ADVERTISEMENT

ളാക്കാട്ടൂർ ∙ ഒഴിഞ്ഞ കടമുറികൾ, മിഴിയടച്ച തെരുവുവിളക്കുകൾ – കൂരോപ്പട പഞ്ചായത്തിൽ വികസനമെന്നത് കിനാവായി മാത്രം കാണുന്ന ഒരു നാടുണ്ട്. പേര് മണ്ണനാൽതോട്. പ്രദേശത്ത് ആകെയുള്ള വികസനമെന്നത് മണ്ണനാൽതോട് പൗരസമിതിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ബസ് കാത്തിരിപ്പു കേന്ദ്രവും പൗരസമിതി ഓഫിസുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൗരസമിതി ഓഫിസ് കെട്ടിടത്തിലാണു 49ാം നമ്പർ ബൂത്ത് പ്രവർത്തിച്ചത്. അത്യാവശ്യ സാധനങ്ങൾ വാങ്ങണമെങ്കിൽ ളാക്കാട്ടൂരിലേക്കോ മറ്റു സമീപ പ്രദേശങ്ങളിലേക്കോ പോകണം. മുൻപ് ഏതാനും കടകൾ മണ്ണനാൽതോടിൽ പ്രവർത്തിച്ചിരുന്നു. കാലക്രമത്തിൽ പ്രദേശത്ത് കച്ചവടസ്ഥാപനങ്ങൾ എത്തി വികസനം സാധ്യമാകുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ നിലവിൽ ഒഴിഞ്ഞ കടമുറികൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പൗരസമിതി സെക്രട്ടറി എം.ആർ.പ്രഭാകരൻ പറയുന്നു.

റോഡിന്റെ അശാസ്ത്രീയ നിർമാണവും ഓടകളുടെ അഭാവവും കാരണം മഴക്കാലത്ത് റോഡിൽക്കൂടി കിഴക്കുനിന്നു വെള്ളം ഒഴുകിയെത്തുന്നതോടെ മണ്ണനാൽതോട് ജംക്‌ഷനിൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒട്ടേറെ കുടുംബങ്ങളുള്ള പ്രദേശമാണ് മണ്ണനാൽതോടിന്റെ സമീപ പ്രദേശങ്ങൾ. കുളത്തുങ്കൽത്താഴെ കോളനി, കടിയനാട്ടുകോളനി എന്നിവിടങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. എന്നാൽ പുറം ലോകവുമായി ഇവരെ ബന്ധിപ്പിക്കുന്ന റോഡ് കാൽനടയാത്ര മാത്രം സാധ്യമാകുന്നതാണ്.

ഇതിനു പരിഹാരമായി രണ്ടാം വാർഡിന്റെ പടിഞ്ഞാറേ വശം ചേർന്നു പോകുന്ന വീതി കുറഞ്ഞ റോഡ് നവീകരിക്കുകയാണ് ഏക മാർഗം. കൂടാതെ പ്രദേശത്ത് ജലദൗർലഭ്യവും രൂക്ഷമാണ്. സമീപപ്രദേശങ്ങളിലെല്ലാം വികസനം സാധ്യമായിട്ടും മണ്ണനാൽതോടിൽ വികസനം എത്തിനോക്കിയിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലയിലും പ്രദേശം പിന്നിലാണ്. അതിനാൽ മണ്ണനാൽതോടിന്റെ സമഗ്ര വികസനം സാധ്യമാകുന്ന പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാടിന്റെ ആവശ്യം.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com