ADVERTISEMENT

എരുമേലി ∙ സ്കൂളിലേക്കുളള പൊട്ടിപ്പൊളിഞ്ഞതും കുഴികൾ നിറഞ്ഞതുമായ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി വിദ്യാർഥികളും അധ്യാപകരും. സെന്റ് തോമസ് – നേർച്ചപ്പാറ റോഡിന്റെ അപകടാവസ്ഥയിൽ പ്രതിഷേധിച്ച് നിർമല പബ്ലിക് സ്കൂൾ അധ്യാപകരും വിദ്യാർഥികളുമാണ് റോഡിനു സമീപം പ്രതിഷേധിച്ചത്. നിർമല പബ്ലിക് സ്കൂൾ കൂടാതെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുമുള്ള റോഡാണിത്. അച്ഛനമ്മമാർക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ റോഡിലെ കുഴികളിൽ ചാടി ഒട്ടേറെ തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

കുഴിയിൽ ചാടി സ്കൂൾ ബസ് പോലും അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായി. കാൽതെറ്റി കുഴിയിൽ വീണതു മൂലം സ്കൂളിൽ കയറാൻ കഴിയാതെ തിരികെപ്പോയ കുട്ടികളും ഒട്ടേറെ. സ്കൂൾ വാഹനം കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണ് വിദ്യാർഥികൾക്ക് പരുക്കുപറ്റിയ സംഭവങ്ങളും ഉണ്ടായി. റോഡിന്റെ അപകടാവസ്ഥ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അസൻഷൻ ഫൊറോനാ പള്ളിയിലേക്കും നൂറു കണക്കിനു ജനങ്ങൾ താമസിക്കുന്ന നേർച്ചപ്പാറയിലേക്കുമുള്ള റോഡ് കൂടിയാണിത്. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

പിടിഎ പ്രസിഡന്റ് സി.എസ്. ഉണ്ണിക്കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസ്സി മരിയ, സ്റ്റാഫ്‌ സെക്രട്ടറി ബിജു തങ്കപ്പൻ, സ്കൂൾ ഹെഡ് ബോയ് അൻവർഷ, വിദ്യാർഥികളായ അൽഫോൻസ ജോസഫ്, എലിസ മേരി സിജു, ലിയോണ ജോബിൻ, മിൻഹ ഫാത്തിമ, ഗോഡ്‌വിൻ, ജൂവൽ മരിയ ജയ്സൺ , എബിൻ ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com