ADVERTISEMENT

കോട്ടയം ∙ പ്രളയദുരിതത്തിൽ നിന്നു കരകയറാനാവാതെ വിഷമിക്കുന്ന മേരി തോമസ് അധികൃതർ നൽകിയ ഉറപ്പു പാലിക്കാതെ വന്നതോടെ കലക്ടറേറ്റിനു മുന്നിൽ സമരം നടത്തി.  71 വർഷമായി വെള്ളപ്പൊക്കദുരിതം. പ്രളയകാലത്തു വെള്ളം കയറി വീടു തകരാറിലായ വില്ലൂന്നി ഐക്കരമുക്ക് മേരി തോമസി(81)നു പുതിയ വീടു നൽകുമെന്ന കലക്ടറുടെ ഉറപ്പു പാലിക്കപ്പെട്ടില്ല. പ്രളയം കഴിഞ്ഞ് 6 വർഷം പിന്നിട്ടിട്ടും വീടു ലഭിക്കാതെ വന്നതോടെ മേരിയും മകൻ സണ്ണി എം.തോമസും ഭാര്യ കുഞ്ഞുമോളും ഇന്നലെ കലക്ടറേറ്റിനു മുന്നിൽ സമരത്തിനെത്തുകയായിരുന്നു. നടപടി ഉണ്ടാകുമെന്നു കലക്ടർ ജോൺ വി.സാമുവൽ ഉറപ്പു നൽകിയതോടെ സമരം അവസാനിച്ചു.  81 വയസ്സുകാരി മേരിയുടെ ജീവിതം തകർത്തത് 2020ലെ പ്രളയമാണ്. വെള്ളപ്പൊക്കമുണ്ടായ ശേഷം വീടു ശുചീകരിക്കുന്നതിനിടെ തെന്നിവീണു മേരിയുടെ നട്ടെല്ലു പൊട്ടുകയും കയ്യൊടിയുകയും ചെയ്തു. 

സാമ്പത്തികപരാധീനതയും മകന്റെ ഭാര്യയുടെ രോഗാവസ്ഥയും കാരണം ചികിത്സ നടത്താൻ കഴിയാതെ മേരി കിടപ്പിലായി. മകൻ സണ്ണി എം.തോമസ്, ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് ഒപ്പമുള്ളത്. കുഞ്ഞുമോൾ ഹൃദ്രോഗിയാണ്.  മഴ കനക്കുന്നതോടെ വീട്ടിനുള്ളിൽ കട്ടിലിനൊപ്പം വെള്ളം ഉയരും. ഇതോടെ കുടുംബം ബന്ധുവീട്ടിലേക്കു മാറും. മഴക്കാലത്തു വീടിനു സമീപം ഒരു കിലോമീറ്ററോളം ദൂരത്തിൽ വെള്ളം ഉയരുന്നതും പതിവാണ്. കുടുംബം നടത്തിയ സമരത്തിനു ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പിന്തുണ നൽകി. സമരം സിഎസ്ഡിഎസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. വിനു ബേബി, ആഷ്‌ലി ബാബു, ജയ്മോൻ പുത്തൻതോട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com