ADVERTISEMENT

മോനിപ്പള്ളി ∙ ടൗണിനു സമീപത്തെ 5 വീടുകളിൽ ഒറ്റരാത്രി മോഷണവും മോഷണ ശ്രമവും. രണ്ടു വീടുകളിൽ നിന്നും പണം ഉൾപ്പെടെ കവർന്നു. 3 വീടുകളിൽ മോഷണശ്രമം നടന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. 5 വീടുകളും അടുത്തടുത്താണു സ്ഥിതി ചെയ്യുന്നത്. മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണു സൂചന.

ചെള്ളിക്കുന്നേൽ റോയി, തത്തംകിണറ്റുകര ജോണി എന്നിവരുടെ വീടുകളിൽ നിന്നാണ് പണം അപഹരിച്ചത്. ചെള്ളിക്കുന്നേൽ മേരി, ജോസഫ് തത്തംകിണറ്റുകര,സിൽവി മണിയിലപ്പാറ എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ചെള്ളിക്കുന്നേൽ റോയിയുടെ വീടിന്റെ അടുക്കള വാതിൽ തുറന്ന നിലയിലാണ്.  വീടിനകത്തു സ്വീകരണ മുറിയിൽ വച്ചിരുന്ന 2000 രൂപ അപഹരിച്ചു. തത്തംകിണറ്റുകര ജോണിയുടെ വീടിന്റെ ജനൽപാളികൾ തുറന്നു മുറിയിലെ മേശയുടെ മുകളിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ഓസ്ട്രേലിയൻ ഡോളറും സൂക്ഷിച്ചിരുന്ന ബാഗ് കവർന്നു.

പണവും ഡോളറും എടുത്ത ശേഷം ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വീടിന്റെ ഗേറ്റിനു സമീപം കണ്ടെത്തി. ഇതിൽ വിലപ്പിടിപ്പുള്ള രേഖകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. ചെള്ളിക്കുന്നേൽ റോയിയുടെ തറവാട് വീട്ടിൽ മോഷണശ്രമം ആണ് നടന്നത്. ഇവിടെ റോയിയുടെ അമ്മ മേരി മാത്രമാണ് താമസിക്കുന്നത്. ഞായറാഴ്ച റോയിയുടെ സഹോദരന്റെ വീട്ടിലായിരുന്നു മേരി. ഇന്നലെ രാവിലെ തിരികെയെത്തിയപ്പോഴാണു മോഷണശ്രമം നടന്നതായി അറിയുന്നത്. 


വീടിന്റെ പിന്നിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്ത് കയറിയ മോഷ്ടാക്കൾ മുറിയിലെ അലമാരയും മറ്റും വാരിവലിച്ചു ഇട്ടിട്ടുണ്ട്. പണം ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടില്ല. മണിയിലപ്പാറ വീട്ടിലും മോഷണശ്രമം നടന്നു. വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം വ്യാപകമായതോടെ മോനിപ്പള്ളി മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട്.

മഴക്കാലത്തെ മോഷണം: ശ്രദ്ധിക്കുക (പൊലീസ് നൽകുന്ന നിർദേശങ്ങൾ)
∙ വാതിലിന്റെ പൂട്ടുകൾ ഭദ്രത ഉള്ളതാണെന്നു ഉറപ്പ് വരുത്തുക.
∙ ജനൽപാളികൾ രാത്രി അടച്ചിടുക.
∙ അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ സംസാരിക്കുക.
∙ അപരിചിതരായ സന്ദർശകർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക.
∙ വീടിനു പുറത്തും പിന്നിലും അടുക്കള ഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
∙ വീടിന് പുറത്ത് പാര, തൂമ്പ, മഴു, ഗോവണി തുടങ്ങിയവ അലക്ഷ്യമായി സൂക്ഷിക്കരുത്. ∙ രാത്രി .വീടിനു പുറത്ത് ആളനക്കമോ മറ്റു ശബ്ദമോ ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെയോ അയൽക്കാരെയോ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയോ അറിയിക്കുക.
∙ വീടു പൂട്ടിപ്പോകുന്ന സമയം പുറത്തു ലൈറ്റിട്ടിട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടർച്ചയായി ലൈറ്റ് കത്തിക്കിടക്കുന്നത് മോഷ്ടാക്കൾക്ക് സൂചന നൽകും.
∙ സ്വർണാഭരണങ്ങൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
∙ കഴിയുന്നതും രാത്രിയാത്ര ഒഴിവാക്കുക. നേരത്തേ വീട്ടിൽ മടങ്ങിയെത്താൻ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com