ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ ആകെ ഒരു ബസിനു മാത്രം കടന്നു പോകാൻ കഴിയുന്ന വഴി. നൂൽപാലത്തിലൂടെ കടന്നു പോകുന്ന അവസ്ഥ. തെല്ലിട മാറിയാൽ വശത്തെ കടയിൽ ഇടിക്കും. അതിനിടെ അനധികൃത പാർക്കിങ്ങും. ബസ് ഡ്രൈവർമാരുടെ വൈദഗ്ധ്യം കാണണമെങ്കിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന വഴിയിലും ഇറങ്ങുന്ന വഴിയിലും വന്നു നോക്കണം. കാൽനട യാത്രികർ കടന്നു പോകുന്നത് ജീവൻ പണയം വച്ച്.ഇതെല്ലാം കണ്ടു മടുത്ത ബസ് ഉടമകളും ജീവനക്കാരും ചേർന്നു സ്റ്റാൻഡിൽ സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. 

ബസ് സ്റ്റാൻഡിലും സ്റ്റാൻഡിൽ നിന്നിറങ്ങുന്ന റോഡിലുമുള്ള അനധികൃത പാർക്കിങ്ങാണ് സുഗമമായ ഗതാഗതത്തിനു തടസ്സം. ഇടുങ്ങിയ പ്രവേശന കവാടത്തിലും, ഇറങ്ങുന്ന വഴിയിലും ഒരു ബസിനു മാത്രം കടന്നു പോകാനുള്ള വീതി മാത്രമാണുള്ളത്. ഇവിടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ ബസുകൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടാണ്. ഇതിനിടയിലൂടെ നടന്നു പോകുന്നവർക്ക് അപകട സാധ്യതയും വർധിച്ചു. 

തെല്ലിട മാറിയാൽ ബസിനടിയിൽപ്പെടുന്ന സ്ഥിതി. ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ, കാറുകൾ, പാഴ്സൽ വാഹനങ്ങൾ തുടങ്ങി നാഷനൽ പെർമിറ്റ് ലോറി വരെയുള്ളവയുടെ അനധികൃത പാർക്കിങ്ങാണ് പ്രശ്നങ്ങൾക്ക് കാരണം. സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുന്ന സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്ത് രാവിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ പിന്നീട് വൈകിട്ടാണ് മാറ്റുക. സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിലും ഇറങ്ങുന്ന വഴിയിലും ഇരുചക്ര വാഹനങ്ങൾ മുതൽ ലോറികൾ വരെയാണ് പാർക്ക് ചെയ്യുന്നത്. 

സ്റ്റാൻഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കുക, സ്റ്റാൻഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന റോഡിലെ അനധികൃത പാർക്കിങ് ഒഴിവാക്കി ബസുകൾക്ക് കയറുന്നതിനുള്ള സൗകര്യം ഒരുക്കുക, ബസിനകത്ത് ഭിക്ഷാടനം ഒഴിവാക്കുക, ട്രാഫിക് അവലോകന യോഗങ്ങളിൽ ബസ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി കെ.എസ്.ജയകൃഷ്ണൻ നായർ പൊലീസിനു നിവേദനം നൽകിയത്. ഇതോടൊപ്പം ദേശീയ പാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ബസ് ബേകളിൽ പാർക്കിങ്, കച്ചവടം എന്നിവ പൂർണമായും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ബസ് ഉടമകൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com