ADVERTISEMENT

കോട്ടയം ∙ ഇവിടെയുമുണ്ടൊരു ആമയിഴഞ്ചാൽ തോട്. നഗരത്തിലെ പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നതിനു നിർമിച്ച കനാൽ ഇന്നു മാലിന്യം ഒഴുകുന്നതിനു മാത്രമായി മാറി. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള അഴുക്കുചാലുകളെല്ലാം സംഗമിച്ചു ശാസ്ത്രി റോഡിലുള്ള മുനിസിപ്പൽ പാർക്കിന്റെ സമീപത്ത് എത്തുമ്പോൾ മാലിന്യത്തോടായി മാറുന്നു. സമീപത്തെ ഉയർന്ന ഭാഗത്തു നിന്നു വരുന്ന ഓടയും ഈ തോടുമായി സംഗമിച്ചു പോപ്പ് മൈതാനത്തിന്റെ വശത്തു കൂടി നാഗമ്പടം സ്റ്റാൻഡിലെത്തുന്നു. ഇവിടെ എത്തുമ്പോൾ മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ളവയെല്ലാം ചേർന്നു ദുർഗന്ധം വമിക്കുന്ന കറുത്ത നിറമുള്ള ദ്രാവകമായി മാറും. 

ബസ് സ്റ്റാൻഡിനു സമീപം തോട്ടിൽ മാലിന്യം ഇടാതിരിക്കാൻ ചിലയിടങ്ങളിൽ ലോഹനിർമിത വല ഉണ്ടെങ്കിലും പര്യാപ്തമല്ല. ബസ് സ്റ്റാൻഡിന് അരികിലൂടെ ഒഴുകുന്ന തോട് റെയിൽവേ പാളങ്ങൾക്ക് അടിയിലൂടെ, അവിടെ നിന്നുമുള്ള മാലിന്യങ്ങളെയും സ്വീകരിച്ചു മീനച്ചിലാറ്റിൽ പതിക്കുന്നു. മലിന ജലം ട്രീറ്റ് ചെയ്തു ശുദ്ധീകരിച്ചശേഷം മാത്രമേ ജലാശയത്തിലേക്ക് തുറവിവപ വി‍ടാവൂ എന്നാണു നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.

കോട്ടയം നഗരസഭ 2006–07 കാലഘട്ടത്തിൽ 12 ലക്ഷം രൂപ മുടക്കി പാർക്കിനുസമീപം അഴുക്കുചാൽ ശുചീകരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ശുചീകരണം മാത്രം നടക്കുന്നില്ല. നിർമിച്ചതു മഴക്കാലത്തെ ജലനിരപ്പ് കണക്കാക്കിയായിരുന്നു. മറ്റു കാലങ്ങളിൽ ഉയരത്തിലാകുന്ന പ്ലാന്റിലേക്ക് മലിനജലം ഒഴുകിയെത്തിയിരുന്നില്ല. വെള്ളത്തിനു മുകളിലേക്കു കയറാൻ "സ്റ്റെപ്പ് ഇട്ട്" കൊടുക്കുകയല്ലാതെ മറ്റൊരു സംവിധാനവും ഉണ്ടായിരുന്നില്ല.

മലിനീകരണ നിയന്ത്രണ നിയമങ്ങൾക്കു ക്ഷാമമില്ല. നിയമം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡിനെ നിയന്ത്രിക്കേണ്ടവർ ഉറക്കത്തിലാണെന്നാണു ജനസംസാരം. ശുചിത്വ മിഷനാകട്ടെ ശുചിത്വത്തിനു ഫണ്ടും സാങ്കേതിക വിദ്യയും കൊടുക്കുമെന്നല്ലാതെ ശുചിത്വം ഉണ്ടായി എന്ന് ഉറപ്പു വരുത്താറില്ല. ഫണ്ടും സാങ്കേതിക ഉപദേശങ്ങളും കൊടുക്കുന്നതിനുള്ള ഏജൻസിയായി മാത്രം പ്രവർത്തിക്കുന്നു.

മീനച്ചിലാറ്റിലേക്ക് എത്തുന്ന ടൺ കണക്കിനു മാലിന്യങ്ങൾ നഗരസഭയുടെ പടിഞ്ഞാറു ഭാഗങ്ങളിലും അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, കുമരകം തുടങ്ങിയ പഞ്ചായത്തുകളിലും എത്തുന്നതിനൊപ്പം മാരകമായ രോഗാണുക്കളെയും വിതരണം ചെയ്തു വേമ്പനാട് കായലിൽ പതിക്കുന്നു. മാരക അസുഖങ്ങൾ പടർന്നു പിടിക്കുമ്പോഴും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുമ്പോഴും മാത്രമേ അധികൃതർ ഉണരുകയുള്ളുവെന്നു പൊതുജനങ്ങൾ പറയുന്നു.
നാളെ: കച്ചേരിക്കടവ് ബോട്ടുജെട്ടി വാട്ടർ ഹബ് ഇന്ന് മാലിന്യഹബ്ബ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com