ADVERTISEMENT

കുമരകം ∙ വിനോദ സഞ്ചാര കേന്ദ്രമായ കുമരകം കേന്ദ്രമാക്കി കഞ്ചാവ് വിൽപന നടത്തുന്നതിനിടെ 2 യുവാക്കൾ എക്സൈസിന്റെ പിടിയിൽ. ഇവരിൽ നിന്നു 4 കിലോ കഞ്ചാവും പിടികൂടി. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ (29), പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഒഡീസയിൽ നിന്നു ട്രെയിനിൽ വിൽപനയ്ക്കു കൊണ്ടു വന്നതാണു കഞ്ചാവ്. സ്വകാര്യ റിസോർട്ടിൽ നിന്നു നീല ഷോൾഡർ ബാഗിൽ കഞ്ചാവുമായി ഇടപാടുകാർക്ക് നൽകുന്നതിനായി ബാങ്ക് പടി ജംക്‌ഷനിലേക്ക് വരുന്നതിനിടയിൽ മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇന്റലിജൻസ് ടീം ഇവരെ പിടികൂടുകയായിരുന്നു.എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ്  പിടികൂടിയത്.

ഒ‍‍ഡീസയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം പൊലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെടാതിരിക്കാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ചു  വിൽപന നടത്തുകയായിരുന്നു പിടിയിലായവർ.കുമരകത്തും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും  എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇതോടെ പിടിയിലാവുന്നതെന്നു പൊലീസ് പറഞ്ഞു.

 സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്നു എക്സൈസ് അധികൃതർ പറഞ്ഞു. റെയ്ഡിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി. ഞള്ളിയിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് നന്ത്യാട്ട്, സി.ജെ. ജ്യോതി, പി.ബി.ബിജു എന്നിവരും എക്സൈസ് സ്പെഷൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി. ഗോപിനാഥ്, കെ.സി. ബൈജു മോൻ, പ്രിവന്റീവ് ഓഫിസർമാരായ ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സുനിൽകുമാർ,എം.ജി. പ്രദീപ് എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com