ADVERTISEMENT

തലയോലപ്പറമ്പ് ∙ എയിംസ് പുതിയ കേന്ദ്ര മന്ത്രിമാരിൽ പ്രതീക്ഷയേകി വെള്ളൂർ. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള വെള്ളൂരിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, സ്വന്തം ജില്ലക്കാരനായ ജോർജ് കുര്യൻ എന്നിവരിൽ പ്രതീക്ഷയേകി കാത്തിരിക്കുകയാണ് നാട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്‌ഥാപിക്കുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതോടെ സ്ഥല, ഗതാഗതം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുള്ള വെള്ളൂരിനു പ്രഥമ പരിഗണന നൽകണം എന്നതാണ് നാടിന്റെ ആവശ്യം. 200 ഏക്കർ സ്ഥ‌ലം എയിംസിനായി ആകെ വേണ്ടത്. കെപിപിഎല്ലിന്റെ സ്ഥലത്തു നിന്നും ഇത് അനുവദിച്ചു നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം.

∙ വെള്ളൂരിൽ ഗതാഗത സൗകര്യങ്ങൾ ഏറെയാണ്. റെയിൽ ഗതാഗതത്തിനായി പിറവം റോഡ് റെയിൽവേ സ്‌റ്റേഷനുണ്ട്. റോഡ് മാർഗം കോട്ടയം എറണാകുളം റൂട്ടിൽ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളിൽ നിന്ന് 5 കിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളൂരിൽ എത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 56കിലോമീറ്റർ ദൂരം. ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസായ മൂവാറ്റുപുഴയാർ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്.

∙ കേരളത്തിൽ ഏറ്റവുമധികം സാംക്രമിക രോഗികൾ ഉള്ളത് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്. ഈ രണ്ടു ജില്ലകളും വൈക്കം താലൂക്കുമായി അതിർത്തി പങ്കിടുന്നു. എയിംസിലൂടെ ഫലപ്രദമായ രോഗ നിവാരണം, പ്രതിരോധം എന്നിവ സാധ്യമാകും. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ശുദ്ധജലം ലഭിക്കുന്ന തുറസ്സായ ഗ്രാമപ്രദേശങ്ങളിൽ ആയിരിക്കണം എയിംസ് സ്‌ഥാപിക്കേണ്ടത് എന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.

∙ വിദേശ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ എയിംസിലേക്ക് വന്നെത്തും. നാട്ടുകാർക്ക് ഹോം സ്റ്റേകൾ നിർമിക്കാനും മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയും.
∙ വെള്ളൂർ പഞ്ചായത്ത് നിവാസികൾ 40 വർഷം മുൻപ് വളരെ പ്രതീക്ഷകളോടെ തുച്ഛമായ വിലയ്ക്ക് അഞ്ഞൂറിലധികം ഏക്കർ ഭൂമി പേപ്പർ ഫാക്ടറിക്കു വേണ്ടി വിട്ടുകൊടുത്തതാണ്. എന്നാൽ അതിന്റെ കാര്യമായ പ്രയോജനം ഇവിടെയുള്ള ജനങ്ങൾക്കു കിട്ടിയില്ല. എയിംസ് വെള്ളൂരിൽ യാഥാർഥ്യമായാൽ അനേകം തൊഴിലവസരങ്ങൾ ഉണ്ടാകും. ഗതാഗതം, ജലം, വൈദ്യുതി, ഭൂമി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് സർക്കാരിന്റേതായി തന്നെ സംവിധാനങ്ങൾ ഉള്ളതിനാൽ പണച്ചെലവും നിർമാണത്തിലുള്ള കാലതാമസവും കുറയ്ക്കാം.

∙ പഴയ എച്ച്എൻഎൽ ആരംഭിക്കുന്നതിനായി 687ഏക്കർ ഭൂമിയാണ് നൽകിയിരുന്നത്. കോട്ടയം എറണാകുളം ജില്ലയുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് വെള്ളൂർ, നേരേകടവ് – മാക്കേക്കടവ് പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലക്കാർക്കും ഇവിടേക്ക് എത്തിപ്പെടാൻ ഏറെ എളുപ്പമാണ്.
∙ വെള്ളൂരിൽ എയിംസ് ആരംഭിക്കാൻ ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനു നിവേദനം നൽകിയതായി യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ കാരിക്കോട് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും നേതൃത്വത്തിലും നിവേദനം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com