ADVERTISEMENT

ബേപ്പൂർ ∙ വെള്ളത്തിനു കൊടുംചൂട് അനുഭവപ്പെടുന്നതിനാൽ ആഴക്കടൽ മത്സ്യബന്ധനം പ്രതിസന്ധിയിൽ. വെള്ളത്തിന്റെ താപനില ഉയർന്നതു കാരണം മത്സ്യക്കൂട്ടങ്ങൾ അപ്രത്യക്ഷമായതും കൊടും വെയിലിൽ വല വിരിച്ചെടുക്കൽ ശ്രമകരമായതുമാണ് മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ദിവസങ്ങളോളം കടലിൽ തങ്ങിയിട്ടും ഇന്ധനച്ചെലവു പോലും തികയാതെ തിരിച്ചു പോരുന്ന സ്ഥിതിയാണ്. കടം കയറിയതോടെ പണിക്കു പോകുന്ന ബോട്ടുകളുടെ എണ്ണം കുറഞ്ഞു. പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈസ്റ്ററും വിഷുവും പെരുന്നാളും എങ്ങനെ ആഘോഷിക്കുമെന്ന ആധിയിലാണ് മത്സ്യത്തൊഴിലാളികൾ. കാലാവസ്ഥാ വ്യതിയാനത്താൽ മീനുകൾ അപ്രത്യക്ഷമായതിനൊപ്പം വൈകുന്നേരങ്ങളിൽ കടലിൽ ശക്തമായ കാറ്റു വീശുന്നതും തൊഴിലാളികൾക്കു തിരിച്ചടിയായി. 

വെള്ളത്തിനു ചൂട് കൂടിയതു കാരണം മത്സ്യക്കൂട്ടങ്ങൾ മറ്റിടങ്ങളിലേക്കു ചേക്കേറുകയാണ്. ചൂണ്ടപ്പണി ലക്ഷ്യമിട്ടും മറ്റും കുറഞ്ഞ ബോട്ടുകാർ മാത്രമാണ് ഇപ്പോൾ മീൻപിടിത്തത്തിനു പോകുന്നത്. ചൂടുകാലത്ത് കടലിന്റെ അടിത്തട്ടിൽ വെള്ളത്തിനു അനുഭവപ്പെടുന്ന മർദ വ്യത്യാസവും ഒഴുക്കിലുള്ള ദിശ മാറ്റവും മത്സ്യബന്ധനത്തെ ബാധിച്ചു.ചെറുതും വലുതുമായി 570 ബോട്ടുകൾ മീൻ പിടിത്തത്തിനു പോകുന്ന ബേപ്പൂരിലെ പകുതിയോളം ബോട്ടുകളും കരയിൽ അടുപ്പിച്ചിരിക്കുകയാണ്. മറ്റു വഴിയില്ലാത്തതിനാൽ പ്രതീക്ഷയോടെ ചിലർ നഷ്ടം സഹിച്ചും പണിക്കു പോകുന്നു. ഈസ്റ്റർ ആഘോഷിക്കാനായി ബോട്ടുകളിലെ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു തിരിച്ചു.ചാലിയത്ത് നിന്നു മീൻ പിടിക്കാൻ പോകുന്ന പരമ്പരാഗത വള്ളക്കാരുടെ സ്ഥിതിയും സമാനമാണ്.  മത്സ്യ വരവ് കുറഞ്ഞതു ഹാർബറിലെ അനുബന്ധ തൊഴിലാളികളെയും ചില്ലറ കച്ചവടക്കാരെയും ഐസ് വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com