ADVERTISEMENT

കോട്ടയം ∙ ശുചിമുറി മാലിന്യവും മലിനജലവും കെഎസ്ആർടിസി ഗാരിജിലെത്തുന്നു, ജീവനക്കാർ കടുത്ത ആശങ്കയിൽ. സമരമുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ യൂണിയനുകളുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. ഗാരിജ് സ്ഥിതി ചെയ്യുന്നത് ഡിപ്പോ പരിസരത്തെ ഏറ്റവും താഴ്ന്ന പ്രദേശത്താണ്. മഴ പെയ്താൽ സ്റ്റാൻഡിലേത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മുഴുവൻ ജലവും ഗാരിജിലേക്കെത്തും. രാത്രി പല യാത്രക്കാരും ശുചിമുറി ഉപയോഗിക്കുന്നില്ല. 

സ്റ്റാൻഡിലെ പമ്പിന് പുറകിലും മതിൽക്കെട്ടിനടുത്തുമാണ് മൂത്രവിസർജനം. പലപ്പോഴും ശുചിമുറിക്കു സമീപമുള്ള ടാങ്കിലെ മലിനജലവും ഒഴുക്കി വിടാറുണ്ടെന്നും ജീവനക്കാർ പറയുന്നു. ചില ദിവസങ്ങളിൽ ഖരമാലിന്യവും ഇവിടെ തള്ളുന്നുണ്ട്. മഴ പെയ്യുമ്പോൾ ഇവിടെ നിന്നുൾപ്പെടെയുള്ള മലിനജലം മാരകരോഗാണുക്കളുമായി ഗാരിജിലെത്തി കെട്ടിനിൽക്കുന്നു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാർ ജോലി ചെയ്യുന്നത് ഇവിടെയാണ്. ദിവസേന എഴുപതോളം സർവീസുകൾ ഇവിടെ നിന്നും നടത്തുന്നുണ്ട്. 

ദീർഘദൂര ബസുകൾ യാത്ര തുടങ്ങുന്നതിന് മുൻപ് പരിശോധനകൾ എല്ലാം നടത്തി നൂറു ശതമാനവും യോഗ്യമാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. അന്യഡിപ്പോകളിൽ നിന്നുമെത്തുന്ന സർവീസ് ബസുകളുടെയും അത്യാവശ്യ പണികൾ ചെയ്യേണ്ടതുണ്ട്. ഈ മലിനജലത്തിൽ ഇരുന്നും കിടന്നുമാണ് പലപ്പോഴും മെക്കാനിക്കൽ ജീവനക്കാർ ജോലിചെയ്യുന്നത്. ജീവനക്കാരിൽ ഒരാൾ കഴിഞ്ഞ മാസം എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. 

കൊതുകും പെരുകി. ജീവനക്കാർ ഗാരിജിന്റെ അവസ്ഥ വിവരിച്ച് അധികാരികൾക്ക് പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് അറിയിച്ചു.ഗാരിജിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) 21 ന് ആലോചനായോഗം വിളിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഗാരിജിലെ വെള്ളക്കെട്ട് കഴിഞ്ഞ വർഷങ്ങളിലും ഉണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു. സ്റ്റാൻഡിനേക്കാൾ വളരെ താഴെയാണ് വർക്‌ഷോപ് സ്ഥിതിചെയ്യുന്നത്. ഊറ്റുറവയാണ് മുഖ്യപ്രശ്നം. ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ശാശ്വതപരിഹാരം ഗാരിജ് ഉയർന്ന സ്ഥലത്തേക്ക് മാറ്റുക മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com