ADVERTISEMENT

കുമരകം ∙ ബസ്ബേ പല കുളങ്ങളായി മാറി. കനത്ത മഴയിൽ വെള്ളം കെട്ടി നിന്ന ഭാഗത്തു കൂടി ബസുകൾ നിരന്തരം ഓടിയതോടെ ഇവിടം പല കുളങ്ങളായി മാറുകയായിരുന്നു. മഴ മാറി നിന്ന ഇന്നലെ ആണു കുളം വ്യക്തമായി കാണാനായത്. കനത്ത മഴ പെയ്താൽ കുളം കവിഞ്ഞു വെള്ളം എത്തുന്നതോടെ ബസ്ബേ മുഴുവൻ വെള്ളക്കെട്ടിലാകും. വൈക്കം, ചേർത്തല ഭാഗത്തു നിന്നാണു ബസുകൾ എത്തുന്നത്. മഴക്കാലമായതോടെ ബസ്ബേയിൽ എത്തുന്ന യാത്രക്കാർ ബസിൽ കയറാൻ ബുദ്ധിമുട്ടുകയാണ്. ദിവസവും നൂറുകണക്കിനു യാത്രക്കാർ വന്നു പോകുന്ന സ്ഥലമാണിത്.

ബസ് കിടക്കുന്ന സ്ഥലത്തേക്കു വെള്ളത്തിലൂടെ നീന്തിപോകണം. ചെളി വെള്ളമായതിനാൽ പലരും നടക്കാറില്ല. സമീപത്തെ കടത്തിണ്ണയിൽ കയറി നിൽക്കുകയാണു യാത്രക്കാർ. ബസ് പുറപ്പെടാൻ സമയമാകുമ്പോൾ യാത്രക്കാർ റോഡ് വശത്തേക്കു പോയി അവിടെ നിന്നു ബസിൽ കയറിപ്പോകുന്നു. ബസ്ബേയിലേക്കു വരുന്ന ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനാൽ ഇവർക്കു വെള്ളത്തിൽ നീന്താതെ അടുത്ത ബസ് കിടക്കുന്ന ആറ്റാമംഗലം പള്ളി ഭാഗത്തേക്കു പോകാം.

കോണത്താറ്റ് പാലം പൊളിച്ചതിനെത്തുടർന്നു ബസുകൾക്കു പാർക്ക് ചെയ്യാൻ മണ്ണ് ഇറക്കി തയാറാക്കിയതാണ് ഇവിടം. മഴക്കാലമായതോടെ വെള്ളം കെട്ടി നിന്നു ചെളിക്കുളമായി മാറുകയായിരുന്നു. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചു ശുചിമുറി സൗകര്യം ഒരുക്കുന്നുണ്ട്. ബസ്ബേയിൽ വെള്ളക്കെട്ട് ഉണ്ടാകാത്ത വിധം മണ്ണിട്ട് ഉയർത്തിയില്ലെങ്കിൽ ഈ മഴക്കാലത്ത് ഇവിടേക്കു യാത്രക്കാർ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാകും. ബസ്ബേയുടെ നവീകരണത്തിനു പഞ്ചായത്ത് നടപടി എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

രണ്ടാമത്തെ സ്റ്റാൻഡും ചെളി നിറഞ്ഞു
ആറ്റാമംഗലം പള്ളിക്കു സമീപത്തെ റോഡ് വശത്തെ ബസ് സ്റ്റാൻഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടം പൂഴി മണ്ണ് കുഴഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബസ് ഉടമകൾ ചേർന്നാണു പാറ വേസ്റ്റ് ഇറക്കിയത്.തൽക്കാലം യാത്രക്കാർക്കു കുഴമ്പ് പരുവത്തിലുള്ള പൂഴിമണ്ണിൽ ചവിട്ടാതെ ബസിൽ കയറാം. എന്നാൽ ഇതിലൂടെ ബസുകൾ നിരന്തരം പോകുന്നതോടെ പഴയ പടിയാകും. മഴ കനത്താൽ ഇത് വേഗത്തിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com