ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ പൂതക്കുഴി മുതൽ 26–ാം മൈൽ വരെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച വാഹനങ്ങളും അനധികൃത കയ്യേറ്റങ്ങളും  വഴി യാത്രയ്ക്കു തടസ്സമായി. ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നതായാണ്   ആരോപണം. കൊല്ലം - തേനി ദേശീയ പാതയിൽ പൂതക്കുഴിക്കും 26 മൈൽ ജംക്‌ഷനും ഇടയിലാണു പാതയോരത്ത് അനധികൃത കയ്യേറ്റങ്ങളും, ഉപേക്ഷിച്ച വാഹനങ്ങളും ഉള്ളത്. വളവുകളിൽ കാഴ്ച മറയ്ക്കും വിധം കാടു വളർന്നു നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നടന്നു പോകുന്നതിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ, വിവിധ സ്ഥാപനങ്ങളിലെ സാധനങ്ങളും ബോർഡുകളും റോഡരികിലേക്കു ഇറക്കി വച്ചിരിക്കുന്നതും, വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ദുരിതം കൂട്ടുന്നു. 

ദേശീയ പാത വിഭാഗം ഏറ്റെടുത്ത പാതയോരങ്ങളിലെ ഉപയോഗശൂന്യമായ കിണറുകളും ഭീഷണിയാണ്. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടും ഉണ്ടാകും. ജലവിതരണ പദ്ധതിക്കായി റോഡിന്റെ ഇരുവശത്തുമെടുത്ത കുഴികൾ നന്നായി മൂടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. റാണി ആശുപത്രിപ്പടിക്കും 26–ാം മൈലിനുമിടെ വാഹനങ്ങൾക്ക് ഓവർ ടേക്ക് ചെയ്യാവുന്ന വിധം വളവുകളില്ലാത്ത സ്ഥലമാണു പൂതക്കുഴി ഭാഗം.

ഇവിടെ വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതും മറികടക്കുമ്പോൾ കടന്നു പോകാൻ ആവശ്യമായ ഇടമില്ലാതെ വരുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു.  ചൊവ്വാഴ്ച ഇവിടെ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവു മരിച്ചു. ഒരു വർഷം മുൻപും ഇതിനു സമീപത്തു സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടവും ഉണ്ടായി. ദേശീയ പാതയുടെ ഇരുവശങ്ങളിലെയും തടസ്സങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

English Summary:

Traffic flow and safety are severely compromised on the National Highway stretch from Poothakkuzhi to 26th Mile due to abandoned vehicles, road encroachments, and overgrown vegetation. These hazards pose risks to motorists, pedestrians, and especially school children, demanding immediate attention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com