത്തെ പാർക്കിങ് മൈതാനങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾ കയറ്റിയിടും. ഈ സ്ഥലങ്ങളിൽ പൊലീസിന്റെ സേവനം മൈക്ക് അനൗൺസ്മെന്റ്, തീർഥാടകർക്കു ഭക്ഷണം, വെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

തിരക്കു കൂടുന്നത് അനുസരിച്ച് വൈക്കം, ഏറ്റുമാനൂർ, കടപ്പാട്ടൂർ ക്ഷേത്രങ്ങളിലും തീർഥാടന വാഹനങ്ങൾ പൊലീസ് നിയന്ത്രിക്കും. കരിങ്കല്ലുമ്മൂഴി മുതൽ കണമല വരെയുള്ള റോഡ് അപകട മേഖലയായി പരിഗണിച്ച് ഓരോ 2 കിലോമീറ്ററിനുള്ളിലും പൊലീസ് ബൈക്ക് പട്രോളിങ് നടത്തും. ഒരു സിഐയുടെ കീഴിൽ 6 ബൈക്ക് പട്രോളിങ് സംഘമാണ് ഇവിടെ സേവനം ചെയ്യുക. അഗ്നിരക്ഷാസേനാ യൂണിറ്റ്, റിക്കവറി വാൻ തുടങ്ങിയവയുടെ സേവനവും ഈ റോഡിൽ ഉറപ്പാക്കും. കണമല – മുണ്ടക്കയം റൂട്ടിൽ 2 സിഐമാരുടെ നേതൃത്വത്തിൽ 10 ബൈക്ക് പട്രോളിങ് സംഘങ്ങൾ ഉണ്ടാകും.

ഗതാഗത വകുപ്പ് 14 പട്രോളിങ് ടീമുകളാണു രംഗത്തിറക്കുക. എരുമേലി – മുണ്ടക്കയം, എരുമേലി – കണമല, എരുമേലി – പൊൻകുന്നം, എരുമേലി – കോരുത്തോട് വഴി മുണ്ടക്കയം, എരുമേലി – 26–ാം മൈൽ വഴി കാഞ്ഞിരപ്പള്ളി, കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, പൊൻകുന്നം – പൈക, പൈക – പാലാ, പാലാ – നെല്ലാപ്പാറ എന്നീ റൂട്ടുകളിലാണിത്. ശനിയാഴ്ച വൈകിട്ട് 5 മുതൽ ഞായറാഴ്ച രാവിലെ 6 വരെ ഈ സംഘങ്ങൾ നിരത്തിലുണ്ടാകും.

ടിപ്പർ ലോറികൾക്ക് നിയന്ത്രണം

മകരവിളക്ക് ദിവസം കാരണം എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ ടിപ്പർ ലോറികൾക്കു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com