ADVERTISEMENT

ഈരാറ്റുപേട്ട ∙ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ വെള്ളച്ചാട്ടങ്ങളിലെ അപകടമേറുന്നു.  6 മാസത്തിനിടെ കടപുഴയാറ്റിലെ കടവിലും കട്ടിക്കയം വെള്ളച്ചാട്ടത്തിലുമായി 3 പേരാണു മരിച്ചത്. ഇല്ലിക്കക്കല്ല്, ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ ഈ റൂട്ടിലുള്ള മീനച്ചിലാറ്റിലെ കട്ടിക്കയം, കടപുഴ എന്നിവിടങ്ങളിൽ എത്തുന്നതു പതിവാണ്. വിഡിയോകളും റീലുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അപകടസാധ്യത മനസ്സിലാക്കാതെ പലരും എത്തുന്നു. ഇന്നലെ ഇലവിഴാപ്പൂഞ്ചിറ സന്ദർശിച്ചു മടങ്ങിയ സംഘത്തിലെ യുവാവ് കടപുഴയിൽ മുങ്ങിമരിച്ചതാണ് അവസാനത്തെ അപകടം.

അറിയണം ഇക്കാര്യങ്ങൾ
∙ പാറക്കെട്ടുകൾക്ക് ഇടയിലൂടെ ഒഴുകിയെത്തി ഉയരത്തിൽനിന്നു താഴേക്ക് വീണു പാറകൾക്ക് ഇടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനു നല്ല തണുപ്പ് ഉണ്ടാകും.
∙ കാര്യമായി വെയിൽ ഏൽക്കാതെ കിടക്കുന്ന വെള്ളത്തിന് എപ്പോഴും തണുപ്പുണ്ട്.
∙ നീന്തൽ വശമുള്ളവർ പോലും താഴ്ന്നുപോയാൽ കൈകാലുകൾ മരവിക്കാനുള്ള സാധ്യത കൂടുതലാണ്.
∙ വെള്ളച്ചാട്ടത്തിന്റെ അടിയിൽ പാറക്കെട്ടുകളുടെ വിടവുകളിൽ കാൽ ഉടക്കാനും സാധ്യത.
∙ വെള്ളച്ചാട്ടങ്ങളിലേക്ക് ഇറങ്ങുന്ന പാറകളിലെ പായലിൽ തെന്നിവീണ് അപകടത്തിനു സാധ്യത. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽപെടാത്ത വെള്ളച്ചാട്ടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണുള്ളത്.

പരിഹരിക്കാം ഇക്കാര്യങ്ങൾ
∙ മുന്നറിയിപ്പ് ബോർഡുകൾ വേണം. 
∙അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഗാർഡുകളെ നിയമിക്കണം.
∙ പ്രദേശത്തിന്റെ പ്രത്യേകത വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണം.

എൻജിനീയറിങ് വിദ്യാർഥി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
മൂന്നിലവ് ∙ കടപുഴയാറ്റിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം ശൂരനാട് വടക്ക് പതാഴത്ത് കിഴക്കേതിൽ തെക്കേപ്പുര വീട്ടിൽ ഹാരിസിന്റെ മകൻ ഹാറൂൺ ഹാരിസ് (20) ആണു മരിച്ചത്. ഇലവീഴാപ്പൂഞ്ചിറ സന്ദർശിച്ചു മടങ്ങുംവ‌ഴി ഇന്നലെ ഉച്ചയ്ക്കു 12നു മൂന്നിലവ് ഭാഗത്തുള്ള കടപുഴ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണു ഹാറൂൺ വെള്ളത്തിൽ മുങ്ങിപ്പോയത്. 

ഹാറൂൺ
ഹാറൂൺ

ആറ്റിങ്ങൽ രാജധാനി എൻജിനീയറിങ് കോളജ് രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ്. വിദ്യാർഥികളായ 7 പേരാണു സംഘത്തിലുണ്ടായിരുന്നത്. 3 പേരാണു കയത്തിൽ കുളിക്കാനിറങ്ങിയത്. ഹാറൂൺ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്നവർ ഹാറൂണിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈരാറ്റുപേട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണു പുറത്തെടുത്തത്. മാതാവ്: ഹസീന. സഹോദരി: ഹനാൻ.

English Summary:

This article highlights the growing concern of waterfall accidents at tourist hotspots, focusing on recent tragedies in Kerala, India. It emphasizes the need for tourist awareness about potential dangers, especially considering the influence of social media on travel choices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com