ADVERTISEMENT

കോട്ടയം ∙ താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര ക്ഷേത്രരഥത്തിൽ ഹനുമാൻ ശിൽപം സ്ഥാപിച്ചു. ആർപ്പൂക്കര ഗൗഡ സാരസ്വത ബ്രാഹ്മണസമാജമാണ് ഹനുമാൻ ശിൽപം തയാറാക്കിയത്. തടിയിൽ തീർത്ത ശിൽപത്തിന് 126 സെന്റീമീറ്റർ ഉയരവും 40 കിലോ തൂക്കവുമുണ്ട്. 2023ൽ ചലച്ചിത്രതാരം സുരേഷ് ഗോപി എംപി ഉത്സവസമയത്ത് ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ഹനുമാൻ ശിൽപ നിർമാണത്തിനു സഹകരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. പറഞ്ഞ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ശിൽപസമർപ്പണച്ചടങ്ങിനെത്തി. പുഷ്പാർച്ചന നടത്തി ആരതി ഉഴിഞ്ഞ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ജില്ലയിലെ ഏക വെങ്കിടേശ്വര ക്ഷേത്രമാണ് താഴത്തങ്ങാടിയിലെ തിരുമല ക്ഷേത്രം.

വലതു കയ്യിൽ ശ്രീരാമനെയും ഇടതുകയ്യിൽ സീതാദേവിയെയും ഉയർത്തുന്ന ഹനുമാൻ സങ്കൽപത്തിലാണ് ശിൽപം നിർമിച്ചത്. എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ പി.എസ്.പ്രമോദ്കുമാർ, പ്രമോദിന്റെ പിതൃസഹോദരങ്ങളായ പി.കേശവൻ, പി.രവീന്ദ്രൻ, പി.ഗോപാലകൃഷ്ണൻ, പി.മോഹൻദാസ്, ബന്ധു വി.വിജിഷ് എന്നിവരാണ് ഒരു വർഷം കൊണ്ടു ശിൽപം പൂർത്തീകരിച്ചത്. ശിൽപികളുടെ കുടുംബവീടായ പെരുന്ന കിഴക്ക് അക്ഷരനഗർ ഉണ്ണിയിൽ വീട്ടിലെ തടിശാലയിലാണ് നിർമാണം നടത്തിയത്.

ശിൽപം നിർമിക്കാനുള്ള തേക്ക് തടി പാലായിൽ നിന്നാണ് എത്തിച്ചത്. ശിൽപത്തിന്റെ രൂപരേഖ തയാറാക്കിയത് കുമാരനല്ലൂർ സ്വദേശി ആർട്ടിസ്റ്റ് മോഹൻദാസാണ്. ദേവസ്വം പ്രസിഡന്റ് ദിലീപ് കമ്മത്ത്, പ്രേംദേവ് നായ്ക്ക്, പുരുഷോത്തമ പ്രഭു, ആനന്ദമല്ലൻ, മഹേഷ് പൈ, മണികണ്ഠ പ്രഭു, ശിവകുമാർ പ്രോഗ്രാം കോഓർഡിനേറ്റർ രഘുനാഥ് പൈ കുടമാളൂർ എന്നിവർ സമർപ്പണ ചടങ്ങിനു നേതൃത്വം നൽകി.  ക്ഷേത്രം തന്ത്രി സോം കുമാർ ഭട്ട് കാർമികത്വം വഹിച്ചു. മഹേഷ് ഭട്ട്, രതീഷ് ഭട്ട് എന്നിവർ സഹകാർമികരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com