ADVERTISEMENT

കോട്ടയം ∙ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം എത്തും മുൻപു ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീതി. മീനച്ചിലാറിന്റെ പടിഞ്ഞാറൻ മേഖലയിൽ കിഴക്കുനിന്ന് എത്തുന്ന വെള്ളമാണു സാധാരണ കയറുന്നത്. എന്നാൽ മഴ പെയ്യുന്ന വെള്ളം കൂടുതലായി തങ്ങി നിൽക്കുന്നതിനാൽ കിഴക്കൻ വെള്ളം കാര്യമായി എത്തും മുൻപു തന്നെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറിത്തുടങ്ങി.  മീനച്ചിലാറും കൈവഴികളും വഴി വെള്ളം വേമ്പനാട്ട് കായലിലേക്ക് ഒഴുകി നീങ്ങാൻ വൈകുന്നതാണു വെള്ളം ഉയർന്നു നിൽക്കാൻ കാരണം. ഈ സമയം കിഴക്കൻ മേഖലയിൽ നിന്നു വൻതോതിൽ വെള്ളം ഒഴുകിയെത്തിയാൽ പ്രളയത്തിനു കാരണമാകും.

കോട്ടയം മാങ്ങാനം ആനത്താനം താമരശ്ശേരിയിൽ മൺതിട്ടയോടൊപ്പം വീണ വലിയ കല്ല് പതിച്ചു ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിന്റെ ഭിത്തി തകർന്ന നിലയിൽ.
കോട്ടയം മാങ്ങാനം ആനത്താനം താമരശ്ശേരിയിൽ മൺതിട്ടയോടൊപ്പം വീണ വലിയ കല്ല് പതിച്ചു ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിന്റെ ഭിത്തി തകർന്ന നിലയിൽ.

വെള്ളം ഉയരുന്ന മേഖലകൾ
∙മീനച്ചിലാറിന്റെ പടിഞ്ഞാറൻ മേഖലകളിലുള്ളതും തിരുവാർപ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളുമായ ചെങ്ങളം, കുമ്മനം, കാഞ്ഞിരം, പുഞ്ചിരിപ്പടി മേഖലകൾ, അയ്മനം പഞ്ചായത്തിന്റെ വല്യാട് ഭാഗം.
∙ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ വടയാർ തോട് ഉദയനാപുരം പഞ്ചായത്തിൽ മൂത്താകോണിൽ ഭാഗത്തു കരകവിഞ്ഞു. വടയാർ ഇളങ്കാവ് ക്ഷേത്രം വെള്ളത്തിലായി. തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തെ 25ലധികം വീടുകളിൽ വെള്ളം കയറി.നൂറിലധികം കുടുംബങ്ങൾ വെള്ളത്തിലാണ്.
∙ എസി റോഡിന്റെ വശത്ത് എസി കനാലിൽ നിന്നു വെള്ളം ഉയർന്നു പൂവം ഭാഗത്തെ വീടുകൾക്കു സമീപം വെള്ളക്കെട്ടായി. വീടുകളിലേക്കു വെള്ളം കയറുമെന്ന് ആശങ്ക.

കോട്ടയം മാങ്ങാനം ആനത്താനം താമരശ്ശേരിയിൽ മൺതിട്ടയും വലിയ കല്ലും ഇടിഞ്ഞു വീടിനും ആരാധനാലയത്തിനും സമീപത്തേക്കു വീണ നിലയിൽ.
കോട്ടയം മാങ്ങാനം ആനത്താനം താമരശ്ശേരിയിൽ മൺതിട്ടയും വലിയ കല്ലും ഇടിഞ്ഞു വീടിനും ആരാധനാലയത്തിനും സമീപത്തേക്കു വീണ നിലയിൽ.

മൺതിട്ട ഇടിഞ്ഞു
കോട്ടയം മാങ്ങാനം ആനത്താനത്തിനു സമീപം കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണു. സമീപത്തെ വീടിനും ആരാധനാലയത്തിനും കേടുപാടുകൾ സംഭവിച്ചു. വിജയപുരം പഞ്ചായത്തിൽ താമരശേരി ആനത്താനത്ത് ഇന്നലെ 12 മണിയോടെയാണ് അപകടം. ആനത്താനം കോതകേരിൽ പുതുപ്പറമ്പിൽ പി.ഒ. മാത്യുവിന്റെ വീടിനു പിന്നിലേക്കും ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിന്റെ സമീപത്തേക്കുമാണു മണ്ണിടിഞ്ഞത്. ഇതിനോടൊപ്പം വലിയ കല്ലും വീണു. ഏകദേശം 30 അടി ഉയരത്തിൽ നിന്നാണു മണ്ണിടിഞ്ഞത്. മൺതിട്ടയിൽ നിന്ന് ഉരുണ്ടുവന്ന കല്ല് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിന്റെ പാരിഷ് ഹാളിന്റെ ഭിത്തിയിൽ ഇടിച്ച് ഒരു ഭാഗം തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com