ADVERTISEMENT

കോട്ടയം ∙ മെഡിക്കൽ കോളജിൽ ഭീതി പടർത്തി തെരുവുനായ്ക്കൂട്ടം. അത്യാഹിത വിഭാഗത്തിലും ഒപിയിലും ഉൾപ്പെടെ നായ്ക്കൾ വിലസുകയാണ്. 4 മാസത്തിനിടെ 20 പേർക്കാണ് കടിയേറ്റത്. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെ പട്ടിക നീളുകയാണ്. ഇന്നലെ ക്യാംപസിനുള്ളിൽ വച്ച് 6 മെഡിക്കൽ വിദ്യാർഥികൾക്ക് കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. 6 മാസം മുൻപ് ആശുപത്രിയിലെ വനിതാ ജീവനക്കാരിയെ പാർക്കിങ് ഗ്രൗണ്ടിൽ വച്ച് പിന്തുടർന്ന് ആക്രമിച്ചിരുന്നു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർക്കും ആശുപത്രി വളപ്പിൽ വച്ച് കടിയേറ്റിരുന്നു. കഴിഞ്ഞ മാസം ഗൈനക്കോളജി വിഭാഗത്തിനു സമീപം ഒരു സെക്യൂരിറ്റി ജീവനക്കാരനു 2 തവണ കടിയേറ്റു.

ആവശ്യത്തിലധികം ഭക്ഷണവും താവളമടിക്കാൻ അനുകൂലമായ സാഹചര്യവും ഉള്ളതിനാലാണ് തെരുവ് നായ്ക്കൾ മെഡിക്കൽ കോളജ് വളപ്പിൽ താവളമടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഗൈനക്കോളജി വിഭാഗം, വനിതാ– മെൻസ് ഹോസ്റ്റൽ, അത്യാഹിത –ഒപി വിഭാഗം, ഭക്ഷണ വിതരണ കേന്ദ്രം, കാർഡിയോളജി ബ്ലോക്ക് തുടങ്ങി ആശുപത്രിയിലെ ആൾത്തിരക്കുള്ള എല്ലാ മേഖലകളിലും തെരുവുനായ്ക്കളുടെ സാന്നിധ്യമുണ്ട്. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇരിപ്പിടങ്ങൾക്കടിയിലാണ് പകൽ സമയത്ത് ഇവ കിടന്നുറങ്ങുന്നത്.

ഓടിച്ചുവിടാൻ ശ്രമിച്ചാൽ കൂട്ടത്തോടെ എത്തിയാകും ആക്രമണം. ഭക്ഷണപ്പൊതിയുമായി പോകുന്നവരെ പിന്നാലെ കൂടി ആക്രമിക്കുന്നത് പതിവാണ്. തമ്മിൽ കടിപിടി കൂടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും നിത്യസംഭവം. തെരുവ് നായ്ക്കൾ അക്രമാസക്തരായി ആശുപത്രി കയ്യടക്കിയിട്ടും പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കോമ്പല്ലിൽ കുരുങ്ങി ഗൈനക്കോളജി വിഭാഗം
കോട്ടയം മെ‍ഡിക്കൽ കോളജിൽ തെരുവുനായ ശല്യം ഏറ്റവും കൂടിയ ഇടമാണ് ഗൈനക്കോളജി വിഭാഗം. അറുപതോളം നായ്ക്കൾ ഇവിടെ മാത്രമുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മെഡിക്കൽ കോളജിലെ ഏറ്റവും അപകടകാരികളായ നായ്ക്കളും ഇവിടെയാണ് ഉള്ളത്. പകൽ സമയത്ത് പല സ്ഥലങ്ങളിലായി കഴിയുന്ന ഇവ രാത്രിയോടെ ഗൈനക്കോളജി വിഭാഗത്തിനു മുന്നിലെത്തും.

5 മാസം; കടിയേറ്റവർ 9779
കഴിഞ്ഞ 5 മാസത്തിനിടെ കോട്ടയം ജില്ലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത് 9779 പേർക്കാണ്. ഒരു മാസം ശരാശരി 1800 മുതൽ 2000 വരെ ആളുകൾക്ക് ആക്രമണം നേരിടേണ്ടിവരുന്നുണ്ടെന്നാണ് വിവരം. ജനുവരി–2056, ഫെബ്രുവരി–1949, മാർച്ചിൽ 1950, ഏപ്രിൽ–1922, മേയ്– 1902 എന്നിങ്ങനെയാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com