ADVERTISEMENT

മുണ്ടക്കയം∙ അപകടത്തിൽ പരുക്കേറ്റ് നടുറോഡിൽ ചോര വാർന്നുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി.  യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും അവ നിർത്താതെ പോയപ്പോഴാണ് ബസിൽ ആശുപത്രിയിലെത്തിച്ചത്.  ഇന്നലെ രാവിലെ 9.15ന് കോട്ടയം – കുമളി റോഡിൽ ചോറ്റി നിർമലാരം കവലയുടെ സമീപമാണു സംഭവം. വണ്ടിപ്പെരിയാർ സ്വദേശി കൂടത്തിൽ അഭിജിത്ത് (24) ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. 

പാലായിൽനിന്നു മുണ്ടക്കയത്തേക്കു വരികയായിരുന്ന ബസാണ് രക്ഷയ്ക്കെത്തിയത്.  കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽപറമ്പിൽ ജയിംസ് കുര്യനും ഡ്രൈവർ ചെറുവള്ളി സ്വദേശി ഉതിരകുളത്ത് കെ.ബി.രാജേഷും ഇറങ്ങി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡിൽ നിന്നു വശത്തേക്കു മാറ്റിക്കിടത്തി.  ആശുപത്രിയിൽ എത്തിക്കാനായി വാഹനങ്ങൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. 

ഒടുവിൽ ഇരുവരും ചേർന്ന് യുവാവിനെ ബസിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു പായുകയായിരുന്നു. ട്രിപ് അവസാനിക്കുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിനു മുൻപിൽ യാത്രക്കാരെ ഇറക്കി വീണ്ടും വേഗത്തിൽ പുറപ്പെട്ടു. ടൗണിൽനിന്നു 3 കിലോമീറ്റർ അകലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുൻപിൽ ബസ് വന്നതോടെ ആശുപത്രി അധികൃതർ എത്തി അഭിജിത്തിന്റെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുത്തു. അഭിജിത്തിന്റെ വാരിയെല്ല് ഒടിഞ്ഞു. കാലുകൾക്ക് പരുക്കുണ്ട്.

English Summary:

This article highlights the selfless act of a KSRTC bus conductor and driver who rescued a young accident victim in Mundakayam. The duo took the injured man to the hospital in their bus after other vehicles refused to stop.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com