ADVERTISEMENT

‘‘ഞാൻ ഗന്ധർവൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരി ’’–ഭ്രമാത്മക ലോകങ്ങളെ സ്ക്രീനിലേക്കാവാഹിച്ച പത്മരാജന്റെ വരികളെ നടൻ നിതീഷ് ഭരദ്വാജ് വീണ്ടും ഓർത്തെടുത്തപ്പോൾ കാലം മിന്നാമിനുങ്ങുകളെപ്പോലെ ചുറ്റും മഞ്ഞപ്പൊട്ടുകൾ തൊട്ടുനിന്നു.‘‘ ഇന്ത്യ മുഴുവൻ എനിക്ക് ശ്രീകൃഷ്ണനോടുള്ള സ്നേഹാദരങ്ങൾ കിട്ടുന്നു. ഇവിടെ കൃഷ്ണനൊപ്പം ഗന്ധർവനുമുണ്ട്. ഇന്ന് ഞാൻ 33 വർഷത്തെ കടം വീട്ടി. കേരളത്തിൽ ആദ്യമായി ഒരു ഗന്ധർവക്ഷേത്രത്തിൽ തൊഴുതു. ഗന്ധർവനെ മലയാളികൾ ആരാധിക്കുന്നുണ്ട് എന്നത് പുതിയ അറിവായിരുന്നു.’’ അദ്ദേഹം പറയുന്നു.

‘‘ജയസൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കത്തനാരിൽ അഭിനയിക്കാൻ മുംബൈയിൽ നിന്നു വിമാനത്തിൽ കയറിയപ്പോൾ കണ്ടതു പഴയ സുഹൃത്ത് രമേശ് ചെന്നിത്തലയെ. ഒരേ കാലത്തു ഞങ്ങൾ പാർലമെന്റിലുണ്ടായിരുന്നു. ഇത്തവണ കൊച്ചിയിലെത്തുമ്പോൾ ഗന്ധർവ ക്ഷേത്രത്തിൽ പോകണമെന്നു രമേശ്ജിയാണു പറഞ്ഞത്. ഷൂട്ടിങ് തിരക്കു കഴിഞ്ഞപ്പോൾ വൈക്കം തോട്ടകത്തുള്ള ഗന്ധർവങ്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി.’’– മഹാഭാരതത്തിലെ കൃഷ്ണനും പിന്നീട് ‘ഞാൻ ഗന്ധർവനിലെ ’ ഗന്ധർവനുമായി പ്രേക്ഷകരെ മോഹിപ്പിച്ച നിതീഷ് ഓർമകളുടെ സുവർണകിരീടം ഒന്നിളക്കിവച്ചു.

ആർട്ടിസ്റ്റ് നമ്പൂതിരിയാണു ഗന്ധർവന്റെ നെറ്റിയിലെ പ്രഭ ചൊരിയുന്ന കിരീടവും കയ്യിലെ വളകളും വേഷവും ഡിസൈൻ ചെയ്തത്. അദ്ദേഹം അതു സ്കെച്ച് ചെയ്തു തന്നപ്പോൾ വിസ്മയിച്ചുപോയെന്നും നിതീഷ് ഭരദ്വാജ് ഓർക്കുന്നു.  1996ലാണു ശ്രീകൃഷ്ണന്റെ പ്രതിഛായയുമായി നിതീഷ് ജാംഷഡ്പുരിൽനിന്നു മത്സരിച്ചു ബിജെപി ടിക്കറ്റിൽ എംപിയാകുന്നത്. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങിയ നിതീഷ് പിന്നീട് രാഷ്ട്രീയം പൂർണമായി ഉപേക്ഷിച്ചു. എഴുത്തും സംവിധാനവുമായി സിനിമാലോകത്തു സജീവമാണിപ്പോൾ. ചക്രവ്യൂഹ് എന്ന നാടകവുമായി 120 വേദികൾ പിന്നിട്ടു ഈ പഴയ വെറ്ററിനറി ഡോക്ടർ. നാടകത്തിലും കൃഷ്ണനായാണു നിതീഷിന്റെ വേഷം.

ഗന്ധർവസന്നിധിയിൽ നടന് വൻവരവേൽപ്
വൈക്കം ∙ തോട്ടകം ഗന്ധർവക്ഷേത്രത്തിലെത്തിയ നടൻ നിതീഷ് ഭരദ്വാജിനു ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകി. പച്ചപ്പട്ടിൽ മുല്ലമാല, വെറ്റില, അടയ്ക്ക, നാണയം എന്നിവയുമായി ക്ഷേത്രത്തിന് ഏഴു പ്രദക്ഷിണം പൂർത്തിയാക്കി വഴിപാടുകൾ അദ്ദേഹം നടയ്ക്കൽ സമർപ്പിച്ചു.  ജന്മനക്ഷത്രമായ രോഹിണി നാളിൽ ഒരു വർഷത്തേക്കു ഗന്ധർവ പൂജ നടത്തുന്നതിനു ക്രമീകരണവും ചെയ്തു. തോട്ടകം എൻഎസ്എസ് കരയോഗം പ്രസിഡന്റ് എസ്.ശ്രീകുമാർ, സെക്രട്ടറി എം.ജെ.കൃഷ്ണകുമാർ, ട്രഷറർ എം.ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരണം നൽകിയത്. വൈക്കം മഹാദേവക്ഷേത്രത്തിലും ദർശനം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com