ADVERTISEMENT

കടുത്തുരുത്തി ∙ വലിയതോടിനു മുകളിൽ ബസ് ബേ ടെർമിനൽ നിർമിക്കുന്നു. ടൗണിൽ പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗത്തിന്റെ സ്പെഷൽ ടീം അന്തിമ പരിശോധന നടത്തി. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം - എറണാകുളം റോഡിൽ കടുത്തുരുത്തി ടൗൺ പാലത്തോടു ചേർന്ന് വലിയതോടിന്റെ പടിഞ്ഞാറു ഭാഗത്താണ് ബസ്‌ ബേ നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയിരിക്കുന്നത്. നിർമാണത്തിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് 4.24 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകിയിട്ടുണ്ട്.

46.80 മീറ്റർ നീളത്തിൽ നിർമിക്കുന്ന ബസ് ബേക്ക് 5 മീറ്റർ മുതൽ 10.70 മീറ്റർ വരെ വീതിയുണ്ടാകും. 18 പൈലുകളിലായി 3 സ്പാനുകളുണ്ടാകും. കടുത്തുരുത്തി ടൗണിന്റെ ആരംഭത്തിൽ 5 മീറ്റർ വീതിയിലും 13.80 മീറ്റർ നീളത്തിലും ആദ്യ സ്പാനിലാണ് ബസ് ബേ തുടങ്ങുന്നത്. രണ്ടും മൂന്നും സ്പാനുകളിലായി 33 മീറ്റർ നീളത്തിലും 10.70 മീറ്റർ വീതിയിലും ടെർമിനൽ നിർമിക്കും. തുടർന്ന് ഇരുവശങ്ങളിലും ബസ് ബേയിലേക്ക് പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനുള്ള സൗകര്യം ഉറപ്പാക്കാൻ അപ്രോച്ച് റോഡും നിർമിക്കും. ബസ് ബേ ടെർമിനലിന്റെ ഇരുവശത്തും നടപ്പാത ഉണ്ടാകും.

ബസ് ബേയിൽ യാത്രക്കാർക്ക് നിൽക്കുന്നതിനായി 33 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും സ്ഥലസൗകര്യം ഉറപ്പാക്കും. രണ്ടും മൂന്നും സ്പാനുകളിലായി 7.50 മീറ്റർ വീതിയിൽ ബസുകൾക്ക് സൗകര്യപ്രദമായി കടന്നു പോകാൻ സൗകര്യം ഉണ്ടായിരിക്കും. ബസ് ബേ നിർമാണത്തിലൂടെ വൈക്കം ഭാഗത്തേക്കും പിറവം ഭാഗത്തേക്കും പോകാനുള്ള എല്ലാ ബസുകളും സെൻട്രൽ ജംക്‌ഷനിൽ നിർത്തുന്നത് ഒഴിവാക്കാം. ഇരുവശത്തും ബസുകൾ ഒരു പോലെ നിർത്തുന്നത് മൂലം സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരം ഉണ്ടാകുമെന്നു മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

ബസ് ബേക്ക് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ( താഴത്ത് പള്ളി) പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയുടെയും സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. താഴത്ത് പള്ളി ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പൂഴിക്കോൽ ഇടവക വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, കടുത്തുരുത്തി വലിയപള്ളി അസി. വികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത് എന്നിവരും പള്ളിയോഗ പ്രതിനിധികളും മുന്നോട്ടുവച്ച വിവിധ നിർദേശങ്ങൾ ചർച്ച ചെയ്തു.

English Summary:

To enhance transportation facilities in Kaduthuruthy, a new bus bay terminal is being built over the Valiyathodu canal. This project, with a budget of Rs 4.24 crore, will ease traffic congestion and improve connectivity on the Kottayam-Ernakulam Road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com