ADVERTISEMENT

നാദാപുരം∙ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ നാദാപുരത്ത് ആവേശം അലകടലായി. ബെംഗളൂരുവിൽ നിന്നും മൈസുരുവിൽ നിന്നും മറ്റുമായി ഒട്ടേറെ മലയാളികൾ അടക്കം, ആദ്യമായി തങ്ങളുടെ നാട്ടിലെത്തുന്ന ഡികെയെ സ്വീകരിക്കാൻ എത്തിയിരുന്നു. കന്നട ഭാഷയിലുള്ള മുദ്രാവാക്യം വിളികളോടെയാണ് കർണാടകയിൽ നിന്നുള്ളവർ ഡികെയെ സ്വീകരിച്ചത്. ബാൻഡ് വാദ്യങ്ങളും താളമേളങ്ങളും നന്നായി ആസ്വദിച്ച ശിവകുമാർ യുഡിഎഫ് പ്രവർത്തകരുടെ ആവേശത്തിനിടെ വേദിയിലേക്കെത്താൻ വരെ ഏറെ പാടുപെട്ടു. 

യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനൊപ്പം ഡികെ വേദിയിലെത്തിയപ്പോൾ ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് യുഡിഎഫ് പ്രവർത്തകർ എതിരേറ്റത്. രാത്രി ഏഴരയോടെ കസ്തൂരിക്കുളത്തു നിന്ന് റോഡ് ഷോ പുവിക്കൂൽ റോഡിലെ സ്റ്റേജിലെത്താൻ ഒരു മണിക്കൂറോളമെടുത്തു. അഞ്ചര മുതൽ കസ്തൂരിക്കുളവും നാദാപുരം ടൗണും ജനബാഹുല്യത്തിൽ നിറഞ്ഞിരുന്നു.

സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കം ആയിരങ്ങളാണ് ഡികെയെ എതിരേൽക്കാൻ എത്തിയത്. വൈകിട്ടു മുതൽ ബസുകൾ അടക്കമുള്ള വാഹനങ്ങൾ പൊലീസ് പല വഴിക്കു തിരിച്ചു വിട്ടു. ഇന്നലെ തന്നെ നാദാപുരം ടൗണിൽ  എൽഡിഎഫ് റാലിയും സംഘടിപ്പിച്ചിരുന്നു. യുഡിഎഫ് പരിപാടി തുടങ്ങും മുൻപേ എൽഡിഎഫ് പരിപാടി  അവസാനിച്ചു.

റോഡ് ഷോയ്ക്കിടയിൽ ഇരുട്ട്  പരത്തി വൈദ്യുതി മുടങ്ങി
നാദാപുരം∙ ഡി.കെ.ശിവകുമാറും ഷാഫി പറമ്പിലും ചേർന്നു നടത്തിയ റോഡ് ഷോ നാദാപുരം ടൗണിൽ എത്തിയതോടെ വൈദ്യുതി മുടങ്ങി. ഈ ഇരുട്ട് പരത്തൽ സ്വാഭാവികമായി സംഭവിച്ചതാകാമെന്നു വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും എന്നാൽ, ഇത്തരം ചെയ്തികൾ കൊണ്ടൊന്നും യുഡിഎഫ് മുന്നേറ്റത്തെ തകർക്കാൻ കഴിയുമെന്ന് ആരും കരുതരുതെന്നും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. 

നിങ്ങൾ ഈ കാണിക്കുന്ന സ്നേഹവായ്പുകൾ പോളിങ് ബൂത്തിലേക്ക് എത്തണം. പലയിടങ്ങളിലും എത്തിച്ചേരാൻ കഴിയാത്ത പ്രശ്നമുണ്ട്. അവിടങ്ങളിൽ‌ ഷാഫിയെന്ന സ്ഥാനാർഥി നിങ്ങൾ ഓരോരുത്തരുമാകണമെന്നും ഷാഫി പറഞ്ഞു. ഓരോരോ സർവേ ഫലങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്തു വരികയാണ്. എന്നിട്ട് എന്നോട് അഭിപ്രായം ആരായുന്നു. ഞാൻ ഈ സർവേക്കാരെയൊന്നും കണ്ടിട്ടല്ല, വടകരയിലെ ജനങ്ങളെ കണ്ടിട്ടാണ് മത്സരത്തിന് എത്തിയതെന്നും ഷാഫി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com