ADVERTISEMENT

കുമരകം ∙ വടക്കൻ പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ഓട്, ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ചിരുന്ന കള്ളനെ പൊലീസ് ‘പൊക്കി’. നാട്ടിലെ തന്നെ വീടുകളിൽ നിന്നു മോഷണം നടത്തി വന്ന നാട്ടുകാരനായ മോഷ്ടാവിനെയാണു പൊലീസ് പിടികൂടിയത്. ദേവൻ ഡിക്രൂസാണ് (27) പിടിയിലായത്. 

ആപ്പിത്തറ, പള്ളിച്ചിറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഓട്, ചെമ്പ് തുടങ്ങിയ പാത്രങ്ങൾ കാണാതാകുന്നത് പതിവായിരുന്നു. വീട്ടുകാർ പൊലീസിനു നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും ആഴ്ചകളായി മോഷ്ടാവ് മുങ്ങിനടക്കുകയായിരുന്നു. 

വീടുകളിൽ നിന്നു മോഷ്ടിക്കുന്ന സാധനങ്ങൾ സമീപത്തെ കുറ്റിക്കാടുകളിൽ വച്ച ശേഷം പിന്നീട് ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവർക്കു നൽകുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടിൽ നിന്ന് ഓട്ടുരുളി നാട്ടുകാർ കണ്ടെടുത്തിരുന്നു. പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് ഇത് എടുത്തു കൊണ്ടു പോയി. 

മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പല വഴി അന്വേഷിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആക്രി ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഫലം കണ്ടു. ആക്രി ശേഖരിച്ച വാഹനം പരിശോധിച്ചപ്പോൾ കാണാതായ ചില പാത്രങ്ങൾ അതിൽ ഉണ്ടായിരുന്നു. ഇവ സ്റ്റേഷനിൽ എത്തിക്കുകയും ഉടമയെ വിളിച്ചു വരുത്തി തിരിച്ചറിയുകയും ചെയ്തു. ആക്രി കച്ചവടക്കാരിൽ നിന്നു ലഭിച്ച വിവരം അനുസരിച്ച് ദേവൻ ഡിക്രൂസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

പിന്നീട് ഇയാളുടെ വീട്ടിൽ എസ്ഐ കെ.എൻ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോൾ ഇതിനു മുൻപു മോഷണം നടത്തി സൂക്ഷിച്ചു വച്ചിരുന്ന സാധനങ്ങൾ കണ്ടെത്തി. ദേവൻ ഡിക്രൂസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  കുമരകത്ത് ഒരാഴ്ച മുൻപ്, കടയിൽ എത്തിയ ആൾ ഉടമയായ സ്ത്രീയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച സംഭവം ഉണ്ടായിരുന്നു. മാല കിട്ടാതെ വന്നപ്പോൾ സ്ത്രീയെ ആക്രമിച്ചു പരുക്കേൽപിച്ചു. ആ സംഭവത്തിൽ മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com