ADVERTISEMENT

വടകര ∙ കോവിഡ് തടയാൻ പൊലീസും ആരോഗ്യ പ്രവർത്തകരും പെടാപ്പാടു പെടുമ്പോൾ ഇവരുടെ കണ്ണു വെട്ടിക്കുന്നവർ സൂക്ഷിക്കുക; പിടിയിലാകും. വിവാഹ വീടുകളിലും മറ്റും പരിധിയിലധികം ആളുകളെ പന്തലിൽ ഇരുത്തിയവർക്കെതിരെ നടപടിയെടുത്ത പൊലീസ് വാടക സ്റ്റോറുകാരെയും കുടുക്കി. അവരുടെ കസേരയും പന്തൽ ഉൾപ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുക്കാനാണ് തീരുമാനം. കല്യാണത്തിനും മറ്റും പന്തൽ ബുക്ക് ചെയ്യുമ്പോൾ വാടകക്കാരനും ഇനി ശ്രദ്ധിക്കണം. 

ലോക്ഡൗൺ പ്രകാരം നഗരത്തിന്റെ വിവിധ ഭാഗത്ത് പൊലീസിന്റെ വാഹന പരിശോധന കണ്ടപ്പോൾ ഇവരെ വെട്ടിക്കാനും ചിലർ ശ്രമിച്ചു. കള്ളക്കാരണം പറഞ്ഞവരെയെല്ലാം പൊലീസ് തിരിച്ചയച്ചതോടെ ഊടുവഴികളിലൂടെയായി യാത്ര. ഇതു തടയാൻ ഇത്തരം റോഡുകൾ പൊലീസ് അടച്ചു. പാഴ്സൽ നൽകാൻ അനുമതിയുള്ള ഹോട്ടലുകൾ ഇരുത്തി ഭക്ഷണം നൽകുന്നുണ്ടോയെന്നും പരിശോധിച്ചു.

ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് കോവിഡ് പ്രതിരോധത്തിന് സഹകരിക്കണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി എസ്.ശ്രീനിവാസ് ആവശ്യപ്പെട്ടു.മാർക്കറ്റിലും വാക്സീൻ കേന്ദ്രങ്ങളിലും ആളുകൾ തിങ്ങിക്കൂടുന്നതിനെതിരെ നടപടിയെടുക്കും. ക്വാറന്റീൻ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

നെഗറ്റീവ് ആയി കഴിഞ്ഞാലും ആരോഗ്യ പ്രവർത്തകർ പറയുന്ന ദിവസം മാത്രമേ പുറത്തു പോകാവൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയമം ലംഘിക്കരുത്. ഇതര സംസ്ഥാന തൊഴിലാളികൾ ആശങ്കപ്പെടരുതെന്നും രോഗ ലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ചാൽ വേണ്ട സൗകര്യങ്ങൾ ചെയ്തു തരുമെന്നും അദ്ദേഹം അറിയിച്ചു.

വടകര ∙ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ പൊലീസ് നടപടി കർശനമാക്കി. പുതിയ ബസ് സ്റ്റാൻഡിനു സമീപം ഭക്ഷണം വിളമ്പിയ പുതിയങ്ങാടി ജബ്ബാറിന്റെ ചായ പീട്യ എന്ന കട അടപ്പിച്ചു.

വിവാഹത്തലേന്ന് 50 പേരെ പങ്കെടുപ്പിച്ച ചടങ്ങ് നടത്തിയതിന് എടത്തുംകര ഒതേനപുരി ബാലകൃഷ്ണന്റെ പേരിൽ പൊലീസ് കേസെടുത്തു. ക്വാറന്റീൻ നിയമം ലംഘിച്ചതിന് വള്ളിക്കാട് പുതുവയൽ കുനി നൗഫൽ, വള്ള്യാട് ചാത്തോത്ത് കുളങ്ങര ബാലൻ എന്നിവർക്കെതിരെയും കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com