ADVERTISEMENT

കോട്ടയം ∙ ആകാശപ്പാത പദ്ധതിക്കെതിരെ സിപിഎം പ്രമേയം പാസാക്കിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ. നിയമപരവും സാങ്കേതികവുമായ കാരണങ്ങൾ നിരത്തി മന്ത്രി കെ.ബി.ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞതിനു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വസ്തുതാപരമായി മറുപടി പറയണം. എംഎൽഎ സിപിഎമ്മിനെ പഴിചാരുകയാണ്. സർക്കാരിന് ഉണ്ടായ നഷ്ടം തിരിച്ചടച്ച് ജനങ്ങളോട് എംഎൽഎ മാപ്പു പറയണം. 

കോട്ടയത്തിന്റെ ഭാവി വികസനത്തിന് ആകാശപ്പാത തടസ്സമാണ്. എംഎൽഎയോട് 10 ചോദ്യങ്ങൾ സിപിഎം നേതാക്കൾ ഉന്നയിച്ചു. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. നഗരത്തിൽ അനവസരത്തിൽ അശാസ്ത്രീയമായ രീതിയിൽ പണിത നിർമിതിയായിട്ടാണ് ആകാശപ്പാതയെ സിപിഎം കാണുന്നത്. ശാസ്ത്രി റോഡിന്റെ നടുക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ വലിയ തുണുകൾ സ്ഥാപിച്ചു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാതെ തട്ടിക്കൂട്ട് നിർമാണം നടത്തി വികസനമെന്നു വരുത്താനുള്ള തത്രപ്പാടാണ് എംഎൽഎ നടത്തിയതെന്നും നേതാക്കൾ പറഞ്ഞു.

ആകാശപ്പാതയുടെ ചുറ്റളവിനു പുറത്താണ് ഒരു തൂൺ. പിന്നീട് അതു കൂട്ടിച്ചേർത്തു. ലിഫ്റ്റുകൾ സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു വിജ്ഞാപനം ഇറക്കിയില്ല. ഉമ്മൻ ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിയുടെ നിർമാണോദ്ഘാടനം എംഎൽഎ നടത്തിക്കുകയായിരുന്നു. ആകാശപ്പാതയുടെ മുകളിൽ കച്ചവട സ്ഥാപനങ്ങളും ഗാന്ധിസ്മൃതി മണ്ഡപവും സ്ഥാപിക്കുമെന്നു പിന്നീട് പ്രഖ്യാപിച്ചു. ഇതൊക്കെ അംഗീകൃത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കണമെന്നു സിപിഎം നേതാക്കളായ കെ.അനിൽകുമാർ, കെ.ആർ. രാധാകൃഷ്ണൻ, റജി സഖറിയ എന്നിവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com