ADVERTISEMENT

കോഴിക്കോട് ∙ ദേശീയപാത ആറുവരിയാക്കുന്ന നിർമാണം ഇഴഞ്ഞു നീങ്ങുന്നതോടെ അഴിയാക്കുരുക്കാണ് വെങ്ങളം മുതൽ വടകര വരെ. കോഴിക്കോട്ടു നിന്നു വടകരയിലേക്ക് ഒരു മണിക്കൂറും 10 മിനിറ്റു കൊണ്ടും എത്താമായിരുന്നു. ഇപ്പോൾ 2 മുതൽ രണ്ടര മണിക്കൂർ വരെയാണ് വേണ്ടിവരുന്നത്.പല ഭാഗത്തും ദേശീയപാത വികസനം നാട്ടുകാരെ വെള്ളക്കെട്ടിലാക്കി. മഴ പെയ്യുമ്പോഴേക്കും പെരുമാൾപുരം, മൂരാട്, പയ്യോളി അങ്ങാടികളെല്ലാം വെള്ളക്കെട്ടിലാണ്. 

ദേശീയപാതയിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വലിയ കുഴി.
ദേശീയപാതയിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വലിയ കുഴി.

റോഡിനോട് ചേർന്ന ഇടറോഡുകളിൽ നിന്നു വെള്ളം ഒഴിഞ്ഞു പോകുന്നില്ല.വെങ്ങളം ജംക്‌ഷനിൽ സർവീസ് റോഡുകളുടെ തകർച്ച തുടങ്ങുന്നു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡിൽ ചെറുതും വലുതുമായ 19 കുഴികളുണ്ട്. പൂക്കാട് അങ്ങാടിയിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് തുടങ്ങിയ ഗതാഗത തടസ്സം അരമണിക്കൂറിലേറെ നീണ്ടു. രോഗിയുമായി പോയ ആംബുലൻസ് ഉൾപ്പെടെ കുരുക്കിൽ കുടുങ്ങി.സർവീസ് റോഡിന്റെ ഒരു ഭാഗത്ത് പൂർണമായും ചെളി നിറഞ്ഞു. 

തിക്കോടി ഭാഗത്ത് സർവീസ് റോഡിലെ വെള്ളക്കെട്ട്.
തിക്കോടി ഭാഗത്ത് സർവീസ് റോഡിലെ വെള്ളക്കെട്ട്.

ഇതിലാണ് ഓട്ടോറിക്ഷകൾ നിർത്തുന്നത്. റോഡരികിലെ കുഴികൾ നികത്തിയാൽ ഓട്ടോറിക്ഷകൾ കുറച്ചു കൂടി അരികുചേർത്ത് നിർത്താം. ചേമഞ്ചേരി പഞ്ചായത്ത് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ഇവിടത്തെ ഗതാഗത തടസ്സം ഉൾപ്പെടെ ചർച്ച ചെയ്ത യോഗത്തിൽ റോഡിലെയും അരികിലെയും കുഴികൾ നികത്തേണ്ട ആവശ്യം ഓട്ടോ യാത്രക്കാർ ഉന്നയിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാമെന്നാണ് അധികൃതർ നൽകിയ മറുപടിയെന്നു ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. 

വടകര പുതിയ ബസ് സ്റ്റാൻഡിനു മുൻവശത്ത് മേൽപാലത്തിന്റെ പൂർത്തിയാവാത്ത തൂണുകൾ.
വടകര പുതിയ ബസ് സ്റ്റാൻഡിനു മുൻവശത്ത് മേൽപാലത്തിന്റെ പൂർത്തിയാവാത്ത തൂണുകൾ.

ചെങ്ങോട്ടുകാവിൽ റോഡിൽ വൻ കുഴികളാണ്.  പഴയ റെയിൽവേ ഗേറ്റിനു സമീപം മുതൽ നന്തി ബസാർ വരെ ദേശീയപാത നിർമാണം ആരംഭിച്ചെങ്കിലും 20% പോലും പൂർത്തിയായിട്ടില്ല. നന്തിയിൽ നിന്ന് ദേശീയപാതയുടെ സർവീസ് റോഡ് തുടങ്ങുന്നത് കുഴികളിലൂടെ. ഇവിടെ റോഡ്  ഉഴുതുമറിച്ച നിലയിലാണ്. അശാസ്ത്രീയനിർമാണമാണ് ഇതിനെല്ലാം കാരണമായതെന്നു നാട്ടുകാർ പറഞ്ഞു.പയ്യോളി ബസ് സ്റ്റാൻഡിനു മുൻവശത്ത് 200 മീറ്ററിലേറെ റോഡ് പൂർണമായും തകർന്നു. 

ഒരു കുഴിയിൽ നിന്നു കയറുന്നത് അതിലും വലിയ കുഴിയിലേക്കാണ്. മൂന്നിടത്ത് റോഡിൽ വെള്ളക്കെട്ടാണ്. അയനിക്കാടിനു സമീപം നടപ്പാതയിൻ രണ്ടിടത്ത് സ്ലാബ് ഓടയിലേക്ക് വീണു കിടക്കുന്നു. അയനിക്കാട് റോഡിൽ നിറയെ ചെളിവെള്ളമാണ്. വാഹനം പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നു.ഇരിങ്ങലിൽ 200 മീറ്ററോളം ഭാഗത്ത് ഒരു റോഡു മാത്രമാണുള്ളത്. 

ഇവിടെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ സമയമില്ല. ഇരിങ്ങൽ അടിപ്പാത മുതൽ 100 മീറ്റർ റോഡ് ഉഴുതുമറിച്ച പരുവത്തിലാണ്. പുതുപ്പണത്തു പൊലീസ് സൂപ്രണ്ട് ഓഫിസിന് സമീപം മുതൽ വടകര വരെ ബൈപാസ് നിർമാണം തുടങ്ങിയിടത്തു തന്നെയാണ്. ചില ദിവസങ്ങളിൽ മാത്രമാണ് പ്രവൃത്തി നടക്കുന്നത്. 

വടകര പുതിയ ബസ് സ്റ്റാൻഡിന് മുൻവശം മുതൽ വീതി കുറഞ്ഞ സർവീസ് റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ലെന്നാണ് നാട്ടുകാർ പറഞ്ഞു. ചില ഭാഗങ്ങളിൽ മാത്രമാണ് സർവീസ് റോഡുള്ളത്. വടകരയ്ക്കു സമീപം പല ഭാഗത്ത് സർവീസ് റോഡുകൾ കൂട്ടിമുട്ടിക്കാത്തതും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. 

ലിങ്ക് റോഡ് ജംക്‌ഷനിൽ കുഴികളുടെ നീണ്ട നിരയാണ്. ഇവിടെ 2 കിലോമീറ്ററോളം ഭാഗം സർവീസ് റോഡ് തകർന്നിട്ടുണ്ട്.ചോറോട് റോഡിന്റെ ഒരു ഭാഗത്ത് വൻ വെള്ളക്കെട്ടാണ്. വടകര പഴയ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ പെരുവാട്ടിൻതാഴത്തു നിന്നു തിരിഞ്ഞാണ് പോകുന്നത്. അവിടെയും ഗതാഗത തടസ്സമുണ്ട്. ചോറോട് പാലത്തിൽ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ കുടങ്ങുന്നു.

കൈനാട്ടി, പെരുവാട്ടിൻ താഴം തുടങ്ങിയ ഭാഗങ്ങളിൽ പാലത്തിന്റെ സ്ട്രക്ചർ മാത്രമാണുള്ളത്. മറ്റു പ്രവൃത്തികളൊന്നും നടക്കുന്നില്ല. മുക്കാളിയിലും മൂരാട്ടും റോഡിന്റെ ഒരു ഭാഗത്ത് കോൺക്രീറ്റ് ചെയ്ത സംരക്ഷണ ഭിത്തി പൂർണമായും ഇടിഞ്ഞിട്ടുണ്ട്. 50 മീറ്ററോളം നീളത്തിലും 10 മീറ്ററോളം ഉയരത്തിലുമുള്ള സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞയാഴ്ച മണ്ണുൾപ്പെടെ ഇടിഞ്ഞു റോഡിലേക്ക് പതിച്ചത്. കനത്ത മഴയിൽ കൂടുതൽ ഭാഗം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com