ADVERTISEMENT

ചങ്ങനാശേരി ∙ എസി റോ‍ഡിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞു. മറിഞ്ഞ ബോർഡ് തെങ്ങിലും വൈദ്യുതി കേബിളിലും തട്ടി നിന്നതിനാൽ തൊട്ടടുത്ത് താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൻദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്നലെ രാത്രി 8.45നു കിടങ്ങറ രണ്ടാം പാലത്തിനു സമീപമാണ് അപകടം.

ഇവിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പരസ്യ ബോർഡാണ് അപകടത്തിനിടയാക്കിയത്. ശക്തമായ കാറ്റിൽ ബോർഡ് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന തെങ്ങിൽ ഇടിച്ച്  വൈദ്യുതി കേബിളിലും തട്ടി നിന്നതാണ് രക്ഷയായത്. സമീപത്തെ വൈദ്യുതി പോസ്റ്റും ചെരിഞ്ഞു.

ബോർഡിനു താഴെയുള്ള മൂന്ന് വീടുകളിലും ഈ സമയം ആളുകളുണ്ടായുരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവർ സംഭവമറിയുന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി പൂർണമായും നിലച്ചു. ഇത് അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.  ബോർഡ് സ്ഥാപിച്ച കമ്പനി അധികൃതരെ രാത്രി തന്നെ വിളിച്ചു വരുത്തി മാറ്റാനാണ് അഗ്നിരക്ഷാസേനയുടെ ശ്രമം. 

ഭീതി നിലനിൽക്കുന്നതിനാൽ വീടുകളിലേക്ക് ആളുകൾ മടങ്ങിയിട്ടില്ല. ഇവരെ സമീപത്തെ വീടുകളിലേക്ക് മാറ്റാനും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. കാറ്റ് കടന്നു പോകാനുള്ള ദ്വാരങ്ങളോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com