ADVERTISEMENT

കുറവിലങ്ങാട് ∙ എംസി റോഡിൽ കോഴാ ജംക്‌ഷനിലെ ഡിവൈഡറിൽ ഇടിച്ചു തടിലോറി മറിഞ്ഞു. ഡ്രൈവർ തിരുവനന്തപുരം സ്വദേശി സന്തോഷിനു (34) നിസ്സാര പരുക്കേറ്റു.

ഇന്നലെ പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തെ തുടർന്ന് 9 മണിക്കൂർ എംസി റോഡിൽ ഗതാഗതം ഭാഗികമായി മുടങ്ങി. മറിഞ്ഞ ലോറിയിൽ നിന്നു തടികൾ മറ്റൊരു ലോറിയിലേക്കു മാറ്റിയ ശേഷമാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്.

തിരുവനന്തപുരത്തുനിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. തടികൾ റോഡിലാകെ നിരന്നു. 5 മണിക്കൂറിനു ശേഷമാണ് ക്രെയിൻ എത്തിച്ചു തടികൾ മാറ്റി ലോറി ഉയർത്തുന്ന ജോലി ആരംഭിച്ചത്.

രണ്ടരയോേടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് പുറത്തെടുത്തത്. ലോറിയിടിച്ചു ഡിവൈഡറിന്റ ഒരു ഭാഗവും തകർന്നിട്ടുണ്ട്.

അപകടങ്ങൾ നൂറിലേറെ
കുറവിലങ്ങാട് ∙ കോഴാ ജംക്‌ഷനിൽ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഡിവൈഡർ സ്ഥാപിച്ച ശേഷം നടന്നത് നൂറിലധികം വാഹന അപകടങ്ങൾ. രണ്ടാം തവണയാണ് ഇവിടെ തടി ലോറി മറിയുന്നത്.

വിവിധ അപകടങ്ങളിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. പക്ഷേ അശാസ്ത്രീയ ഡിവൈഡർ നീക്കം ചെയ്യാനോ വീതി കുറയ്ക്കാനോ നടപടി ഇല്ല.

കുറവിലങ്ങാട് സെൻട്രൽ ജംക്‌‌ഷൻ, കോഴാ, പുതുവേലി വൈക്കം കവല എന്നിവിടങ്ങളിലാണ് ഡിവൈഡറുകൾ ഉള്ളത്. മൂന്നു സ്ഥലങ്ങളും അപകടമേഖലയാണ്.

നിർമിക്കുമ്പോഴേ പരാതി 
കോഴാ ജംക്‌ഷനിലെ ഡിവൈഡറിനെക്കുറിച്ച് നിർമാണ സമയത്തു തന്നെ പരാതി ഉയർന്നിരുന്നു. ആഴ്ചയിൽ മൂന്നും നാലും വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നുണ്ട്.

വ്യാപാരികൾ ഉൾപ്പെടെ ഭീതിയിലാണ്. കുറവിലങ്ങാട് സെൻട്രൽ ജംക‌്ഷനിലെ ഡിവൈഡറിലും അപകടസാധ്യത കൂടുതലാണ്. ഇവിടെയും രാത്രി വാഹനം ഇടിച്ചു കയറുന്നത് പതിവാണ്. 

പുതുവേലിയിലെ ഡിവൈഡർ ആണ് ഏറ്റവും അപകടസാധ്യത കൂടിയത്. ഇവിടെ കൂത്താട്ടുകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു ഡിവൈഡർ വേഗത്തിൽ കാണാൻ സാധിക്കില്ല. 

പരിശോധന, പരിഷ്കാരം
എംസി റോഡിൽ കോട്ടയം മുതൽ ജില്ലാ അതിർത്തിയായ പുതുവേലി വരെ കഴിഞ്ഞ ദിവസം നാറ്റ്പാക് സംഘം പരിശോധന നടത്തിയിരുന്നു. ഇതോടെ പരിഷ്കാരങ്ങൾക്കു സാധ്യത തെളിഞ്ഞിട്ടുണ്ട്.

നിയന്ത്രണമില്ലാതെ ലോറി
എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിൽ നിയന്ത്രണം ഇല്ലാതെ തടിലോറികൾ. തിരുവനന്തപുരം മുതൽ തെക്കൻ ജില്ലകളിൽ നിന്നു പുറപ്പെട്ടു മരത്തടി വ്യാപാരത്തിന്റെ കേന്ദ്രമായ പെരുമ്പാവൂരിലേക്കു പോകുന്ന ലോറികൾക്കു നിയമങ്ങൾ ബാധകമല്ലാത്ത അവസ്ഥയാണ്. അമിതഭാരം കയറ്റി പോകുന്ന ലോറികളിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതർ തയാറാവുന്നില്ല.

ഡിവൈഡർ സൃഷ്ടിക്കുന്ന അപകടസാധ്യത കുറയ്ക്കുന്നതിനു നടപടി വേണം.

അശാസ്ത്രീയ ഡിവൈഡർ പൊളിച്ചു മാറ്റണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com