ADVERTISEMENT

കീഴരിയൂർ∙ എളമ്പിലാട്ടിടം ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആനപിടിത്തം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയിൽ പടിക്കൽ എഴുന്നള്ളിപ്പിനു  ശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിർന്ന അംഗമാണ്  ഉച്ചത്തിൽ ആനപിടിത്ത ചടങ്ങിന്റെ തുടക്കമെന്നോണം  'മുന്നൂറ്റാ, മുന്നൂറ്റാ........ ' എന്നു വിളിച്ചത്.  

തുടർന്ന് തിറയ്ക്കായി പരദേവത പടിമുറ്റത്തേക്ക് പുറപ്പെട്ടു. ആയോധന കലയിൽ പ്രാവീണ്യം നേടിയ വേട്ടുവ കുറുപ്പന്മാരുടെ വിൽക്കളിയുടെ അകമ്പടിയോടെ ചൂട്ട് വെളിച്ചത്തിൽ തിളങ്ങുന്ന മുന്നൂറ്റൻ മേളങ്ങളുടെ അകമ്പടിയോടെ പടിമുറ്റത്ത് എത്തിയതോടെ തിറ തുടങ്ങി. വെള്ളിക്കിരീടം അണിഞ്ഞ് വാളും പരിചയും വീശിയുള്ള മുന്നൂറ്റന്റ നൃത്തം നയനാനന്ദകരമായി. തിറയുടെ അവസാനം പരദേവത ആനയെ ആവശ്യപ്പെട്ടു.

 അപ്പൊഴേക്കും ക്ഷേത്ര ഭാരവാഹികൾ ആനയെ പടി മുറ്റത്തിനു സമീപമെത്തിച്ചിരുന്നു. ഗജവീരൻ അങ്ങാടിപ്പുറം പാർഥസാരഥിയുടെ മുൻപിൽ നിന്ന് മേളത്തിനൊത്തു വാളും പരിചയും വീശി നൃത്തം ചെയ്ത ശേഷം കൊമ്പിൽ പിടിച്ച് പരദേവത ആനയെ പടിക്കലെ തിരുമുന്നിലേക്ക് കൊണ്ടു വന്നു. 

പിന്നീട് ആനയ്ക്ക് ശർക്കരയും പഴവും നൽകി. ആന പരദേവതക്ക് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് തിരിച്ചു പോയി. 

ഉത്സവത്തിന്റെ ഏറെ ആകർഷകമായ മറ്റൊരു ചടങ്ങാണ് പൂക്കലശം എന്നള്ളത്ത്. 

വൈകിട്ട് താലപ്പോലിയോടെ  ഉപ്പുതണ്ട് വരവും നടന്നു. രാത്രിയിൽ നന്ന കുളിച്ചാറാട്ട് എഴുന്നള്ളത്തിന് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേള പ്രമാണത്തിൽ മേള വിദഗ്‌ധർ അണിനിരന്നു. തുടർന്ന് നടന്ന വിളക്കോടെ ഉത്സവം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com