ADVERTISEMENT

കോട്ടയം ∙ ഇന്നലത്തെ പകൽ കാര്യമായ മഴ പെയ്തില്ലെങ്കിലും പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം. കഴിഞ്ഞ ദിവസം ഒന്നരയടി വെള്ളം ഉയർന്നു. കുമരകം റോഡിന്റെ ഇല്ലിക്കൽ, ആമ്പക്കുഴി ഭാഗങ്ങളിൽ വെള്ളം കയറി. ഗതാഗതതടസ്സം ഉണ്ടായിട്ടില്ല. ചെങ്ങളം, കാഞ്ഞിരം, തിരുവാർപ്പ്, കുമ്മനം പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിലായി. കാഞ്ഞിരം ജംക്‌ഷനിലും വെള്ളം കയറി. പാടശേഖരങ്ങളുടെ പുറംബണ്ട് ഭാഗത്ത് താമസിക്കുന്നവരാണു വെള്ളപ്പൊക്കരൂക്ഷത ഏറെ അനുഭവിക്കുന്നത്. ഏറ്റുമാനൂരിൽ മീനച്ചിലാർ കരകവിഞ്ഞു. തീരപ്രദേശത്തുള്ളവർ ആശങ്കയിലാണ്. ഇടറോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. മഴയും മലവെള്ളപ്പാച്ചിലുമുണ്ടായാൽ പ്രദേശത്ത് നൂറുകണക്കിനു വീടുകൾ വെള്ളത്തിലാകും. ഇന്നലെ വൈകുന്നേരത്തോടെയാണ് മീനച്ചിലാർ കരകവിഞ്ഞത്. സമീപത്തെ പാടശേഖരങ്ങളും മറ്റു കൃഷിയിടങ്ങളും വെള്ളത്തിലാണ്. പായിപ്പാട് തുരിത്തിപ്പാടം വെള്ളം കയറിയതോടെ തുരുത്തിലുള്ള കുടുംബങ്ങൾ ആശങ്കയിലായി.  

നിറമഴ:  മഴ ശക്തമായതോടെ നീർച്ചാലുകൾ സജീവമായി. കോട്ടയത്തിന്റെ കിഴക്കൻ പ്രദേശമായ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ചയാണിത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എന്നു പേരുള്ള അരുവിക്കച്ചാൽ വെള്ളച്ചാട്ടം നിറഞ്ഞ് ഒഴുകുകയാണ്. പൂഞ്ഞാർ– മുണ്ടക്കയം റോഡിൽ പാതാമ്പുഴയ്ക്ക് അടുത്താണ് അരുവിക്കച്ചാൽ. 

ചിത്രം: ജിൻസ് മൈക്കിൾ/ മനോരമ
നിറമഴ: മഴ ശക്തമായതോടെ നീർച്ചാലുകൾ സജീവമായി. കോട്ടയത്തിന്റെ കിഴക്കൻ പ്രദേശമായ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ചയാണിത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എന്നു പേരുള്ള അരുവിക്കച്ചാൽ വെള്ളച്ചാട്ടം നിറഞ്ഞ് ഒഴുകുകയാണ്. പൂഞ്ഞാർ– മുണ്ടക്കയം റോഡിൽ പാതാമ്പുഴയ്ക്ക് അടുത്താണ് അരുവിക്കച്ചാൽ. ചിത്രം: ജിൻസ് മൈക്കിൾ/ മനോരമ

മഴ തുടർന്നാൽ ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കുമെന്ന് ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര അറിയിച്ചു. മലയോര മേഖലയിൽ ഇന്നലെ പകൽ മഴ കുറഞ്ഞു. ഒറ്റപ്പെട്ട മഴ മാത്രമാണ് ബുധനാഴ്ച രാത്രി മുതൽ മേഖലയിൽ പെയ്തത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോസ്‌വേയിൽ വെള്ളം ഇറങ്ങിയതോടെ വാഹനങ്ങൾ ഓടിത്തുടങ്ങി. കോസ്‌വേ മുങ്ങിയതോടെ 400 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. മണിമല, പമ്പ, അഴുത ആറുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. അറുത്തൂട്ടി കവലയ്ക്കു സമീപം വലിയങ്ങാടിയിൽ കൊച്ചാനയിൽ തടിമില്ലിനു മുകളിലേക്കു തണൽമരം കടപുഴകി വീണ് മേൽക്കൂര പൂർണമായി തകർന്നു. മെഷീനുകൾക്കു കേടുപാടു സംഭവിച്ചു. തിരുവാതുക്കൽ, മാണിക്കുന്നം പതിനാറിൽച്ചിറ, പാണംപടി, മലരിക്കൽ, കാഞ്ഞിരം, ചെങ്ങളം, കുമരകം, താഴത്തങ്ങാടി പ്രദേശങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു.  കോട്ടയം– കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപം ഇന്നലെ വൈകിട്ട് ചുഴലിക്കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കും ബൈക്ക് റോഡിലേക്കും മറിഞ്ഞുവീഴുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചു.

8 ക്യാംപുകൾ 
ജില്ലയിൽ 8 ക്യാംപുകൾ തുറന്നു. കോട്ടയം താലൂക്കിൽ 8 ക്യാംപുകളിലായി 30 കുടുംബങ്ങളിൽ നിന്നുള്ള 95 പേരെ പാർപ്പിച്ചിട്ടുണ്ട്. 

കുമരകം കണ്ണാടിച്ചാൽ കൊല്ലകേരി പാടശേഖരത്തിന് സമീപത്തെ കണ്ണങ്കേരി സി.കെ.ഷാജിയുടെ വീടിന്റെ മേൽക്കൂര ചുഴലിക്കാറ്റിൽ പറന്നു സമീപത്തെ പാടത്തേക്കു വീണ 

നിലയിൽ
കുമരകം കണ്ണാടിച്ചാൽ കൊല്ലകേരി പാടശേഖരത്തിന് സമീപത്തെ കണ്ണങ്കേരി സി.കെ.ഷാജിയുടെ വീടിന്റെ മേൽക്കൂര ചുഴലിക്കാറ്റിൽ പറന്നു സമീപത്തെ പാടത്തേക്കു വീണ നിലയിൽ

വീശിയടിച്ച കാറ്റിൽ മേൽക്കൂര പറന്നു
കുമരകം ∙ വീശിയടിച്ച ചുഴലിക്കാറ്റിന് ഒപ്പം പറന്നുപോയത് കണ്ണാടിച്ചാൽ സ്വദേശി സി.കെ.ഷാജിയുടെ വീടും ഒരുപിടി സ്വപ്നങ്ങളുമാണ്. കൊല്ലകേരി പാടശേഖരത്തിനു സമീപം കണ്ണങ്കേരി ഷാജിക്കും കുടുംബത്തിനും 8 വർഷം മുൻപ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ മേൽക്കൂര ചുഴലിക്കാറ്റിൽ പറന്നുപോയി. സംഭവത്തെക്കുറിച്ച് ഷാജി പറയുന്നത് ഇങ്ങനെ–‘കാറ്റടിക്കാറുള്ള പ്രദേശമാണിവിടം. ആദ്യം ഗൗനിച്ചില്ല. എന്നാൽ ആറരയോടെ മട്ടും ഭാവവും മാറി. കാതടപ്പിക്കുന്ന ശബ്ദത്തോടെ എന്തോ വരുന്നതു പോലെ തോന്നി. വീടിനു പുറത്തിരുന്ന അമ്മയോടും ഭാര്യയോടും മക്കളോടും വീടിനുള്ളിൽ കയറാൻ പറഞ്ഞിട്ട് കതകടച്ചതേ ഓർമയുള്ളൂ. വീടിന്റെ മേൽക്കൂര ആകാശത്ത് വട്ടം ചുറ്റുന്നതാണ് പിന്നീടു കണ്ടത്. കുടുംബത്തെ നിന്നിടത്തു തന്നെ ചേർത്തുപിടിച്ചുനിർത്തി.

എല്ലാം ശാന്തമായപ്പോൾ കാണുന്നത് വീടിന്റെ മേൽക്കൂര മീറ്ററുകൾ അപ്പുറം പാടത്ത് കിടക്കുന്നതാണ്. സംഭവ സമയത്ത് വീടിനുള്ളിൽ അമ്മ ദേവയാനിയും ഭാര്യ അഞ്ജുവും മക്കളായ അദ്വൈതും അർച്ചിതയുമാണ് ഉണ്ടായിരുന്നത്. ഭാഗ്യം കോണ്ടുമാത്രമാണ് ഇവർ രക്ഷപ്പെട്ടത്.’ ഷാജിയുടെ അമ്മ ദേവയാനിയുടെ ഭീതി മാറിയിട്ടില്ല. എല്ലാം നശിച്ചു. മക്കളുടെ പുസ്‌തകങ്ങൾ പോലും ബാക്കിയില്ല. ജീവൻ തിരിച്ചുകിട്ടിയത്‌ ഭാഗ്യം- ദേവയാനി പറഞ്ഞു.കുമരകം ബോട്ട് ജെട്ടിക്കു സമീപത്തെ ബന്ധുവീട്ടിലേക്ക്‌ ഇവർ താമസം മാറ്റി. വഴിയില്ലാത്തിനാലും മറ്റു തടസ്സങ്ങൾ കാരണവും വീടിന്റെ പണി പൂർത്തിയാക്കാൻ ഷാജിക്കു കഴി‍ഞ്ഞില്ല.  ട്രെസ് വർക്ക് ചെയ്ത് താൽക്കാലികമായി ഒരുക്കിയ മേൽക്കൂരയാണ് കാറ്റത്ത് പറന്നുപോയത്. വീട്ടിലെ വൈദ്യുതോപകരണങ്ങളടക്കം ഉപയോഗശൂന്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com