ADVERTISEMENT

കോഴിക്കോട്∙ അത്യാധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ  പ്രധാന കെട്ടിടങ്ങൾ ഉടൻ പൊളിക്കും. ഇതിനു മുന്നോടിയായി ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്നു ള്ള റിസർവേഷൻ കേന്ദ്രം ഉൾപ്പെടെയുള്ള ഓഫിസുകൾ താൽക്കാലികമായി നാലാം പ്ലാറ്റ്ഫോമിൽ‌ പാഴ്സൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റും. 

റെയിൽവേ സ്റ്റേഷന്റെ മുഖഛായ അപ്പാടെ മാറ്റുന്ന പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത് 450 കോടി രൂപയാണ്. നിലവിലുള്ള കെട്ടിടങ്ങളിൽ 90 ശതമാനവും പൊളിച്ചുറ്റും.   ഇതിന്റെ ഭാഗമായി ഒന്നും നാലും പ്ലാറ്റ്ഫോമുകളിൽ 5 നില കെട്ടിടങ്ങൾ ഉയരും. ഇതിൽ 2 നിലകളും യാത്രക്കാരുടെ ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കുക.

ബാക്കി 3 നിലകളും വാണിജ്യാവശ്യങ്ങൾക്ക് വിട്ടുകൊടുക്കും. ഇവിടെ ഷോപ്പിങ് മാൾ മുതൽ മൾട്ടിപ്ലക്സ് വരെ ഒരുക്കാനുള്ള സൗകര്യമുണ്ടാവും. പദ്ധതിപ്രകാരമുള്ള 20 ശതമാനം പ്രവൃത്തികൾ ഇതിനോടകം  പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം നാലാം പ്ലാറ്റ്ഫോമിനു പുറത്താണ്. 

മൾട്ടി ലവൽ പാർക്കിങ് പ്ലാസ, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകൾ, ഹെൽത്ത് യൂണിറ്റ് എന്നിവയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് മൾട്ടി ലവൽ പാർക്കിങ് പ്ലാസകളാണ് വരുന്നത്.  ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് 5 നിലകളിൽ പണിയുന്ന പാർക്കിങ് പ്ലാസയിൽ 172 കാറുകളും 648 ബൈക്കുകളും പാർക്കു ചെയ്യാം.  നാലാം പ്ലാറ്റ്ഫോമിനു പുറത്ത് ആറ് നിലകളിൽ പണിയുന്ന പാർക്കിങ് പ്ലാസയിൽ 252 കാറുകളും 588 ബൈക്കുകളും പാർക്കു ചെയ്യാം. രണ്ടിടത്തും ലിഫ്റ്റ് സൗകര്യമുണ്ട്. അതോടൊപ്പം രണ്ടിലെയും രണ്ടാം നിലയിൽനിന്ന് ആകാശപാതയിലൂടെ നേരിട്ട് റെയിൽവേ സ്റ്റേഷനിലെത്താനുമാകും.

നവീകരണത്തിന്റെ ഭാഗമായി നാലാം പ്ലാറ്റ്ഫോമിനു പുറത്ത് കെ–റെയിൽ പാതയ്ക്ക്  പ്രത്യേക സ്ഥലം മാറ്റിവയ്ക്കുന്നുണ്ട്. കെ–റെയിലിന്റെ കോഴിക്കോട് സ്റ്റേഷൻ ഭൂമിക്കടിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനു പുറത്താണ് ഇതിനായി സ്ഥലം നീക്കിവയ്ക്കുന്നത്.

കെ–റെയിൽ വരുംവരെ ഈ സ്ഥലം പാർക്കിങ്ങിനു പ്രയോജനപ്പെടുത്തും. 87 കാറുകളും 604 ഇരുചക്രവാഹനങ്ങളും ഇവിടെ പാർക്കു ചെയ്യാമെന്നാണ് കണക്കുകൂട്ടൽ. ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് ലഭിക്കുന്ന മറ്റൊരു പുതിയ പാർക്കിങ് കേന്ദ്രത്തിൽ 77 കാറുകളും 246 ഇരുചക്രവാഹനങ്ങളും പാർക്കു ചെയ്യാനാകും.

ജീവനക്കാർക്ക് പ്രത്യേക പാർക്കിങ് സൗക്യവുമുണ്ടായിരിക്കും. പ്രീ പെയ്ഡ് ഓട്ടോകൾക്കും ടാക്സികൾക്കും ഒന്നും നാലും പ്ലാറ്റ്ഫോമുകൾക്കു പുറത്ത് പ്രത്യേക കൗണ്ടറുകൾ തുറക്കും. രണ്ടിടത്തും 55 വീതം ഓട്ടോ റിക്ഷകൾക്കും 56 ടാക്സികൾക്കും പാർക്കിങ് സൗകര്യമുണ്ടാകും.

ഒന്നും നാലും പ്ലാറ്റ്ഫോമുകൾ നിലവിലുള്ള 10 മീറ്റർ വീതിയിൽനിന്ന് 26 മീറ്ററിലേക്കു മാറും. എന്നാൽ, ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളം 120 മീറ്ററിലേക്ക് ചുരുങ്ങും. പൊതുജനങ്ങൾ ബന്ധപ്പെടാത്ത വിവിധ റെയിൽവേ ഓഫിസുകൾക്കായി നാലാം പ്ലാറ്റ്ഫോമിനു പുറത്ത് 1222 ചതുരശ്ര മീറ്ററിൽ 3 നില കെട്ടിടമുയരും. 2 പുതിയ സബ്സ്റ്റേഷനുകളാണ് സ്റ്റേഷനിൽ സ്ഥാപിക്കുക.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തോടനുബന്ധിച്ച് വലിയങ്ങാടി മുതൽ ഫ്രാൻസിസ് റോഡുവരെ നിർമിക്കുന്ന 4 വരി പാതയുടെ ഭാഗമായി ഫ്രാൻസിസ് റോഡു ഭാഗം താൽക്കാലികമായി തുറന്നപ്പോൾ.         ചിത്രം: മനോരമ
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തോടനുബന്ധിച്ച് വലിയങ്ങാടി മുതൽ ഫ്രാൻസിസ് റോഡുവരെ നിർമിക്കുന്ന 4 വരി പാതയുടെ ഭാഗമായി ഫ്രാൻസിസ് റോഡു ഭാഗം താൽക്കാലികമായി തുറന്നപ്പോൾ. ചിത്രം: മനോരമ

 ഇതിലൊന്ന് റെയിൽവേ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിലെ ആവശ്യങ്ങൾക്കും മറ്റൊന്ന് സ്റ്റേഷനിലെ ആവശ്യങ്ങൾക്കുമായിരിക്കും. ജീവനക്കാർക്കായി 144 പുതിയ ക്വാർട്ടേഴ്സുകളാണ് സ്റ്റേഷനു പടിഞ്ഞാറു ഭാഗത്ത് നിർമിക്കുന്നത്. 5 ബ്ലോക്കുകളായാണ് ഇവ നിർമിക്കുന്നത്. 8 നിലകളുള്ള മൂന്നെണ്ണവും നാലും മൂന്നും നിലകളോടെ ഓരോന്നു വീതവുമായിരിക്കും ഇത്. 

വലിയങ്ങാടി–ഫ്രാൻസിസ് റോഡ് 4 വരിയിൽ 

റെയിൽവേ സ്റ്റേഷനു പടിഞ്ഞാുഭാഗത്ത് വലിയങ്ങാടിയെയും ഫ്രാൻസിസ് റോഡിനെയും ബന്ധിപ്പിക്കുന്ന 650 മീറ്ററിൽ 4 വരിപ്പാതവരും. നാലാം പ്ലാറ്റ്ഫോമിനു പുറത്ത് 4 പുതിയ പാതകൾ നിർമിക്കാനാവശ്യമായ സ്ഥലം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന റെയിൽവേ കളിക്കളം നഷ്ടപ്പെട്ടെങ്കിലും പുതിയ റിക്രിയേഷൻ ഏരിയ വരുന്നത് 5502 ചതുരശ്ര മീറ്ററിലാണ്. 445.95 കോടി രൂപയുടെ നവീകരണ പദ്ധതിയുടെ കരാറുകാർ സേലത്തെ റാങ്ക് പ്രോജക്ട്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. 2023 നവംബർ 24നാണ് പ്രവൃത്തി ആരംഭിച്ചത്. 2026 ഡിസംബറിൽ പൂർത്തിയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com