ADVERTISEMENT

കോഴിക്കോട്∙ ബാർ ഹോട്ടലിലെ തർക്കത്തെ തുടർന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തടമ്പാട്ട്താഴം സ്വദേശി പി.ടി.മഷൂദ് (20), ചാപ്പയിൽ സ്വദേശി കെ.ടി.അറഫാൻ (പുള്ളി – 22) എന്നിവരാണ് അറസ്റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവിളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.വി.ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബാറിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾക്കായി സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. 

സംഭവത്തിനുശേഷം കരുവശ്ശേരി, വേങ്ങേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മഷൂദിന്റെ രഹസ്യകേന്ദ്രത്തെകുറിച്ച് ഡെപ്യൂട്ടി കമ്മിഷണറിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കിൽ വരികയായിരുന്ന മഷൂദിനെ കക്കുഴിപാലത്തിന് സമീപം പൊലീസ് തടഞ്ഞുവെങ്കിലും പ്രതി ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചു. ഊടുവഴികളിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്ന് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. 

അരീക്കാടുള്ള വാടകവീട്ടിൽ നിന്നാണ് അറഫാൻ പിടിയിലായത്. മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അറഫാനെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാറന്റ് നിലവിലുണ്ട്. കാപ്പ ചുമത്തി ജയിലിലായിരുന്ന അറഫാൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മഷൂദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, പി.സജേഷ്കുമാർ, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത് ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, അസി. സബ് ഇൻസ്പെക്ടർ കെ.ടി.മുഹമ്മദ് സബീർ, സീനിയർ സിപിഒമാരായ ജിതേന്ദ്രൻ, അരുൺകുമാർ, വിജീഷ്, ഉല്ലാസ്, സൈബർ വിദഗ്ധരായ സബ് ഇൻസ്പെക്ടർ ഹരിദാസ്, സിപിഒ പി.പി.ദിവ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com