ADVERTISEMENT

മുണ്ടക്കയം ഈസ്റ്റ്‌∙ റോഡിന്റെ ഒരു വശത്ത് വൻ മലകൾ. മലകൾക്കു മുകളിൽ വലിയ മരങ്ങൾ. താഴേക്കു പതിക്കുന്ന നിലയിൽ പിടിവിട്ട് നിൽക്കുന്ന ഉരുളൻകല്ലുകൾ. ഹൈറേഞ്ച് പാതയിൽ മുണ്ടക്കയം കൊടികുത്തി മുതൽ മുറിഞ്ഞപുഴ വരെ ഈ കാഴ്ചകൾ യാത്രക്കാർക്ക് കൗതുകം ഉണർത്തുന്നതാണെങ്കിലും അപകട സാധ്യത ഏറെയാണ്.

കല്ലുകൾ റോഡിലേക്ക്
കഴിഞ്ഞ ദിവസം പീരുമേട്ടിൽ റോഡിലേക്കു കല്ല് ഉരുണ്ട് വീണതു പോലെ 4 വർഷം മുൻപ് പെരുവന്താനം ചുഴുപ്പിലും വലിയ കല്ല് പതിച്ചിരുന്നു. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴി മാറി. ഉയരത്തിലുള്ള മൺ തിട്ട മേൽ ഇത്തരത്തിൽ ഒട്ടേറെ കല്ലുകളാണ് ഇപ്പോഴുമുള്ളത്.

മണ്ണിടിച്ചിൽ സാധ്യത
പെരുവന്താനത്തിനും വളഞ്ഞങ്ങാനത്തിനും ഇടയിൽ 22 സ്ഥലങ്ങളാണു മണ്ണിടിച്ചിൽ സാധ്യതയുള്ളത്. 10 വർഷങ്ങൾക്കു മുൻപ് ജിയോളജി വകുപ്പിനു കീഴിൽ സെസ് നടത്തിയ പഠനത്തിന്റെ കണക്കാണ് ഇത്. പെരുവന്താനം മുതൽ മുറിഞ്ഞപുഴ വരെയുള്ള ഭാഗത്താണ് ഇവ. പാറകൾക്കിടയിൽ തട്ടി കല്ലുകൾ നിറഞ്ഞ് ഇരിക്കുന്നതാണ് മണ്ണിടിച്ചിലിന് സാധ്യത നൽകുന്നത്. മുറിഞ്ഞപുഴ മുതൽ വളഞ്ഞങ്ങാനം വരെയുള്ള ഭാഗത്ത് റോഡരികിൽ പാറകൾ ആയതിനാൽ മണ്ണിടിച്ചിൽ സാധ്യത കുറവാണ്.

മരങ്ങളും കാടുകളും
ഹൈറേഞ്ച് പാതയുടെ തുടക്കത്തിൽ മരുതുംമൂടിനു സമീപം റോഡിലേക്ക് വൻമരങ്ങൾ കടപുഴകി വീണതും അപകടത്തിൽ നിന്നു യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും പ്രദേശവാസികൾക്ക് മറക്കാൻ കഴിയില്ല. ഇത്തരത്തിൽ അപകടകരമായ ഒട്ടേറെ മരങ്ങൾ ഇനിയും റോഡരികിലുണ്ട്. ചില മരങ്ങളുടെ ചുവടുകളിൽ മണ്ണ് ഇളകി ഏത് സമയവും വീഴാറായ നിലയിലുമാണ്. ഒപ്പം റോഡിന്റെ ഒരു വശത്ത് മലകളിൽ മുഴുവൻ കാടുകൾ കയറി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com