കോഴിക്കോട് മെട്രോ റെയിൽ: ആദ്യഘട്ടത്തിൽ വിഭാവനം ചെയ്യുന്നത് 27.1 കിലോമീറ്റർ നീളമുള്ള 2 കോറിഡോർ
Mail This Article
കോഴിക്കോട്∙ നഗരത്തിന് മെട്രോ റെയിൽ ഗതാഗത സംവിധാനം വേണമെന്ന് നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാൻ സംബന്ധിച്ച് ചേർന്ന സ്റ്റേക്ക് ഹോൾഡർമാരുടെ യോഗം അഭിപ്രായപ്പെട്ടു. പലമടങ്ങ് വർധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവൽക്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത് നഗരത്തിന് മെട്രോ ഗതാഗത സംവിധാനം അനിവാര്യമാണ്. എന്നാൽ ലൈറ്റ് മെട്രോ ആണോ യോജ്യം എന്ന കാര്യം പിന്നീട് തീരുമാനിക്കും.വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്ന മെട്രോയുടെ ആദ്യഘട്ടത്തിൽ ആകെ 27.1 കിലോമീറ്റർ നീളമുള്ള 2 കോറിഡോർ ആണുള്ളത്; വടക്കും തെക്കും ബന്ധിപ്പിക്കുന്ന വെസ്റ്റ്ഹിൽ മുതൽ രാമനാട്ടുകര വരെ 19 കിലോമീറ്ററും കിഴക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ബീച്ച് മുതൽ മെഡിക്കൽ കോളജ് വരെയുള്ള 8.1 കിലോമീറ്റർ ദൂരവും.കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാനിന്റെ കരട് റിപ്പോർട്ടിൻമേലുള്ള ചർച്ചയാണ് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച നടന്നത്.
രാജ്യത്തെ ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന നഗരങ്ങളിൽ ഒന്നാണ് മിനി മുംബൈ എന്നറിയപ്പെടുന്ന കോഴിക്കോടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോകനാഥ് ബെഹ്റ പറഞ്ഞു. പരമ്പരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സർവേ നടത്തി കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷമേ തീരുമാനിക്കാൻ പറ്റൂ. കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബിലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതി– ബെഹ്‌റ വിശദീകരിച്ചു. മെട്രോ റെയിൽ ഗതാഗത സംവിധാനത്തിന് സാമൂഹിക പ്രസക്തിയുണ്ടെന്നും നമുക്ക് മാറിനിൽക്കാനാവില്ലെന്നും മേയർ ബീന ഫിലിപ് പറഞ്ഞു. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് 2 കോറിഡോറുകൾ തീരുമാനിച്ചതെന്നു കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
കരട് നിർദേശം കോർപറേഷനിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. ഇതിന് 7 മാസം സമയമെടുക്കും. തുടർന്ന് വിശദപദ്ധതിരേഖ തയാറാക്കും. സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, സബ് കലക്ടർ ഹർഷിൽ ആർ.മീണ, ഡിസിപി അനൂജ് പലിവാൾ, കൊച്ചി മെട്രോ റെയിൽ ഡയറക്ടർ (പ്രോജക്ടസ്) എം.പി.രാംനവാസ്, സീനിയർ ഡപ്യൂട്ടി ജനറൽ മാനേജർ ടി.ജി.ഗോകുൽ എന്നിവർ പ്രസംഗിച്ചു.